ത്രിവിക്രം ശ്രീനിവാസും അല്ലു അർജുനും 

ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കാൻ 1000 കോടിയുടെ അല്ലു അർജുൻ ചിത്രം എത്തുന്നു...

തെന്നിന്ത്യൻ സിനിമാ ലോകത്ത് വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുനും പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു പുരാണ ഇതിഹാസവുമായാണ് ഈ ഹിറ്റ് ജോഡി എത്തുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റെന്ന് കണക്കാക്കാവുന്ന 1000 കോടിയിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ജുലായി, സൺ ഓഫ് സത്യമൂർത്തി, അല വൈകുണ്ഡപുരമുലു എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അല്ലു അർജുനും ത്രിവിക്രമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരുടെ മുൻ ചിത്രമായ 'അല വൈകുണ്ഠപുരമുലു' ദക്ഷിണേന്ത്യയിൽ ഒട്ടേറെ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ പ്രോജക്റ്റ് ഒരു പാൻ ഇന്ത്യൻ ചിത്രമെന്നതിലുപരി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ദൃശ്യവിസ്മയമായിരിക്കും എന്നാണ് സൂചന.

ഇന്ത്യൻ പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശക്തമായ കഥാപരിസരവും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളുമായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് 2027 ഫെബ്രുവരിയിൽ ആയിരിക്കും. അല്ലു അർജുന് വേണ്ടി ത്രിവിക്രം തയ്യാറാക്കിയ ഒരു പ്രത്യേക തിരക്കഥയാണിതെന്നാണ് സൂചന. വൻ വിജയമായി മാറിയ 'പുഷ്പ 2'-വിന് ശേഷം അല്ലു അർജുൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ചകളിൽ തന്നെയുണ്ടാകും. ഭാരതീയ പുരാണങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബിഗ് സ്ക്രീനിൽ പുനരാവിഷ്കരിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ പുതിയ ബെഞ്ച്മാർക്ക് ആയിരിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - 1000 crore budget allu arjun movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.