ഒരുകാലത്ത് കൈയടി, ഇന്ന് ടോക്സിക്!
“മനുഷ്യനാവടാ ആദ്യം; എന്നിട്ടുണ്ടാക്ക് നിലയും വിലയും…”'വാത്സല്യം' സിനിമയിലെ മേലേടത്ത് രാഘവൻ നായരുടെ ഈ ഡയലോഗ് കേൾക്കുമ്പോൾ ഒരുകാലത്ത് തിയറ്ററുകളിൽ കൈയടി ഉയർന്നിരുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാവർക്കും താങ്ങായി നിൽക്കുന്ന മൂത്ത സഹോദരനായിരുന്നു അന്ന് പ്രേക്ഷകർക്ക് രാഘവൻ നായർ. എന്നാൽ വർഷങ്ങൾക്കിപ്പുറം അതേ കഥാപാത്രത്തെ വീണ്ടും കാണുമ്പോൾ അയാളിൽ അമിതമായ അധികാരബോധവും മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള അനാവശ്യ ഇടപെടലുകളും കാണാൻ കഴിയുന്നു.
സിനിമകളുടെ ആസ്വാദനം ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടേയിരിക്കുകയാണ്. തിയേറ്ററുകൾക്ക് പുറമെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ കൂടി എത്തിയതോടെ ലോകത്തിന്റെ ഏത് കോണിലെയും സിനിമകൾ ഇന്ന് പ്രേക്ഷകരുടെ വിരൽത്തുമ്പിലുണ്ട്. ഇത് കാഴ്ചക്കാരുടെ ആസ്വാദന നിലവാരത്തെ ആഗോളതലത്തിലേക്ക് ഉയർത്തി. ഒടിടിയിൽ സിനിമ വരുന്നതോടെ ഓരോ സീനിന്‍റെ കണക്ടിവിറ്റി മുതൽ മൈന്യുട്ട് ഡീറ്റയിൽ വരെ ആളുകൾ അരച്ചുകലക്കി രംഗത്തിറങ്ങുന്ന കാലമാണിത്. തീയേറ്ററിൽ ഒരൊറ്റ തവണ കാണുമ്പോൾ വിട്ടുപോകുന്ന ചെറിയ സൂചനകളും, സംവിധാനത്തിലെയും ക്യാമറയിലെയും സൂക്ഷ്മമായ വിന്യാസങ്ങളും, കഥാപാത്രങ്ങളുടെ ചെറിയ ഭാവമാറ്റങ്ങളും ഒ.ടി.ടിയിൽ എത്തുമ്പോൾ ആളുകൾ വീണ്ടും വീണ്ടും കണ്ട് ഒപ്പിയെടുക്കുന്നു. ഒരു സീൻ കൃത്യമായി ഫ്രെയിം ബൈ ഫ്രെയിം വിശകലനം ചെയ്യാൻ ഒ.ടി.ടിയുടെ 'പോസ്' ബട്ടൺ പ്രേക്ഷകരെ സഹായിക്കുന്നുണ്ട്
സിനിമയിലെ കഥാപാത്രങ്ങളെ വിലയിരുത്തുന്ന രീതിയിൽ കാലം വരുത്തിയ മാറ്റത്തിന്റെ ഒരു ഉദാഹരണമാണിത്. സ്നേഹത്തിന്റെയും കരുതലിന്റെയും പേരിൽ ഒരാൾ മറ്റൊരാളുടെ ജീവിതം നിയന്ത്രിക്കുമ്പോൾ അതിനെ എങ്ങനെ കാണണം? മക്കളെ സംരക്ഷിക്കുന്ന അമ്മയുടെ ഇടപെടൽ എപ്പോഴാണ് അവരുടെ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നത്? കുടുംബത്തിനുവേണ്ടി ത്യാഗം ചെയ്യുന്ന ഒരാൾക്ക് കുടുംബത്തിലെ മറ്റുള്ളവരുടെ തീരുമാനങ്ങൾ നിയന്ത്രിക്കാനുള്ള അവകാശമുണ്ടോ?
സമീപകാലത്ത് ചർച്ചയായ 'ബാലൻ ദ ബോയ്', ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്', മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് പുറത്തിറങ്ങിയ 'വാത്സല്യം' എന്നിവയെ ചേർത്തുവായിക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾ കൂടുതൽ പ്രസക്തമാകുന്നു.
