ആദിത്യ നാരായൺ, ഉദിത് നാരായൺ

‘ചെറുപ്പത്തിൽ അച്ഛൻ ഒരുപാട് തല്ലുമായിരുന്നു, മാസത്തിൽ മൂന്നുദിവസം മാത്രമാണ് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നത്’; ഉദിത് നാരായണിനെക്കുറിച്ച് മകൻ ആദിത്യ

രാജ്യത്തെ പിന്നണിഗായകരിൽ അതിപ്രശസ്തനാണ് ഉദിത് നാരായൺ. മകൻ ആദിത്യ നാരായൺ ഗായകനും അവതാരകനുമാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്‍റെ ചെറുപ്പകാല ഓർമകളും പിതാവുമായുള്ള അനുഭവങ്ങളും പങ്കുവച്ചിരിക്കുകയാണ് ആദിത്യ.

ആദിത്യ നാരായൺ തന്‍റെ അഞ്ചാം വയസ്സു മുതൽതന്നെ സമ്പാദിക്കാൻ തുടങ്ങിയിരുന്നു. ഉദിത് നാരായണന്‍റെ സംഗീതാഭിരുചി മകനും ചെറുപ്പം മുതലേ ഉണ്ടായിരുന്നു. 1998ൽ സൽമാൻ ഖാനോടൊപ്പം ‘ജബ് പ്യാർ കിസീസെ ഹോത്താഹെ' എന്ന ചിത്രത്തിലൂടെയാണ് ആദിത്യ പ്രേക്ഷകർക്ക് സുപരിചിതനാവുന്നത്. ഈ ചിത്രത്തിൽ നിന്ന് 3.5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചിരുന്നു. തുക തന്‍റെ ലണ്ടനിലെ ഉപരിപഠനത്തിനായ് താരം മാറ്റിവയ്ക്കുകയായിരുന്നു.

ഭാരതി ടി.വി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആദിത്യ. താൻ ഏതു വർഷമാണ് 12 ഗ്രേഡ് പാസായതെന്നുപോലും അദ്ദേഹത്തിന് അറിവുണ്ടാവില്ലെന്ന് ആദിത്യ പറഞ്ഞു. ‘ലണ്ടനിൽ പഠിക്കുമ്പോൾ ആദ്യമായാവും അച്ഛൻ എന്‍റെ വിദ്യഭ്യാസത്തിനായ് പണം ചിലവാക്കിയിട്ടുണ്ടാവുക. ഞാൻ അധികം കാശൊന്നും ചെലവാക്കാതെയാണ് സ്കൂൾ കോളജ് വിദ്യഭ്യാസം പൂർത്തിയാക്കിയത്. ഒരു വർഷം ആകെ 1800 രൂപ സ്കൂൾ ഫീ അടച്ചത് എനിക്ക് ഓർമയുണ്ട്. അതൊന്നും എന്‍റെ അച്ഛൻ അറിഞ്ഞിട്ടുണ്ടാവില്ല. ഞാൻ 12 ഗ്രേഡ് പാസായ വിവരം പോലും അദ്ദേഹം അറിഞ്ഞുകാണില്ല’ - ആദിത്യ പറഞ്ഞു.

ഒരിക്കൽ എന്നോട് കാര്യങ്ങൾ ചോദിച്ചറിയുന്ന കൂട്ടത്തിലാണ് ഞാൻ 12-ാം ക്ലാസ് പാസായ കാര്യം അദ്ദേഹം അറിയുന്നത്. അതറിഞ്ഞ് അദ്ദേഹം ഞെട്ടി. നീയിത് എങ്ങനെ മാനേജ് ചെയ്തെന്ന് അദ്ദേഹം ചോദിച്ചു, പാടാനുള്ള കഴിവുവെച്ച് കൾച്ചറൽ ക്വാട്ട വഴി ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതായി ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ലണ്ടനിൽ പഠിക്കാനുള്ള ചെലവിനായാണ് ഞാൻ അച്ഛനോട് പണം ആവശ്യപ്പെട്ടത്. അവിടെ ഒരു മാസം താമസിക്കാൻ മാത്രം 800 പൗണ്ട് വേണമായിരുന്നു. അത് എനിക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാൻ സാധിക്കാതിരുന്നതിനാൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

