183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി

മലയാള സിനിമയുടെ ഈ വർഷത്തെ ലാഭ നഷ്ട കണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഈ വര്‍ഷം ഇതുവരെ 183 ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടതില്‍ തിയറ്ററുകളില്‍ നേട്ടം കൊയ്തത് 15 ചിത്രങ്ങള്‍ മാത്രമാണെന്നാണ് കണക്ക്. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം സൂപ്പർ ഹിറ്റുകൾ.

കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവ ഏഴ് ഹിറ്റുകളും. ബാക്കി 168 ചിത്രങ്ങളും തിയറ്ററുകളിൽ നഷ്ടമാണെന്ന് നിർമാതാക്കളുടെ സംഘടന വിലയിരുത്തി. ഒൻപത് സൂപ്പർ ഹിറ്റുകളും ആറ് ഹിറ്റുകളും ഈ വർഷത്തിന്റെ ക്രെഡിറ്റിലുണ്ടെങ്കിലും നഷ്ടമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കണക്ക്.

2025 ല്‍ മലയാള സിനിമകള്‍ നേരിട്ട നഷ്ടം 360 കോടിയുടേതാണ്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമായത് കാരണമാണ്. സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമ്മാതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു. മലയാള സനിമിക്ക് 360 കോടിയുടെ നഷ്ടമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു.

മോഹൻലാൽ ചിത്രം വൃഷഭ, നിവിൻ പോളി ചിത്രം സർവം മായ ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ കൂടി ക്രിസ്മസിന് തിയറ്ററുകളിൽ എത്താനുണ്ട്. ക്രിസ്മസ് റിലീസുകളുടെ ബോക്സ് ഓഫീസ് പ്രകടനം കൂട്ടാതെയുളള കണക്കാണിത്.

സര്‍ക്കാര്‍ തിയറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്ന് അതിനിടെ ഫിലിം ചേംബർ തീരുമാനിച്ചു. കെ.എസ്.എഫ്.ഡി.സിയുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ പൂര്‍ണ്ണമായും ബഹിഷ്കരിക്കാനാണ് തീരുമാനം. ജനുവരി മുതല്‍ സര്‍‍ക്കാരുമായി യാതൊരു സഹകരണവുമില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.

സിനിമാ വ്യവസായത്തില്‍ നിന്ന് നികുതിയിനത്തില്‍ വലിയ വരുമാനം ഉണ്ടായിട്ടും സര്‍ക്കാരില്‍ നിന്ന് മേഖലക്ക് വേണ്ടി ഒന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഫിലിം ചേംബറിന്‍റെ തീരുമാനം. പത്ത് വര്‍ഷമായി സര്‍ക്കാരിന് മുന്നില്‍ വച്ച ആവശ്യങ്ങളില്‍ ഇതുവരെ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ചേംബറിന്‍റെ ആരോപണം. പ്രസിഡന്‍റ് അനില്‍ തോമസ് ആണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

Tags:    
News Summary - 168 out of 183 films lost money; Malayalam cinema's loss this year is 360 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.