മൂന്ന് സിനിമകൾ, വ്യത്യസ്ത സാഹചര്യങ്ങൾ, വ്യത്യസ്ത കഥാപാത്രങ്ങൾ. പക്ഷേ സ്നേഹം, സംരക്ഷണം, അധികാരം, നിയന്ത്രണം എന്നിവയ്ക്കിടയിലെ അതിർവരമ്പുകളെക്കുറിച്ച് ചിന്തിക്കാൻ ഇവ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
കരുതൽ എപ്പോൾ നിയന്ത്രണമാകുന്നു?
ജിത്തു മാധവൻ രചനയും ചിദംബരം സംവിധാനവും നിർവഹിച്ച 'ബാലൻ ദ ബോയ്' അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണതകളിലേക്കാണ് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. ബാല്യത്തിൽ അമ്മയുടെ സംരക്ഷണത്തിൽ വളരുന്ന ബാലനും പിന്നീട് അമ്മയിൽനിന്ന് അകന്ന് സ്വന്തം ജീവിതത്തെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ വൈകാരിക അടിത്തറ.ഈ ബന്ധത്തെ ടോക്സിക് പാരന്റിങ്ങിന്റെ കാഴ്ചപ്പാടിൽ വായിക്കാനാകുമോ എന്നതാണ് സിനിമ ഉയർത്തുന്ന കൗതുകകരമായ ചോദ്യം. ഒരു കുട്ടിയുടെ ജീവിതത്തിൽ രക്ഷിതാക്കളുടെ നിയന്ത്രണങ്ങൾക്ക് സ്വാഭാവികമായ സ്ഥാനമുണ്ട്. എവിടെ പോകണം, ആരോടൊപ്പം പോകണം, എന്ത് കഴിക്കണം, എന്തൊക്കെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കൾ ഇടപെടുന്നത് കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ്. എന്നാൽ കുട്ടി വളരുന്നതിനനുസരിച്ച് ഈ നിയന്ത്രണങ്ങളുടെ സ്വഭാവവും മാറേണ്ടതുണ്ട്.
ബാല്യത്തിൽ 'അവിടെ പോകരുത്' എന്ന് പറയുന്ന രക്ഷിതാവ് കൗമാരത്തിലെത്തുമ്പോൾ 'പോയിവാ, ശ്രദ്ധിക്കണം' എന്ന നിലയിലേക്ക് മാറണം. സ്വന്തം തീരുമാനങ്ങൾ എടുക്കാനും ലോകത്തെ സ്വയം നേരിടാനും കുട്ടിക്ക് അവസരം നൽകേണ്ടതുണ്ട്.
എന്നാൽ രക്ഷിതാവിന്റെ സാന്നിധ്യമില്ലാതെ തീരുമാനമെടുക്കാൻ കഴിയാത്ത വിധം കുട്ടിയുടെ ജീവിതത്തെ നിയന്ത്രിച്ചാലോ? സംരക്ഷണം എന്ന പേരിൽ അവന്റെ വ്യക്തിത്വവികാസത്തിനുള്ള അവസരങ്ങൾ ഇല്ലാതാക്കിയാലോ? അപ്പോൾ അതിനെ വെറും കരുതലായി കാണാൻ കഴിയില്ല.മകനെ സംരക്ഷിക്കണമെന്ന അമ്മയുടെ ആഗ്രഹം തെറ്റല്ല. ലോകം അവനെ വേദനിപ്പിക്കുമെന്ന ഭയവും അവളുടെ പെരുമാറ്റത്തിന് പിന്നിലുണ്ടാകാം. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും നഷ്ടങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാൽ നല്ല ഉദ്ദേശ്യത്തോടെയുള്ള ഒരു പ്രവൃത്തി എല്ലായ്പ്പോഴും നല്ല ഫലമുണ്ടാക്കണമെന്നില്ല.ഇവിടെയാണ് സ്നേഹവും നിയന്ത്രണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത്. ഒരാൾക്ക് മറ്റൊരാളോട് എത്രമാത്രം സ്നേഹമുണ്ടെന്നതല്ല, ആ സ്നേഹം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ എത്രത്തോളം അംഗീകരിക്കുന്നു എന്നതാണ് പ്രധാനം.