അദ്ദേഹം ഒരു സ്നേഹധനനല്ലെങ്കിലും കർക്കശക്കാരനായ പിതാവായിരുന്നു. 18 വയസ്സാകുന്നവരെ അച്ചടക്കം പഠിപ്പിക്കാൻ അച്ഛൻ എന്നെ തല്ലിയിട്ടുണ്ട്. ഒരുപാട് തല്ലുകിട്ടിയാണ് ഞാൻ വളർന്നതും. പ‍ക്ഷെ അത് നോർമൽ ആയിട്ടുള്ള ഒരു കാര്യമായിരുന്നു. എന്‍റെ സുഹൃത്തുക്കളുടെ ഇടയിൽ ആർക്കാണ് ഏറ്റവും കൂടുതൽ തല്ലു കിട്ടാറെന്ന് ഞങ്ങൾ കണക്കെടുക്കാറുണ്ടായിരുന്നു. എന്നെ സ്നേഹിക്കുമ്പോഴും അച്ചടക്കത്തോടെ വളരുകയെന്നതിനും അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു. കാലമൊരുപാട് മാറിയില്ലേ. ഇന്ന്, നിങ്ങളുടെ കുട്ടികൾക്കു നേരെ കൈ ഉയർത്താൻ നിങ്ങൾക്ക് കഴിയില്ല’ -അദ്ദേഹം പറഞ്ഞു.

എന്‍റെ കൂടെ വളരെ കുറച്ച് സമയം മാത്രമെ അച്ഛൻ ചെലവഴിച്ചിരുന്നുള്ളൂ. മാസത്തിൽ മൂന്നോ നാലോ തവണ മാത്രമായിരുന്നു അത്. പക്ഷെ ആ കുറഞ്ഞ ദിവസങ്ങൾ അദ്ദേഹം തന്നെ സ്നേഹിക്കാനും അച്ചടക്കം പഠിപ്പിക്കാനും കൂടെയുണ്ടാവുമായിരുന്നു എന്ന് ആദിത്യ ഓർമിച്ചു. അദ്ദേഹം ഒരിക്കൽപോലും എന്‍റെ അംഗീകാരങ്ങളെ പ്രശംസിച്ചിട്ടില്ല. പക്ഷേ, അതായിരുന്നു ഇന്നത്തെ നിലയിൽ എന്നെ എത്തിക്കാൻ കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പാരന്‍റിങ് വിജയിച്ചു എന്ന് പറയാം’ - ആദിത്യ കൂട്ടിച്ചേർത്തു.

ബാല്യത്തെക്കുറിച്ച് ഓർക്കുമ്പോൾ, പിതാവിന്റെ സ്നേഹം ട്രോമക്ക് കാരണമായേക്കാമെങ്കിലും അതിനെ വ്യത്യസ്തമായി കാണാനാണ് താൻ തീരുമാനിച്ചതെന്ന് ആദിത്യ പറഞ്ഞു. ‘അയ്യോ, എന്റെ അച്ഛൻ എന്നെ ഒരുപാട് അടിച്ചേ.. എന്ന് പറഞ്ഞുകൊണ്ട് എനിക്ക് വിഷമിച്ച് ഇരിക്കാമായിരുന്നു. അല്ലെങ്കിൽ അങ്ങനെ ചെയ്യാതിരിക്കാമായിരുന്നു. വാത്സല്യത്തിൽനിന്ന് വരുന്ന ഒന്നായി അതിനെ കാണാനാണ് ഞാൻ തീരുമാനിച്ചത്. അദ്ദേഹം എനിക്ക് ഏറ്റവും നല്ലത് വരണമെന്നാണ് ആഗ്രഹിച്ചത്. അതിന് ശരിയെന്ന് തോന്നിയത് ചെയ്യുകയും ചെയ്തു’ -ആദിത്യ പറഞ്ഞു.

Tags:    
News Summary - Aditya Narayan recalls being beaten up by dad Udit Narayan, says they met only 3 days a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.