അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, വിവാദ പ്രതികരണത്തിൽ മാപ്പ് പറഞ്ഞ് നടൻ ശിവജി

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് തെലുങ്ക് നടൻ ശിവാജി. ധണ്ടോര എന്ന ചിത്രത്തിന്‍റെ പ്രീ-റിലീസ് ചടങ്ങിൽ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്നാണ് ശിവാജി ക്ഷമാപണം നടത്തിയത്. താൻ ആരെയും അവഹേളിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. സ്ത്രീകൾ അവരുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന്‌ പറയാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും നടൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് നടൻ ക്ഷമാപണം നടത്തിയത്.

"ഇക്കാലത്ത് നായികമാർ പലപ്പോഴും ദുഷ്കരമായ സാഹചര്യങ്ങളിൽ അകപ്പെടുന്നുണ്ട്. നല്ല വാക്കുകൾ പറയാൻ ശ്രമിച്ചപ്പോൾ,  ചില മോശം വാക്കുകളും ഉപയോഗിച്ചു പോയി. നായികമാർ പുറത്തു പോകുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളിൽ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. ഇന്നലെ രാത്രി നടന്ന പരിപാടിയിൽ ഉപയോഗിച്ച വാക്കുകൾക്ക് ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു." എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ശിവാജി പറഞ്ഞു.

"എൻ്റെ ഉദ്ദേശ്യം നല്ലതായിരുന്നു, പക്ഷേ, ചില വാക്കുകൾ പുറത്തു വരാതിരുന്നെങ്കിൽ നന്നായിരുന്നു. നല്ലത് പറയണം എന്നല്ലാതെ മറ്റൊരാളെയും അപമാനിക്കാനോ അപമാനിക്കാനോ ഉദ്ദേശ്യമുണ്ടായിരുന്നില്ല." എന്നും അദ്ദേഹം പറഞ്ഞു.

ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും താൻ അഭ്യർഥിക്കുകയാണെന്നാണ് ശിവാജി കഴിഞ്ഞ ദിവസം പറഞ്ഞത്. “ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല. ആളുകൾ ചിലപ്പോൾ ഒന്നും തുറന്നുപറയില്ല. കാരണം ഇത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവർ കരുതും. പക്ഷേ, ഉള്ളുകൊണ്ട് അവർ ഇത് ഇഷ്ടപ്പെടണമെന്നില്ല. സ്ത്രീയെന്നാൽ പ്രകൃതി പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കും. ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എന്റെ അമ്മയെ പോലെയാണ് എനിക്ക് സ്ത്രീ.” ഈ പ്രസ്താവനയാണ് വിവാദമായത്.

സിനിമാരംഗത്തെ പ്രമുഖരും ഈ വിഷയത്തിൽ ശിവജിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സംവിധായകൻ രാം ഗോപാൽ വർമ, അഭിനേതാക്കളായ ലക്ഷ്മി മഞ്ജു, മഞ്ജു മനോജ്, അനസൂയ ഭരദ്വാജ് എന്നിവരെല്ലാം നടനെ വിമർശിച്ചു. 

Tags:    
News Summary - Actor Sivaji apologizes for controversial comment, didn't mean to insult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.