സ്വതന്ത്ര ഹ്രസ്വ ചലച്ചിത്രോത്സവം; തമിഴ് സംവിധായകൻ ആർ. ഗൗതം ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ലോകത്തിലെ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര ഹ്രസ്വ ചലച്ചിത്രമേളയുടെ എട്ടാമത് എഡിഷൻ നവംബർ 10 മുതൽ 15 വരെ കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയത്തിലെ ത്രീഡി തിയേറ്ററിൽ നടക്കും. ഫെസ്റ്റിവലിൻ്റെ ഏറ്റവും വലിയ ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ബയോസ്കോപ്പ് പുരസ്കാരത്തിനായി 3 മലയാള ചിത്രങ്ങൾ ഉൾപ്പെടെ 13 ചിത്രങ്ങൾ മത്സരിക്കും.
നവംബർ 10ന് വൈകുന്നേരം 5 മണിക്ക് തമിഴ് സംവിധായകൻ ആർ. ഗൗതം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. അ കാൻഷാ സൂദ് സിങ് സംവിധാനം ചെയ്ത 'പവാഴ' ആണ് ഉദ്ഘാടന ചിത്രം. സംവിധായകൻ ജിയോ ബേബി മുഖ്യാതിഥി ആയിരിക്കും. സംവിധായകനും കുറേറ്ററുമായ അർജുൻ. കെ ആണ് ഈ വർഷത്തെ ഫെസ്റ്റിവൽ ഡയറക്ടർ. നടി രോഹിണി സംവിധാനം ചെയ്ത ലഗാത്തോ എന്ന തമിഴ് സിനിമയാണ് സമാപന ചിത്രം.
ഭവ്യ കാർത്തികേയൻ സംവിധാനം ചെയ്ത ചായപ്പൊടി, ഋതു സംവിധാനം ചെയ്ത കുട്ടിക്കളി, ദേവൻ സംവിധാനം ചെയ്ത ഓയ്വിൽ വലിവാക്ക് എന്നിവയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങൾ. അമ്പതിനായിരം രൂപയും ഫലകവുമാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം. മികച്ച രണ്ടാമത്തെ സിനിമക്ക് ഇരുപതിനായിരം രൂപയുടെ അവാർഡുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈൽഡ് ലൈഫ് ഫിലിം മേക്കറായ അകാൻഷാ സൂദ് സിങിന്റെ മൂന്ന് സിനിമകൾ ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാനിൽ നിന്നുള്ള സ്ത്രീ സിനിമകൾ, കുർദിഷ് സിനിമകൾ, തമിഴ് സിനിമകൾ, എക്സ്പാൻഡഡ് സിനിമ, അനിമേഷൻ സിനിമകൾ, സിനിമാ ബയോസ്കോപ്, ഇന്ത്യൻ സിനിമ, ലോക സിനിമ, മലയാളം സിനിമാ വിഭാഗങ്ങളിലായി 120 ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നുണ്ട്.
സംവിധായകരായ അകാൻഷാ സൂദ് സിങ്, രാജേഷ് ജെയിംസ്, നിരൂപകരായ സി.എസ്. വെങ്കിടേശ്വരൻ, പി. കെ. സുരേന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഇക്വഡോറിയൻ സംവിധായകൻ വിൽസൺ ബുർബാനോ, കൊൽക്കത്തയിൽ നിന്നുള്ള സൗണ്ട് ഡിസൈനറും നിർമ്മാതാവുമായ അമലാ പോപ്പുരി, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കെ. സി. ജിതിൻ എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് മികച്ച സിനിമക്കുള്ള ബയോസ്കോപ്പ് അവാർഡിനായുള്ള വിധിനിർണയം നടത്തുന്നത്.
അവാർഡുകൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. സംവിധായകരുമായുള്ള മുഖാമുഖങ്ങളും ഓപ്പൺ ഫോറവും എല്ലാ ദിവസവും ഉണ്ടാകും. ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 എന്ന നമ്പറിൽ ബന്ധപ്പെടാം. ഫെസ്റ്റിവൽ ഡയറക്ടർ അർജുൻ. കെ, സംവിധായകൻ പ്രതാപ് ജോസഫ്, ആർട്ടിസ്റ്റിക് ഡയറക്ടർ ജിജു ഗോവിന്ദൻ, ഹസീന ഇ.വി, അക്ഷയ എൻ.ബി. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.