ധർമേന്ദ്ര സൽമാൻ ഖാനോടൊപ്പം

'എനിക്ക് നഷ്ടപെട്ടത് പിതൃതുല്യനായ വ്യക്തിയെ' - ധർമേന്ദ്രയുടെ ഓർമകൾ പങ്കുവെച്ച് സൽമാൻ ഖാൻ

നടൻ ധർമേന്ദ്രയുടെ എക്കാലത്തെയും വലിയ ആരാധകനാണ് താനെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള താരമാണ് സൽമാൻ ഖാൻ. ഒരു മുതിർന്ന നടൻ എന്നതിലുപരി അദ്ദേഹത്തോടും അദ്ദേഹത്തിന്‍റെ സിനിമകളോടും തനിക്ക് പ്രത്യേക സ്നേഹം ഉണ്ടെന്നും സൽമാൻ ഖാൻ പറഞ്ഞിട്ടുണ്ട്. ധർമ്മേന്ദ്ര അസുഖ ബാധിതനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ആദ്യം സന്ദർശിച്ചവരിൽ സൽമാനും ഉണ്ടായിരുന്നു. പിന്നീട് ധർമേന്ദ്ര മരിച്ചുവെന്ന വാർത്ത അറിഞ്ഞതോടെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ വേദിയിൽ നിൽക്കെ അദ്ദേഹം പൊട്ടിക്കരഞ്ഞു. താരത്തിന് ധർമേന്ദ്രയോടുള്ള സ്നേഹം ഏറെ ചർച്ചചെയ്യപെട്ട മുഹൂർത്തം കൂടി ആയിരുന്നു അത്.

അടുത്തിടെ നടന്ന ഒരു അന്താരാഷ്ട്ര പരിപാടിക്കിടെ സൽമാൻ വീണ്ടും ധർമേന്ദ്രയെകുറിച്ചു സംസാരിച്ചു. 'എനിക്ക് പിതൃതുല്യനായ ഒരു വ്യക്തിത്വത്തെ നഷ്ടപ്പെട്ടു. ധർമജി, അദ്ദേഹം എനിക്ക് വലിയൊരു പ്രചോദനമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞാൻ എപ്പോഴും അദ്ദേഹത്തെ പിന്തുടർന്നിട്ടുണ്ട്. എന്റെ കരിയറിൽ ഞാൻ എന്തു ചെയ്താലും അദ്ദേഹത്തെ സ്മരിക്കും. ആ പാത പിന്തുടരാൻ ശ്രമിക്കും. തിരക്കഥ തലത്തിൽ ഞാൻ എന്റെ പിതാവിനെ പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്. എനിക്ക് കരിയറിൽ പ്രചോദനമായി ഈ രണ്ട് പേർ മാത്രമേ ഉണ്ടായിട്ടുള്ളൂ' -സൽമാൻ പറഞ്ഞു.

ധർമേന്ദ്രയെക്കുറിച്ച് ഒരിക്കലും മറക്കാൻ കഴിയാത്തത് എന്താണെന്ന ചോദ്യത്തിന്, 'ആ മനുഷ്യൻ, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. വളരെ സ്നേഹ നിധിയായ മനുഷ്യൻ' എന്നായിരുന്നു സൽമാന്‍റെ മറുപടി. ധർമേന്ദ്രയും സൽമാൻ ഖാനും ഒരുപാട് വേദികൾ ഒന്നിച്ച് പങ്കിട്ടിട്ടുണ്ട്. സൽമാനെ തന്റെ മൂന്നാമത്തെ മകൻ എന്നും ധർമേന്ദ്ര വിശേഷിപ്പിച്ചിരുന്നു. ഇത് അവരുടെ ഇടയിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധത്തിന്‍റെ തെളിവാണ്.

മരണശേഷം ധർമേന്ദ്രക്കായി നടത്തിയിരുന്ന പ്രാർഥനയോഗത്തിലും സൽമാൻ പങ്കെടുത്തിരുന്നു. ഡിസംബർ എട്ടിന് 90-ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നവംബർ 24നാണ് ധർമേന്ദ്ര അന്തരിച്ചത്. നവംബർ 25ന് മുംബൈയിൽ വെച്ചായിരുന്നു സംസ്കാരം. അഗസ്ത്യ നന്ദ അഭിനയിക്കുന്ന ഇക്കിസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Tags:    
News Summary - I lost a father figure, Salman Khan shares memories of Dharmendra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.