ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ലെന്ന് കരൺ ജോഹർ; മാപ്പ് പറഞ്ഞ് ഹാസ്യതാരം

തന്നെ ഇത്രയും മോശമായി ആരും അനുകരിച്ചിട്ടില്ലെന്ന് അവതാരകനും സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. കഴിഞ്ഞ 25 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് ആദ്യമായിട്ടാണ്. ഇതു തന്നെ ഒരുപാട് വേദനിപ്പിച്ചു; കരൺ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

ഒരു ടെലിവിഷൻ ചാനലിലെ ഹാസ്യ പരിപാടിയിലാണ് ഹാസ്യതാരം കേത്തന്‍ സിങ് കരണിനെ അനുകരിച്ചത്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയാണ് ഇതില്‍ അനുകരിച്ചിരിക്കുന്നത്.

'ഞാന്‍ എന്റെ അമ്മക്കൊപ്പമിരുന്നു ടിവി കാണുകയായിരുന്നു. അപ്പോഴാണ് പ്രമുഖ ചാനലിലെ ഒരു റിയാലിറ്റി ഷോയുടെ പ്രമോ കാണുന്നത്. ഒരു ഹാസ്യതാരം എന്നെ വളരെ മോശം രീതിയില്‍ അനുകരിച്ചു. ഞാൻ ഇത്തരത്തിൽ പ്രതീക്ഷിക്കുന്നത് ട്രോളുകളില്‍ നിന്നും മുഖവും പേരുമില്ലാത്തവരില്‍ നിന്നുമാണ്. പക്ഷേ 25 വര്‍ഷമായി ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്നുതന്നെ ഇങ്ങനെയൊരു അപമാനം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഇതില്‍ ദേഷ്യമല്ല പകരം സങ്കടമാണ് ഉണ്ടായത്'- കരൺ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

കരൺ ജോഹറിന്റെ വാക്കുകൾ വൈറലായതോടെ ക്ഷമാപണം നടത്തി ഹാസ്യതാരം കേത്തന്‍ സിങ് എത്തി. താന്‍ കരണിന്റെ വലിയ ആരാധകനാണെന്നും തന്റെ പ്രവൃത്തി വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

'ഞാൻ കരൺ ജോഹർ സാറിനോട് ക്ഷമ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കോഫി വിത്ത് കരൺ എന്ന ഷോയാണ് ഞാൻ അനുകരിച്ചത്. ആദ്യമേ പറയട്ടെ ഞാൻ ആ ഷോയുടെ സ്ഥിരം പ്രേക്ഷകനും അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനുമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനി നിരവധി പ്രവശ്യം കണ്ടു. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. എന്റെ ലക്ഷ്യം അദ്ദേഹത്തെ വേദനിപ്പിക്കുക എന്നതായിരുന്നില്ല. എന്നാൽ എന്റെ പ്രവൃത്തി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം'-കേത്തന്‍ സിങ് പറഞ്ഞു.

Tags:    
News Summary - After Karan Johar slams artist for mimicking him, comedian Kettan Singh apologises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.