ആദ ശർമ
കേരളത്തിനകത്തും പുറത്തും ഏറെ വിവാദം സൃഷ്ടിച്ച ഒരു ഹിന്ദി സിനിമയാണ് 'ദി കേരള സ്റ്റോറി'. മലയാളികൾ ഇത്രയധികം വിമർശിച്ച മറ്റൊരു സിനിമ ഇല്ലെന്നുതന്നെ പറയാം. കേരളത്തിന്‍റെ സംസ്കാരത്തെയും മതേതരത്വത്തെയും താളം തെറ്റിക്കുന്ന തരത്തിലുള്ള വിദ്വേഷപരമായ ആശയങ്ങളാണ് ഈ സിനിമ കൈമാറുന്നത് എന്നായിരുന്നു പരക്കെയുള്ള വിമർശനം. ദി കേരള സ്റ്റോറി യാഥാർഥ്യത്തിൽ പച്ചയായ കേരള വിരുദ്ധ സ്റ്റോറിയാണെന്ന് വിമർശനമുയർന്നിരുന്നു.
ചിത്രത്തിലെ നായിക കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ഹിന്ദി താരം ആദ ശർമ്മയാണ്. ചിത്രത്തിലെ താരത്തിന്‍റെ അഭിനയത്തിനും മലയാളിയായുള്ള വേഷ വിതാനങ്ങൾക്കും ഭാഷാ ശൈലിക്കും വലിയ വിമർശനങ്ങളാണ് ഉയർന്നത്. കേരള സ്റ്റോറിയിൽ അഭിനയിച്ചതുകാരണം താൻ നേരിട്ട ഭീഷണികളെയും വിവാദങ്ങളെയും കുറിച്ച് സംസാരിക്കുകയായിരുന്നു നടി. 'ആ സിനിമയിൽ അഭിനയിച്ചതിന് അവരെന്നെ കൊല്ലാൻ ആഗ്രഹിച്ചു, എന്നാൽ മറ്റുചിലർ എന്നെ സംരക്ഷിക്കാനും; കേരള സ്റ്റോറിയെകുറിച്ച് നായിക ആദ ശർമ്മ' അവർ പറഞ്ഞു. എന്നിരുന്നാലും തന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണിതെന്നും താരം കൂട്ടിച്ചേർത്തു. ഇത്ര വിവാദങ്ങൾ നിറഞ്ഞു നിന്നിട്ടും ദേശീയ അവാർഡ് ചിത്രം കരസ്തമാക്കിയതിനെ കുറിച്ചും വലിയ ചർച്ചകൾ ഉയർന്നിരുന്നു. തെക്കൻ മേഖലയിൽ പ്രത്യേകിച്ച് കേരളത്തിൽ വിവാദമായ ചിത്രത്തിന് വടക്കേ ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
"ഞാൻ '1920' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അത് ഇപ്പോഴും എന്റെ കരിയറിലെ കരുത്തുറ്റ സിനിമയാണെന്ന് ഞാൻ കരുതുന്നു. സിനിമ മേഖലയിൽ ആളുകൾ എന്നെ ശ്രദ്ധിക്കാനും പിന്നീടുള്ള സിനിമകൾ ഞാൻ തിരഞ്ഞെടുക്കാനും ഈ ചിത്രം കാരണമായിട്ടുണ്ട്." ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആദ പറഞ്ഞു.
'റീത്ത സന്യാൽ സീസൺ 2' എന്ന പുതിയ ചിത്രത്തിൽ ആദ ടൈറ്റിൽ റോളിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിൽ താൻ ഏറെ പ്രതീക്ഷ വക്കുന്നുണ്ടെന്നും. എല്ലാവർക്കിും സ്വീകാര്യമായ സിനിമയായിരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ആദ പറഞ്ഞു.
താൻ 12 വർഷം കഠിനാധ്വാനം ചെയ്ത് ഇറക്കിയ സിനിമയാണിത്. സിനിമയിൽ പറയുന്ന ഓരോ വാക്കിലും, കാണിക്കുന്ന ഓരോ ദൃശ്യത്തിലും ഉറച്ചുനിൽക്കുന്നുവെന്ന് സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞിരുന്നു. മികച്ച സംവിധാനം, മികച്ച ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ‘ദ കേരള സ്റ്റോറി’യെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.