പേരിൽത്തന്നെ ടോക്സിക്!
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' ഈ ചർച്ചയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.ചിത്രത്തിലെ റായ എന്ന കഥാപാത്രത്തിന്റെ ഹിംസാത്മക പെരുമാറ്റം, സ്ത്രീകളോടുള്ള സമീപനം, അധികാരബോധം എന്നിവയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് ഉയർന്നത്. ഒരു കഥാപാത്രത്തിന്റെ പ്രവൃത്തികളെ വിലയിരുത്തുമ്പോൾ അയാളുടെ പെരുമാറ്റം മാത്രമല്ല, അതിനെ സിനിമ എങ്ങനെ അവതരിപ്പിക്കുന്നു എന്നതും പ്രധാനമാണ്.ഒരു കഥാപാത്രം ഹിംസാത്മകമായി പെരുമാറുന്ന രംഗമുണ്ടെന്നതുകൊണ്ടുമാത്രം ആ കഥാപാത്രത്തെക്കുറിച്ചുള്ള പൂർണമായ വിലയിരുത്തലിലെത്താനാകുമോ? അയാളുടെ ഭൂതകാലം ആ പെരുമാറ്റത്തെ വിശദീകരിക്കുന്നുണ്ടോ? അത് ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രം സംഭവിക്കുന്നതാണോ, അതോ അയാളുടെ സ്വഭാവത്തിന്റെ സ്ഥിരമായ ഭാഗമാണോ? സിനിമ ആ പ്രവൃത്തികളെ വിമർശനാത്മകമായി അവതരിപ്പിക്കുന്നുണ്ടോ, അതോ നായകത്വത്തിന്റെ ഭാഗമായി ആഘോഷിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.കഥാപാത്രത്തിന്റെ പ്രവൃത്തികളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് അവയെ ന്യായീകരിക്കലല്ല. അതുപോലെ ഒരു കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു എന്നതുകൊണ്ട് അയാളുടെ എല്ലാ പ്രവൃത്തികളെയും അംഗീകരിക്കേണ്ടതുമില്ല. സിനിമയെ ഗൗരവമായി വായിക്കുമ്പോൾ ഈ വ്യത്യാസം പ്രധാനമാണ്.
മൂന്ന് പതിറ്റാണ്ടിനിപ്പുറം രാഘവൻ നായർ ടോക്സിക്കാകുമ്പോൾ
1993-ൽ പുറത്തിറങ്ങിയ 'വാത്സല്യ'ത്തിലെ മേലേടത്ത് രാഘവൻ നായർ മലയാള സിനിമയിലെ ശ്രദ്ധേയമായ കുടുംബകഥാപാത്രങ്ങളിലൊന്നാണ്. ലോഹിതദാസ് രചനയും കൊച്ചിൻ ഹനീഫ സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മമ്മൂട്ടിയാണ് രാഘവൻ നായരെ അവതരിപ്പിച്ചത്.
കുടുംബത്തിന്റെ കടബാധ്യതകളും പ്രശ്നങ്ങളും സ്വന്തം ചുമലിലേറ്റി അനുജന്മാർക്കും അമ്മയ്ക്കും കുടുംബത്തിനും താങ്ങായി നിൽക്കുന്ന മൂത്ത സഹോദരനാണ് അയാൾ. കുടുംബത്തിനുവേണ്ടി സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റിവെക്കുന്ന മനുഷ്യൻ. അന്നത്തെ പ്രേക്ഷകർക്ക് അയാളുടെ കർക്കശതയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും കുടുംബത്തോടുള്ള ഉത്തരവാദിത്വത്തിന്റെ അടയാളങ്ങളായിരുന്നു.എന്നാൽ ഇന്നത്തെ സാമൂഹിക കാഴ്ചപ്പാടിൽ ആ കഥാപാത്രത്തെ വീണ്ടും പരിശോധിക്കുമ്പോൾ ചില ചോദ്യങ്ങൾ ഉയരുന്നു.