1980 നവംബര്‍ 17ന് മദ്രാസിനടുത്തുള്ള ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലെ മലയാളത്തിന്റെ പ്രിയതാരം ജയന്റെ മരണം കൊലപാതകമോ? മലയാളിയുടെ എത്രയോ തലമുറകള്‍, ജയന്‍ ആരാധകരുടെ കൂട്ടം ഉത്തരമാഗ്രഹിക്കുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് അന്‍വര്‍ അബ്ദുള്ളയുടെ പുതിയ നോവല്‍ 1980. ആ ഉത്തരം പല ചരിത്രവ്യക്തികളെയും സ്പര്‍ശിക്കുന്നതാകുമ്പോള്‍ വിവാദസാദ്ധ്യതയുമുണരുന്നു.
സിനിമാരംഗത്തെയും രാഷ്ട്രീയരംഗത്തെയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകര്‍ സംശയനിഴലിലാകുന്ന അന്വേഷണം വീര്‍പ്പടക്കിയേ വായിച്ചുതീര്‍ക്കാനാകൂ എന്ന് വായനക്കാര്‍. ഇതുവരെ പുറത്തുവന്ന റിവ്യൂകളില്‍ കാര്‍ട്ടൂണിസ്റ്റ് ടി.കെ.സുജിത്തും എം.എസ്.എം. കോളജ് ഇംഗ്ലീഷ് അദ്ധ്യാപകന്‍ അര്‍ഷദ് അഹമ്മദും ചലച്ചിത്രചരിത്രപരമായ എഴുത്തുകളിലൂടെ ശ്രദ്ധേയനായ കലാനിരൂപകന്‍ ഭാനുപ്രകാശും അന്താരാഷ്ട്രാ കുറ്റാന്വേഷണ നോവല്‍ പഠനങ്ങളിലൂടെ ശ്രദ്ധേയനായ മരിയ റോസും എല്ലാം നോവലിനെ അകമഴിഞ്ഞു പ്രശംസിക്കുന്നുണ്ട്.
ജയന്റെ മരണത്തിന് നാല്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മലയാളനോവലില്‍ ആ വിഷയവും ആ സാഹസികമരണവും ഇഞ്ചോടിഞ്ചു വിവരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്. ഡ്രാക്കുള, റിപ്പബ്ലിക്, ഡിറ്റക്ടീവ് പെരുമാള്‍, ഡിറ്റക്ടീവ് ജിബിരീല്‍ പരമ്പരകള്‍ ഒക്കെ വഴി ശ്രദ്ധേയനായ അന്‍വര്‍ അബ്ദുള്ളയാണ് വിവാദചരിത്രമെന്ന സാഹസികതയില്‍ കൈവച്ചിരിക്കുന്നത്. സിനിമാനിരൂപകന്‍ എന്ന നിലയിലും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നൂ അന്‍വര്‍.
നോവലില്‍ സൂപ്പര്‍ സ്റ്റാര്‍ ജഗന്‍ ശങ്കര്‍ എന്ന ജഗന്‍ ജയന്റേതിനു സമാനമായ കോപ്ടര്‍ അപകടത്തിലാണ് മരിക്കുന്നത്. പടയൊരുക്കം സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടു ചെയ്യുന്നതിനിടയില്‍ മദ്രാസിനടുത്തുള്ള ചൂളവാരം എയര്‍ സ്ട്രിപ്പില്‍ വച്ചാണ് അപകടം നടക്കുന്നത്. സംഭവത്തിന് 38 വര്‍ഷത്തിനുശേഷം, ജഗന്റെ കടുത്ത ആരാധകനായ കൃഷ്ണന്‍കുട്ടി എന്നയാള്‍, താന്‍ മരിക്കുന്നതിനുമുന്‍പ് ഈ രഹസ്യം പുറത്തുവരുത്തണമെന്ന ആഗ്രഹവുമായി പെരുമാളിനെ സമീപിക്കുന്നു. ആദ്യം പെരുമാള്‍ വഴങ്ങുന്നില്ലെങ്കിലും കൃഷ്ണന്‍കുട്ടി നല്കിയ പഴയ രേഖകളില്‍ ഒരു പൊരുത്തക്കേടു കണ്ടെത്തുന്ന പെരുമാള്‍ അതിന്റെ അസ്വസ്ഥതയില്‍ കേസ് ഏറ്റെടുക്കുന്നതും ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ സത്യം കണ്ടെത്തുന്നതുമാണ് നോവലിന്റെ പ്രമേയം.
ജയന്റെ ജീവിതത്തെയും മരണത്തെയും ഓരോ അണുവിലും ഓര്‍മിപ്പിക്കുന്നുവെന്നതിനപ്പുറം, 1975 മുതല്‍ 1980കള്‍ വരെയുള്ള ഇന്ത്യന്‍ ജനപ്രിയസിനിമയുടെയും തെന്നിന്ത്യന്‍ സിനിമയുടെയും അതുവഴി, മലയാളസിനിമയുടെയും കൃത്യമായ സമാന്തരചരിത്രമൊരുക്കുന്നുണ്ട് നോവല്‍. സുപരിചിതരായ താരങ്ങളുടെ ഛായയില്‍ വാര്‍ന്നുവീഴുന്ന കഥാപാത്രങ്ങളാണ് നോവലിനെ ചരിത്രപരമാക്കുന്നത്. പ്രേം ഫിറോസ്, ബേബി പ്രഭാത്, ഭാസുരേന്ദ്രന്‍ നായര്‍, ലീല, ഭാനുമതി തുടങ്ങിയ മലയാളതാരങ്ങളും മോഹന്‍ ഹാസന്‍, ശശികാന്ത്, ചിരണ്‍ദാസ്, സൗമിനി തുടങ്ങിയ തമിഴ് താരങ്ങളും ആനന്ദ് റായ്, ഇന്ദ്രനീല്‍ ഖന്ന, ശങ്കര്‍ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും പല പ്രമുഖരുടെയും ഓര്‍മകളുണര്‍ത്തുന്നു. ഹിറ്റ് മേക്കര്‍മാരായ രാമന്‍ നായര്‍, ഹരിദേവ്, പ്രഭ മുതല്‍ മൂകേശ് മുഖര്‍ജിയും ജഗന്മോഹന്‍ ദേശായിയും ഒക്കെ രംഗത്തുവരുന്നു.
തെന്നിന്ത്യന്‍ താരവും രാഷ്ട്രീയനേതാവുമായ എം.വി.ആര്‍. മറ്റൊരു ശക്തമായ കഥാപാത്രമാകുന്നു. ചരിത്രവസ്തുതകള്‍ക്കുമേല്‍ ഫിക്ഷന്‍ പടര്‍ന്നുകയറുന്ന നോവല്‍ ഒരു കാലഘട്ടത്തെയും സിനിമാചരിത്രത്തെയും വരച്ചിടുന്നു. മാതൃഭൂമി ബുക്‌സാണ് നോവല്‍ പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.