സലീമ
ആരണ്യകത്തിലെ അമ്മിണിയെ ഓർമയില്ലാത്ത മലയാളികൾ വിരളമായിരിക്കും. ബാല്യത്തിന്‍റെ നിഷ്കളങ്കതയും കൗമാരത്തിന്‍റെ കുസൃതിയും യൗവനത്തിന്‍റെ ലാസ്യതയും ഒന്നിച്ചുചേർത്ത മുഖം. മലയാളികൾക്കും മലയാള സിനിമക്കും അത്രപെട്ടന്ന് സലീമയെ മറക്കാൻ സാധിക്കില്ല. ക്ലാസിക്ക് മലയാള സിനിമയുടെ തനിമയുള്ള ഭാവങ്ങൾ ഉൾക്കൊണ്ട കഥാപാത്രമായിരുന്നു നഖക്ഷതങ്ങളിലെ ലക്ഷ്മി. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ആസിഫ് അലി നായകനായ രേഖാചിത്രം എന്ന സിനിമയിൽ വീണ്ടും താരം അഭിനയിച്ചത്. മനോജ്.കെ.ജയന്റെ ഭാര്യയായാണ് ചിത്രത്തിൽ സലീമ എത്തിയത്. എന്നാലിപ്പോൾ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് താരം കടന്ന് പോകുന്നത്.
മുഖത്തുണ്ടായിരുന്ന ചെറിയ മുറിവ് അവഗണിച്ച സലീമ പിന്നീട് അണപ്പല്ലിലെ പ്രശ്നങ്ങളാലും മോണയിലെ വേദനയും കാരണം ദന്ത ഡോക്ടറെ സമീപിക്കുകയായിരുന്നു. മുറിവ് കണ്ടപ്പോൾ തന്നെ ഡോക്ടർ ബയോപ്സി ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരിശോധനയിൽ ലിംഫ് നോഡ്സിലും പ്രശ്നം കണ്ടു. ബയോപ്സി റിസൾട്ടി കാർസിനോമ എന്ന ഓറൽ കാൻസറാണെന്ന് കണ്ടെത്തി. കഴുത്തിലെ ലിംഫ് നോഡുകളിലേക്കും രോഗം പടർന്നതിനാൽ വിദഗ്ധ ചികിത്സക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് സലീമയെ. അധികം വൈകാതെ ഒരു ശസ്ത്രക്രിയ നടത്തിയാൽ വായിലെ കാൻസർ നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പക്ഷെ വലിയൊരു തുക ചികിത്സക്കും ശസ്ത്രക്രിയക്കും ആവശ്യമായി വരും. തുടർ ചികിത്സക്കായി 20 ലക്ഷത്തിന് അടുത്ത് രൂപ വേണം.
ഇത്രയും തുക ചികിത്സക്കായി എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ സൻമനസ്സുകളുടെ സഹായം തേടുകയാണിപ്പോൾ നടി. നടിയുടെ സുഹൃത്തുകൾ ബാങ്ക് അക്കൗണ്ട് തുടങ്ങി സഹായം അഭ്യർഥിക്കുന്നുണ്ട്. നടി ചാർമിള അടക്കമുള്ളവർ സലീമയുടെ അസുഖവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും സാമ്പത്തിക സഹായം നൽകാൻ മനസുള്ളവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.