കുടുംബത്തിലെ എല്ലാ കാര്യങ്ങളും തന്റെ തീരുമാനപ്രകാരം നടക്കണമെന്ന ആഗ്രഹം, മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള ഇടപെടൽ, ഭാര്യയോടുള്ള അധികാരപരമായ സമീപനം എന്നിവയെല്ലാം ഇന്ന് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. കുടുംബത്തെ സംരക്ഷിക്കുന്നതിന്റെ പേരിൽ കുടുംബാംഗങ്ങളുടെ തീരുമാനങ്ങൾ നിയന്ത്രിക്കുന്നത് എത്രത്തോളം ശരിയാണ്? കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഒരാൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ മേൽക്കൈ നേടാനുള്ള അവകാശമുണ്ടോ?ഇതിന്റെ അടിസ്ഥാനത്തിലാണ് രാഘവൻ നായർ എന്ന കഥാപാത്രത്തെ പിതൃാധിപത്യത്തിന്റെയും ടോക്സിക് സ്വഭാവത്തിന്റെയും അടയാളങ്ങൾ ഉൾക്കൊള്ളുന്ന ഒരാളായി ഇക്കാലഘട്ടത്തിലെ പ്രേക്ഷകർ വായിക്കുന്നത്. അതേസമയം, കഥാപാത്രത്തെ വിലയിരുത്തുമ്പോൾ അന്നത്തെ കുടുംബഘടനയും സാമൂഹിക സാഹചര്യങ്ങളും പരിഗണിക്കണമെന്നാണ് മറുവാദം.
ശ്രദ്ധിക്കേണ്ട കാര്യം, രാഘവൻ നായർ കുടുംബത്തെ സ്നേഹിക്കുന്നില്ലെന്ന് പറയാനാകില്ല എന്നതാണ്. അയാൾ അവർക്കുവേണ്ടി ത്യാഗം ചെയ്യുന്നുണ്ട്. അവരുടെ നന്മ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ ആ സ്നേഹത്തിനൊപ്പം അധികാരവും നിയന്ത്രണവും ചേർന്നുനിൽക്കുന്നു.അതുകൊണ്ടുതന്നെ രാഘവൻ നായർ നല്ലവനാണോ ചീത്തയാണോ എന്ന ഒറ്റ ചോദ്യത്തിൽ ഈ കഥാപാത്രത്തെ ഒതുക്കാനാകില്ല. അയാളുടെ സ്നേഹത്തെയും ത്യാഗത്തെയും അംഗീകരിക്കുമ്പോൾത്തന്നെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഇടപെടലുകളെയും ചോദ്യം ചെയ്യാൻ കഴിയും.
കഥാപാത്രം മാറിയതല്ല, കാഴ്ചപ്പാടാണ് മാറിയത്
മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് ഒരു കുടുംബനാഥന്റെ കർക്കശതയെ സ്വാഭാവികമായി കണ്ടിരുന്ന സമൂഹം ഇന്ന് അതേ പെരുമാറ്റത്തെ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം, ലിംഗസമത്വം, വ്യക്തിപരമായ അതിരുകൾ, സമ്മതം തുടങ്ങിയ വിഷയങ്ങൾ പൊതുചർച്ചകളിൽ കൂടുതൽ ഇടം നേടിയത് ഇതിന് ഒരു കാരണമാണ്.അതുകൊണ്ട് പഴയകാല പ്രേക്ഷകർ തെറ്റായാണ് സിനിമ കണ്ടതെന്ന് പറയാനാകില്ല. അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ സ്വാഭാവികമായി തോന്നിയ പല പെരുമാറ്റങ്ങളും ഇന്ന് പുതിയ ചോദ്യങ്ങൾക്ക് വിധേയമാകുന്നു.സിനിമകൾക്ക് പ്രായമാകുമ്പോൾ അവയെ കാണുന്ന പ്രേക്ഷകന്റെ കണ്ണിനും മാറ്റമുണ്ടാകും. ഒരു കാലത്ത് ത്യാഗമായി കണ്ടത് മറ്റൊരു കാലത്ത് നിയന്ത്രണമായി തോന്നാം. കരുതലായി വ്യാഖ്യാനിച്ചത് അധികാരത്തിന്റെ പ്രകടനമായി വായിക്കപ്പെടാം.ഇവിടെ സിനിമയുടെ കഥയേക്കാൾ മാറുന്നത് അതിനെ വിലയിരുത്തുന്ന സാമൂഹിക കാഴ്ചപ്പാടാണ്. ‘‘ഇപ്പോള്‍ വാത്സല്യം കൊണ്ടുവന്നാല്‍ നടക്കുന്ന കേസുകെട്ടല്ല. മേലേടത്ത് രാഘവന്‍ നായരൊന്നും ഇപ്പോള്‍ നടക്കില്ല. വേറെ ലൈനാണ് ഇപ്പോള്‍. മാറുന്നതനുസരിച്ചാണ് കഥയും കഥാപാത്രങ്ങളും മാറുന്നത്,’ മമ്മൂട്ടി തന്നെ ഒരിക്കൽ ഒരു സംഭാഷണത്തിൽ പറഞ്ഞതാണ് ഇക്കാര്യം .
