റോഡിലെ രാജാവും സ്‌ക്രീനിലെ നൊമ്പരവും: 'പപ്പയുടെ സ്വന്തം അപ്പൂസിലെ' ടാറ്റ എസ്റ്റേറ്റ്!
"റബർ എസ്റ്റേറ്റിൽ കാണിക്കേണ്ടത് ടാറ്റ എസ്റ്റേറ്റിൽ കാണിക്കുന്നു, നാണം കെട്ടവൻ!" മിന്നാരം സിനിമയിൽ ജഗതിയുടെ ഈ കോമഡിക്ക് പഞ്ച് കിട്ടാൻ ഒരു കാറിൻ്റെ പേര് ഡയലോഗിൽ ചേർത്തിരുന്നു. അന്നീ കാറിൻ്റെ പേര് പോലും അറിയില്ലായിരുന്നു.
എല്ലാവർക്കും ഒരേപോലെ ഇഷ്ടമുള്ള ഒരു കാര്യവും ലോകത്തുണ്ടാകില്ല. അതിപ്പോ ഫുഡായാലും യാത്രകളായാലും എന്തുതന്നെയായാലും ടേസ്റ്റുകൾ വേറെയായിരിക്കും. എന്നാൽ 'വണ്ടി പ്രാന്തൻ'മാർക്കെല്ലാം പൊതുവായി ഇഷ്ടപ്പെടുന്ന ചില കാറുകൾ എല്ലായിടത്തുമുണ്ട്!
ചില കാറുകൾ ഓർക്കപ്പെടുന്നത് അവയുടെ മോഡൽ പേരുകൊണ്ടായിരിക്കണമെന്നില്ല. അവ വന്നുപോയ സിനിമകൾ, ഡയലോഗുകൾ, ഗാനരംഗങ്ങൾ ഒക്കെ കൊണ്ടായിരിക്കും ആ ഓർമകൾ വർഷങ്ങളോളം കൂടെ കൊണ്ടു നടക്കുന്നത്. പറഞ്ഞു വരുന്നത് ടാറ്റ എസ്റ്റേറ്റ് എന്ന പഴയ കാല ട്രെൻഡ് സെറ്റർ വാഹനത്തെ കുറിച്ചാണ്.
കുടുംബ ബന്ധങ്ങളിലെ തീവ്രത നിറച്ച കഥയും മനസ്സിൽ നിന്നും മായാത്ത ഗാനങ്ങളുമായി മലയാളികളെ കരയിപ്പിച്ച 'പപ്പയുടെ സ്വന്തം അപ്പൂസി'ൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സന്തത സഹചാരിയായിരുന്നു ചുവന്ന കളറിൽ KL-4-A-889 നമ്പർപ്ലേറ്റുള്ള ടാറ്റ എസ്റ്റേറ്റ്.
1990-കളിലെ കേരളത്തിലെ റോഡുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നതിൻ്റെ ഭാഗമായി, പഴയ സിനിമകൾ കാണുമ്പോൾ കണ്ണിൽപ്പെടുന്നൊരു കാഴ്ചയുണ്ട്. അല്ലെങ്കിൽപഴയ കല്യാണ വിഡിയോകൾ കണ്ടാലും മതിയാകും, അംബാസിഡറും കോണ്ടസയും മാരുതി 800ഉം നിറഞ്ഞ കേരളീയ മധ്യവർഗ്ഗ ഇടത്തരം ജീവിതങ്ങൾ നിറഞ്ഞ റോഡുകൾ. കണ്ടുശീലിച്ച വാഹനങ്ങളിൽ നിന്നൊരു മാറ്റം ആളുകൾ ആഗ്രഹിച്ച സമയത്താണ് അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച്
നീളൻ ബോഡിയും, വലിയ വിൻഡോകളും, പിന്നിലേക്ക് നീണ്ടുനിൽക്കുന്ന രൂപവുമൊക്കെയായി ടാറ്റ എസ്റ്റേറ്റിൻ്റെ പിറവി.
കനവും നീ നിനവും നീ........
1992 സെപ്റ്റംബർ 4-ന് പുറത്തിറങ്ങിയ ഫാസിലിന്റെ 'പപ്പയുടെ സ്വന്തം അപ്പൂസ്' മമ്മൂട്ടി, ശോഭന, സുരേഷ് ഗോപി, ബാലതാരം ബാദുഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തി സൂപ്പർ ഹിറ്റടിച്ച ചിത്രമായിരുന്നു. ഇളയരാജയുടെ സംഗീതവും വലിയ ആകർഷണമായിരുന്നു.
