ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; കെ.എച്ച്​ 234 ചിത്രീകരണം ആരംഭിച്ചു

36 വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായകനും സംവിധായകനും വീണ്ടും ഒന്നിക്കുന്നു. കമൽഹാസൻ–മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കെ.എച്ച്​ 234 എന്നാണ്​ ഇപ്പോൾ ഈ പ്രോജക്ടിന്​ പേര്​ നൽകിയിരിക്കുന്നത്​. 1987ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ‘നായകനു’ ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്​.

ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. തമിഴ്​ സിനിമയിലെ വമ്പൻ പേരുകളെല്ലാം സിനിമക്കായി ഒന്നിച്ചിട്ടുണ്ട്​. ചിത്രത്തിന്റെ സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ് എന്നിവരും ലോഞ്ചിൽ പങ്കെടുത്തു. വിക്രം, ലിയോ, കൈതി, ഡോക്ടർ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപ്അറിവാണ് ചിത്രത്തിലെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്. . മണിരത്നത്തിന്റെ ‘കന്നത്തിൽ മുത്തമിട്ടാൽ’ , ‘ആയുധ എഴുത്ത്’ തുടങ്ങിയ ചിത്രങ്ങളിലെ ഛായാഗ്രാഹകൻ ആയിരുന്ന രവി കെ ചന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ഇദ്ദേഹം തന്നെയാണ് ‘കെഎച്ച്234’ ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശർമ്മിഷ്ഠ റോയി ആണ്. കോസ്റ്റ്യൂം ഡിസൈനർ, ഏകാ ലഖാനി. ചിത്രത്തിന്റെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

‘വിക്രം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തന്റെ മങ്ങിപ്പോയ പ്രതാപം വീണ്ടെടുത്ത് വൻ തിരിച്ചുവരവ് നടത്തിയ കമൽ ഹാസൻ നിലവിൽ തമിഴിലെ ഏറ്റവും തിരക്കുള്ള താരമാണ്. കമലിന്റെ നാല്​ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. ഇന്ത്യൻ 2, കൽക്കി2898എഡി, എച്ച്.വിനോദിന്റെ കെഎച്ച് 233 തുടങ്ങിയവയാണ് കമലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. നിലവിൽ, റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴ് സീസൺ 7ന്റെ തിരക്കുകളിലാണ് കമൽഹാസൻ.

Tags:    
News Summary - 36 years, two legends, one film. Shoot begins for Kamal Haasan-Mani Ratnam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.