എല്ലാ മോശം പെരുമാറ്റവും ടോക്സിക് ആണോ?
സമീപകാലത്ത് ടോക്സിക് എന്ന വാക്കിന്റെ ഉപയോഗം വളരെ വ്യാപകമായിട്ടുണ്ട്. പ്രണയബന്ധത്തിലെ അസ്വസ്ഥതകൾക്ക് ടോക്സിക് റിലേഷൻഷിപ്പ് എന്നും കുടുംബത്തിലെ അമിതമായ ഇടപെടലുകൾക്ക് ടോക്സിക് ഫാമിലി എന്നും ഒരാളുടെ മോശം പെരുമാറ്റത്തിന് ടോക്സിക് സ്വഭാവമെന്നും വിശേഷിപ്പിക്കുന്നു.
എന്നാൽ എല്ലാ മോശം പെരുമാറ്റങ്ങളെയും ഒരേ വാക്കിൽ നിർവചിക്കാനാകില്ല. ഒരു തവണ ദേഷ്യപ്പെടുന്നതും നിരന്തരമായി മറ്റൊരാളെ അപമാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും ഒരുപോലെയല്ല. അഭിപ്രായവ്യത്യാസവും അധികാരപ്രയോഗവും തമ്മിലും വ്യത്യാസമുണ്ട്.ഒരു ബന്ധത്തിൽ ആവർത്തിച്ചുണ്ടാകുന്ന നിയന്ത്രണം, അപമാനിക്കൽ, ഭീഷണി, മറ്റൊരാളുടെ സ്വാതന്ത്ര്യം നിഷേധിക്കൽ എന്നിവ അതിന്റെ ആരോഗ്യത്തെ ബാധിക്കാം. അതുകൊണ്ടുതന്നെ ഒരു പെരുമാറ്റത്തിന്റെ ആവർത്തനസ്വഭാവം, അതിന് പിന്നിലെ അധികാരബന്ധം, മറ്റുള്ളവരിലുണ്ടാക്കുന്ന പ്രത്യാഘാതം എന്നിവ കൂടി പരിശോധിച്ചാണ് അതിനെ വിലയിരുത്തേണ്ടത്.ഇതേ സമീപനം സിനിമയിലെ കഥാപാത്രങ്ങൾക്കും ബാധകമാണ്. കഥാപാത്രം എന്താണ് ചെയ്യുന്നത് എന്നതിനൊപ്പം എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്, സിനിമ അതിനെ എങ്ങനെ അവതരിപ്പിക്കുന്നു, അതിന്റെ ഫലങ്ങൾ എന്താണ് എന്നിവയും പരിശോധിക്കേണ്ടതുണ്ട്.
'ബാലൻ ദ ബോയ്'യിൽ അമ്മയുടെ അമിതമായ സംരക്ഷണവും മകന്റെ സ്വാതന്ത്ര്യവും ചർച്ചയാകുമ്പോൾ, 'ടോക്സിക്' അധികാരത്തിന്റെയും ഹിംസയുടെയും മറ്റൊരു തലമാണ് മുന്നിലെത്തിക്കുന്നത്. 'വാത്സല്യ'ത്തിൽ കുടുംബത്തിനുവേണ്ടിയുള്ള ത്യാഗവും കുടുംബാംഗങ്ങളുടെ വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷമാണ് പുതിയ വായനകൾക്ക് വഴിയൊരുക്കുന്നത്.
പേര് മാറിയാലും മനുഷ്യൻ മാറുമോ?
