'മമിത ബൈജുവിന് ഒരു പ്രത്യേക എനർജിയുണ്ട്, അവരെക്കാൾ നന്നായി ആ വേഷം ചെയ്യാൻ ആർക്കും കഴിയില്ല'; മേഘ്ന രാജ്
സൂര്യ നായകനായ 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന പുതിയ ചിത്രത്തിലെ മമിത ബൈജുവിന്റെ തകർപ്പൻ പ്രകടനത്തെ പ്രശംസിച്ച് നടി മേഘ്ന രാജ്. സമീപകാലത്ത് താൻ കണ്ട ഏറ്റവും മനോഹരവും മികച്ചതുമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നായാണ് മേഘ്ന ഇതിനെ വിശേഷിപ്പിച്ചത്. അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ മനസ്സുതുറന്നത്.
ചിത്രത്തിലെ മമിതയുടെ കഥാപാത്രത്തിന്റെ പുതുമയും സ്ക്രീനിൽ താരം പ്രകടിപ്പിച്ച അപാരമായ ഊർജ്ജവുമാണ് മേഘ്നയെ ഏറെ ആകർഷിച്ചത്. "ആ സിനിമയിൽ മമിത ചെയ്ത കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതൊരു ഫ്രെഷ് ആയ അനുഭവമായിരുന്നു. ആ റോൾ എനിക്ക് ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല, കാരണം മമിതക്ക് അവരുടേതായ ഒരു പ്രത്യേക ഊർജ്ജമുണ്ട്. അതിമനോഹരമായാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്," മേഘ്ന വാചാലയായി. കഥാപാത്രത്തിന് വലിയ ബാക്ക്ഗ്രൗണ്ടുകൾ ഒന്നുമില്ലെങ്കിൽ പോലും പ്രേക്ഷകരുടെ മനസ്സിൽ പെട്ടെന്ന് ഇടംപിടിക്കുന്ന രീതിയിലാണ് മമിത അത് അവതരിപ്പിച്ചതെന്നും നടി കൂട്ടിച്ചേർത്തു.
ഇതിന് പുറമേ തന്റെ അഭിനയജീവിതത്തിലും വ്യക്തിജീവിതത്തിലും കേരളവുമായുള്ള ആത്മബന്ധത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു. ബംഗളൂരുവിനേക്കാൾ താൻ കേരളത്തെയാണോ ആദ്യം സ്വന്തം വീടായി കണക്കാക്കേണ്ടത് എന്ന് പലപ്പോഴും ചിന്തിച്ചുപോകാറുണ്ടെന്നാണ് താരം സ്നേഹത്തോടെ പറഞ്ഞത്. മലയാളികളും ഇവിടത്തെ സിനിമയും തനിക്ക് നൽകിയ സ്നേഹവും അംഗീകാരവും വളരെ വലുതാണ്. മലയാളം ഭാഷ പഠിക്കാനും സംസാരിക്കാനും പ്രയാസമാണെന്ന് പലരും പറയാറുണ്ടെങ്കിലും തനിക്ക് വ്യക്തിപരമായി ഒരിക്കലും അത് ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും നടി വ്യക്തമാക്കി. കേരളത്തിലെ ഭക്ഷണവും അവിടുത്തെ ജനങ്ങളുടെ സ്നേഹവുമെല്ലാം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ മേഘ്ന രാജ് അടുത്തിടെ സൂപ്പർതാരം രജനികാന്തിന്റെ 'ജയിലർ 2' സിനിമയിലും താൻ അഭിനയിച്ച വിശേഷവും ആരാധകരുമായി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.