എല്ലാ സീറ്റും കാലി, ഏതിലിരിക്കും; ആദിപുരുഷ് കാണാൻ തീയറ്ററിൽ എത്തിയ ഹനുമാൻ -ട്രോൾ

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഹനുമാനുവേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറക്കാർ പ്രഖ്യാപിച്ചത് ട്രോളുകൾക്ക് കാരണമായിരുന്നു. സംവിധായകന്റെ നിർദേശത്തെ തുടർന്ന് തീയറ്റർ ഉടമകൾ സീറ്റ് ഒഴിച്ചിടാനും തീരുമാനിച്ചിരുന്നു. എന്നാലി​പ്പോൾ സിനിമ വമ്പൻ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നതായാണ് വിവരം. ഇതോടെ ഹനുമാനും സീറ്റും വീണ്ടും ട്രോളുകളിൽ നിറയുകയാണ്. ആദിപുരുഷ് കാണാൻ തീയറ്ററിൽ എത്തിയ ഹനുമാൻ കൺഫ്യുഷനിലാണെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ. മുഴുവന്‍ സീറ്റും ഹനുമാനുവേണ്ടി ഒഴിച്ചിട്ടു എന്നും ട്രോളുകളുണ്ട്.

നേരത്തേ ഹൈദരാബാദില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനിടെ ഹനുമാന് വേണ്ടിയുള്ള സീറ്റിൽ ഇരുന്നയാള്‍ക്ക് മര്‍ദ്ദനവും ഏറ്റിരുന്നു. ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം, സംഭാഷണം എന്നിവയ്‌ക്കെതിരെ പല ഭാഗങ്ങളിൽ നിന്നായി വിമർശനങ്ങൾളും ട്രോളുകളും ഉണ്ടായിരുന്നു. ആദിപുരുഷിന്റെ സ്ക്രീനിങ്ങ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്‌ഗഢിലെ ചില ജില്ലകളിൽ പ്രതിഷേധം നടന്നു. രാമായണത്തിന്‍റെ വികലമായ ചിത്രീകരണമാണെന്നാരോപിച്ച് 'ആദിപുരുഷി'ന്‍റെ പ്രദർശനം തടഞ്ഞ് ഹിന്ദുത്വ സംഘടനയും രഗേത്തുവന്നു. മുംബൈ നല്ലസോപര കാപിറ്റൽ മാളിലെ തിയറ്ററിലാണ് സംഭവം. രാഷ്ട്ര പ്രഥം എന്ന സംഘടനയുടെ പ്രവർത്തകരാണ് തിയറ്ററിൽ കടന്ന് പ്രദർശനം നിർത്തിവെപ്പിച്ചത്.

രാത്രി എട്ടിന് ആരംഭിച്ച പ്രദർശനത്തിനിടെ രാഷ്ട്ര പ്രഥം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ തിയറ്ററിനകത്ത് പ്രവേശിക്കുകയായിരുന്നു. സിനിമക്കെതിരെയും നിർമാതാക്കൾക്കെതിരെയും മുദ്രാവാക്യം മുഴക്കിയ ഇവർ, ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് പ്രദർശനം നിർത്തിവെക്കുകയായിരുന്നു.


ഹിന്ദു പുരാണമായ രാമായണമാണ് ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന്‍റെ ഇതിവൃത്തം. തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റ് മാറ്റിവെക്കും തുടങ്ങിയ പ്രസ്താവനകളിലൂടെ സിനിമ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ, പുരാണ കഥാപാത്രങ്ങളെ വികലമായാണ് ചിത്രീകരിച്ചതെന്ന് കാട്ടി ഏതാനും ഹിന്ദുത്വ സംഘടനകൾ തന്നെ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

അയൽരാജ്യമായ നേപ്പാളിൽ രണ്ടിടത്ത് ആദിപുരുഷിന് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. കാഠ്മണ്ഡുവിലും പൊഖാറയിലുമാണ് വിലക്ക്. എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദർശനം നിർത്തിവെക്കാനാണ് നീക്കം. 'ആദിപുരുഷി'ൽ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപ്പാളിൽ വിവാദമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ രാജ്യത്ത് ഉയർന്നത്.

വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങള്‍.

Tags:    
News Summary - Adipurush Prabhas’ film inspires funny memes and trolls Internet is having a field day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.