'വാത്സല്യം' സിനിമയിലെ രാഘവൻ നായരുടെ 'മനുഷ്യനാവടാ ആദ്യം' എന്ന ഡയലോഗിനൊപ്പം 'ബാലൻ ദ ബോയ്'യിലെ മറ്റൊരു രംഗവും ഓർത്തെടുക്കാം. ഓരോ ദേശത്തേക്ക് പലായനം ചെയ്യുമ്പോഴും അമ്മ മകന്റെ പേര് മാറ്റിപ്പറയുന്ന രംഗം. അടുത്ത സ്ഥലത്ത് അവന്റെ പേര് എന്തായിരിക്കും എന്ന ചോദ്യം അവിടെ ഉയരുന്നുണ്ട്.പേര് മാറുന്നതുകൊണ്ട് ഒരാളുടെ ഉള്ളിലെ മനുഷ്യൻ മാറുന്നുണ്ടോ? അതുപോലെ ഒരു കഥാപാത്രത്തിന് പുതിയ കാലം പുതിയൊരു വിശേഷണം നൽകുമ്പോൾ അയാളുടെ പ്രവൃത്തികൾക്ക് പുതിയ അർഥം ലഭിക്കുകയാണോ?
ഒരുപക്ഷേ, ഈ സിനിമകളെ ചേർത്തുവായിക്കുമ്പോൾ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിവ് അതാണ്. മനുഷ്യരെ സ്നേഹിക്കുന്നതും അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും രണ്ടാണ്. കുടുംബത്തിനുവേണ്ടി ത്യാഗം ചെയ്യുന്നതും അതിന്റെ പേരിൽ മറ്റുള്ളവരിൽനിന്ന് അനുസരണം ആവശ്യപ്പെടുന്നതും രണ്ടാണ്. ഒരു കഥാപാത്രത്തെ ഇഷ്ടപ്പെടാം. അയാളുടെ നല്ല വശങ്ങളെ അംഗീകരിക്കാം. അതേസമയം അയാളുടെ തെറ്റായ പ്രവൃത്തികളെ വിമർശിക്കുകയും ചെയ്യാം. അതാണ് സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ അർഥവത്താക്കുന്നത്.
'വാത്സല്യ'ത്തിലെ രാഘവൻ നായർ അന്നും ടോക്സിക് ആയിരുന്നോ, അതോ ഇന്ന് നമ്മൾക്ക് അയാളിലെ ചില സ്വഭാവങ്ങൾ തിരിച്ചറിയാൻ കഴിയുന്നുവെന്നതാണോ മാറ്റം? സ്നേഹത്തിന്റെ പേരിൽ മറ്റൊരാളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുമ്പോൾ ആ ബന്ധം എത്രത്തോളം ആരോഗ്യകരമാണ്? ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങളില്ല, ഓരോരുത്തർക്കും അവരവരുടെ രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന സംശയങ്ങളാണ് പലതിന്‍റെയും ഉത്തരം.
വ്യക്തിപരമായ അനുഭവങ്ങൾ, ചിന്തകൾ, സാഹചര്യങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം ഉത്തരങ്ങളെ സ്വാധീനിക്കും. ഒരാൾക്ക് ശരിയെന്ന് തോന്നുന്ന വിശദീകരണം മറ്റൊരാൾക്ക് പൂർണമായി അംഗീകരിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ചില സംശയങ്ങൾക്ക് ഒരൊറ്റ ഉത്തരത്തിൽ എത്തുക വളരെ കോംപ്ലിക്കേറ്റഡായ സംഗതിയാണ്. സിനിമയെ വെറുമൊരു വിനോദമായി കണ്ട് മറക്കുന്ന കാലം പോയി; ഓരോ ഫ്രെയിമിനെയും ഒപ്പിയെടുത്ത്, അതിന്റെ ഡെപ്ത് അറിഞ്ഞ് ചർച്ച ചെയ്യുന്ന ഒരു 'ഇന്റലക്ച്വൽ ആസ്വാദക സമൂഹമാണിന്നുള്ളത്. സിനിമകൾ അരച്ചുകലക്കി കുടിക്കുന്ന ചിലരും വല്ലാതെ ടോക്സിക്ക് ആയി മാറുന്നുണ്ടോ എന്ന സംശയം മാത്രമാണ് ബാക്കി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.