ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫിസും സിനിമ ബജറ്റുകളും അതിവേഗം വികസിക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. അടുത്തുവരെ 100 കോടി ബജറ്റിലൊതുങ്ങിയിരുന്ന ഇന്ത്യൻ സിനിമ നിർമാണം ഇന്ന് 1000 കോടിയിലധികം ഉയർന്ന് സാധാരണ സംഭവമാകാനുള്ള ഒരുക്കത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്ന വാരണാസിയാണ് നിർമാണ ചെലവിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രം. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്‍റെ നിർമാണ ചെലവ് 1,300 കോടി ബജറ്റിലാണ് ഇറങ്ങുന്നതെന്നുളള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
നെറ്റ്ഫ്ലിക്സിലെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 4 ന്റെ ആദ്യ എപ്പിസോഡിൽ പ്രിയങ്ക ചോപ്ര ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. പ്രൈം ഫോക്കസിന്റെ സ്ഥാപകനും ഡി.എൻഇ.ജിയുടെ സി.ഇ.ഒയുമായ നമിത് മൽഹോത്ര നിർമിക്കുന്ന നിതേഷ് തിവാരിയുടെ പുരാണ ഇതിഹാസമായ രാമായണമാണ് ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു പ്രധാന ചിത്രം. രണ്ട് ഭാഗങ്ങളായി നിർമിക്കപ്പെടുന്ന ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായിട്ടും എത്തുന്നു. വി.എഫ്.എക്‌സിൽ നിർമിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് തിയറ്ററിൽ എത്തുന്നത്.
ചിത്രത്തിന്‍റെ മൊത്തം ബജറ്റ് 4,000 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ ഭാഗത്തിനും ഏകദേശം 2000 കോടി രൂപ ചെലവാകുമെന്നാണ് നമിത് മൽഹോത്ര നേരത്തെ വെളിപ്പെടുത്തിയിരുന്നത്. വാരണാസി, രാമായണം തുടങ്ങിയ വമ്പൻ പ്രോജക്ടുകളിലൂടെ ആഗോള പ്രേക്ഷകരെയും കൂടെ കണക്കിലെടുത്താണ് ഇന്ത്യൻ സിനിമ ആയിരം കോടി ബജറ്റിന്റെ യുഗത്തിലേക്ക് ചുവടുവെക്കുന്നുവെന്നാണ് വ്യക്തമാവുന്നത്.
ഈ രണ്ട് സിനിമകളുടെയും വാണിജ്യപരവും കഥാപറച്ചിലുകളും ഇന്ത്യൻ സിനിമയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. രാമായണം 2026 ദീപാവലിയിലും രണ്ടാം ഭാഗം 2027 ദീപാവലിയിലും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വാരണാസി 2027 മാർച്ചിൽ തിയറ്ററിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.