ആദ്യ ട്രെയിലറിന്റെ ഔദ്യോഗിക പോസ്റ്റർ
വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ദി ഒഡീസിയുടെ ആദ്യ ട്രെയിലർ പുറത്ത്. ഒരു മിനിറ്റും അമ്പത്തിമൂന്ന് സെക്കണ്ടും ദെെർഘ്യമുള്ള ട്രെയിലർ വിഡിയോയാണ് നിർമാതാക്കൾ പുറത്തുവിട്ടത്. ചിത്രത്തിൽ ഇറ്റാക്കയിലെ രാജാവ് ഒഡീഷ്യസായി മാറ്റ് ഡാമൺ ആണ് എത്തുന്നു. നോളൻറെ ഇന്റർസ്റ്റെല്ലാർ, ഓപ്പൺഹൈമർ എന്നീ ചിത്രങ്ങളിലും മാറ്റ് ഡാമൺ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
ട്രെയിലറിന്റെ ആദ്യ ദൃശ്യങ്ങൾ തന്നെ സിനിമ പ്രേമികൾക്ക് ശ്രദ്ധേയമായ ദൃശ്യാനുഭവം വാഗ്‌ദാനം നൽകുന്നുണ്ട്. ട്രെയിലറിൽ ടെലിമാക്കസായി ടോം ഹോളണ്ടും പെനലോപ്പായി ആൻ ഹാത്വയും ഹ്രസ്വമായി പ്രത്യക്ഷപ്പെടുന്നുണ്ട്. മിക്ക ദൃശ്യങ്ങളും കടലിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതിനാൽത്തന്നെ ഒഡീഷ്യസിന്റെ യാത്ര അതിജീവനത്തിന്റെയും നിരന്തരമായ പോരാട്ടത്തിന്റെയും കഥയെ ഊട്ടിയുറപ്പിക്കുന്നുണ്ട്. ട്രോയിയുടെ പതനം സിനിമയുടെ ആദ്യഭാഗമാണെന്ന സ്ഥിരീകരണവും ട്രെയിലർ നൽകുന്നുണ്ട്.
ട്രെയിലറിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതി കൂടിയാണിത്. പത്തു വർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധത്തിന് ശേഷം ഒഡീഷ്യസ് ഇറ്റാക്കയിൽ മടങ്ങിയെത്തുന്നതാണ് കാവ്യത്തിലെ ഇതിവൃത്തം. ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവഹിച്ച് എമ്മ തോമസിനൊപ്പം നിർമിച്ച പൂർണമായും 'ഐമാക്സ്' കാമറയിൽ ചിത്രീകരിച്ച 'ദി ഒഡീസി' 2026 ജൂലൈ 17ന് തീയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.