മമ്മൂട്ടി അവതരിപ്പിച്ച ബാലചന്ദ്രൻ എന്ന കഥാപാത്രം പുറമേ നിന്ന് നോക്കുമ്പോൾ എല്ലാം നേടിയെടുത്ത ഒരാളാണ്. പക്ഷേ ഉള്ളിൽ അയാൾ തകർന്നുകിടക്കുകയാണ്. ഭാര്യയുടെ മരണശേഷം മകനായ അപ്പൂസിൽനിന്ന് അകന്നുപോകുന്ന ഒരു അച്ഛനാണയാൾ. അതുകൊണ്ടുതന്നെ ഈ കാറിലെ പല യാത്രകളും വെറുമൊരു യാത്രയല്ല; അച്ഛനും മകനും തമ്മിലുള്ള അകലത്തിന്റെയും അടുപ്പത്തിന്റെയും ദൃശ്യങ്ങൾ കൂടിയാണ് ഈ കാർ വഴി കണക്ട് ചെയ്യുന്നത്. അച്ഛന്റെ സ്നേഹവും ശ്രദ്ധയും കിട്ടാതെ വിഷമിക്കുന്ന മകന്റെയും, ഇവരുടെ ബന്ധത്തിലെ വിള്ളലുകളും അതിനുശേഷമുള്ള ഹൃദയസ്പർശിയായ രംഗങ്ങളും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.
അതുകൊണ്ടുതന്നെ ആ ചുവന്ന എസ്റ്റേറ്റിനെ ഓർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് അപ്പൂസിന്റെ ഒറ്റപ്പെടലും ബാലചന്ദ്രന്റെ നിരാശകളുമാണ്.
“ഓലത്തുമ്പത്തിരുന്നൂയലാടും...” എന്ന പാട്ട് ഇന്നും ആ കാലഘട്ടത്തിന്റെ ഒരു പ്രത്യേക മണവും നിറവും മനസ്സിലേക്ക് കൊണ്ടുവരുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയ ഈ ഗാനത്തിന് എസ്. ജാനകിയായിരുന്നു മനോഹര ശബ്ദം നൽകിയത്. മെയിൽ വേർഷനിൽ സാക്ഷാൽ യേശുദാസും.
അയൽ വീട്ടിലെ പെട്ടി ടിവിയും നൊസ്റ്റാൾജിയയും ഞായറാഴ്ച്ച വൈകുന്നേരങ്ങളും:
അന്ന് ഞായറാഴ്ച വൈകുന്നേരം 4 മണിയാകാൻ വേണ്ടിയാണ് ആ ആഴ്ച മുഴുവൻ കുട്ടികളെല്ലാം കാത്തിരുന്നത്. ഏഷ്യാനെറ്റോ സൂര്യയോ ഒന്നുമില്ലാത്ത കാലം; ദൂരദർശൻ മാത്രമാണ് ലോകത്തിലേക്കുള്ള ഒരേയൊരു ജാലകം. സ്വന്തം വീട്ടിൽ അന്ന് ടി.വി ഉണ്ടായിരുന്നില്ല.ഓത്തുപള്ളി കഴിഞ്ഞ് വീട്ടിലെത്തി ഒരൊറ്റ ഓട്ടമാണ്, അയൽപക്കത്തെ ടിവിയുള്ള വീട്ടിലേക്ക്! ദൂരദർശന് മുന്നിൽ ആക്രാന്തത്തോടെ പോയിരുന്ന ആ വൈകുന്നേരമാണ് 'പപ്പയുടെ സ്വന്തം അപ്പൂസ്' ആദ്യമായി കാണുന്നത്.
തുടക്കത്തിൽ സിനിമ തന്നത് ചിരിയുടെ പൂരം! അപ്പൂസ് കുസൃതി കാണിച്ച് നടക്കുന്നതും, ചാണകമെടുത്ത് ശങ്കരാടി ചേട്ടന്റെ ദേഹത്തേക്ക് എറിയുന്നതുമൊക്കെ കണ്ട് വയറു നിറയെ ചിരിച്ചു മറിഞ്ഞ ഓർമ ഇപ്പോഴുമുണ്ട്. കുട്ടിക്കാലത്തിന്റെ എല്ലാ കുസൃതികളും നിറഞ്ഞ ഒരു ലