വനിത സംവിധായകരുടെ 18 ചിത്രങ്ങൾ; മാക്ട വിമൺ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവലിന്​​​ നാളെ തുടക്കം

കൊച്ചി: മലയാള സിനിമയിലെ സാംസ്‌കാരിക സംഘടനയായ 'മാക്ട'യുടെ അഭിമുഖ്യത്തിലെ മാക്ട വിമൺ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവൽ നവംബർ 6, 7, 8 തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു. ചലച്ചിത്ര കലാസാങ്കേതിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെ അടുത്തറിയാൻ വഴിയൊരുക്കുകയാണ് രണ്ടാമത് MWIFF'20.

ലോകസിനിമ, ഭാഷവിഭാഗം, ഇന്ത്യൻ സിനിമ എന്നീ മൂന്നു വിഭാഗങ്ങളിലായി ലോകമെങ്ങുമുള്ള വനിത ചലച്ചിത്ര സംവിധായകരുടെ 18 ചിത്രങ്ങളാണ് മൂന്നു ദിവസമായി ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. ടർക്കിഷ് ഭാഷയിലെ ആറ്​ ചിത്രങ്ങൾ ഭാഷാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുവെന്നതാണ് മേളയുടെ സവിശേഷത. പോയവർഷം അറബിക് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്​.

ഏകദേശം 80 ദശലക്ഷം ആളുകൾ സംസാരിക്കുന്ന ടർക്കിഷ് ഭാഷയിൽ നിന്നുള്ള 'ബ്ലീച്', 'ടോപ്പാങ്ക', 'വിമൻസ് കൺട്രി', 'ദി ഹൈവ്', 'ഹ്ഷ്', 'ബോർക്', 'നോട് നോയിങ്' എന്നീ ചിത്രങ്ങളാണ് മേളയിലുള്ളത്. ഇന്ത്യൻ വിഭാഗത്തിൽ നാല്​ ചിത്രങ്ങളുണ്ട്​. നിരവധി ദേശീയ അവാർഡുകൾ നേടിയ മഞ്ജു ബോറയുടെ 'ഇൻ ദി ലാൻഡ് ഓഫ് പോയ്സൺ വിമൺ', അരുണചൽ പ്രദേശിലെ ഗോത്ര ഭാഷയിലുള്ള 'മിഷിങ്', മലയാള ചിത്രം 'തടിയനും മുടിയനും', ബംഗാളി ചിത്രം 'നിർബഷിതോ' എന്നിവ ആസ്വാദകരുടെ മനംകവരും. കൂടാതെ അമേരിക്ക, പോളണ്ട്, കൊസാവോ, കുർദിസ്ഥാൻ, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വനിത സംവിധായകരുടെ ചിത്രങ്ങളും മേളയിലുണ്ട്.

വെള്ളിയാഴ്​ച വൈകുന്നേരം അഞ്ചിന് നടി കെ.പി.എ.സി ലളിത മേള ഉദ്ഘാടനം ചെയ്യും. ശനിയാഴ്​ച വൈകുന്നേരം അഞ്ചിന് 'സിനിമയും സാഹിത്യവും' വിഷയത്തിൽ നടക്കുന്ന വെബിനാറിൽ റസൂൽ പൂക്കുട്ടി, ബെന്യാമിൻ, സുഷ്മേത് ചന്ദ്രോത്, അനുമോൾ, ദീദി ദാമോദരൻ, തനുജാ ഭട്ടതിരി എന്നിവർ പങ്കെടുക്കും. മാധവി മധുപാലാണ് മോഡറേറ്റർ. ഞായറാഴ്​ച വൈകുന്നേരം അഞ്ചിനുള്ള സമാപനചടങ്ങിൽ സംസ്ഥാന അവാർഡ് നേടിയ നടി കനി കുസൃതി മുഖ്യതിഥിയാവും.

പ്രശസ്ത നടി സീമാ ബിശ്വാസാണ് ഫെസ്​റ്റിവൽ ഡയറക്ടർ. ഡെലീഗേറ്റ് ഫീസ് 100 രൂപ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയുള്ള മേളയിൽ പങ്കെടുക്കാനും ഡെലീഗേറ്റ് രജിസ്ട്രേഷനുമായി www.4linecinema.com/mwiff എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്ന് മാക്ട ചെയർനും ഫെസ്​റ്റിവൽ ആർട്ടിസ്​റ്റിക് ഡയറക്ടറുമായ ജയരാജ്‌, ജനറൽ സെക്രട്ടറി സുന്ദർദാസ്, വൈസ് ചെയർമാൻമാരായ എം. പദ്മകുമാർ, എ.കെ. സന്തോഷ്‌, ട്രഷറർ എ. എസ്. ദിനേശ് എന്നിവർ അറിയിച്ചു.

Tags:    
News Summary - 18 films by women directors; The Macta Women International Film Festival kicks off tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.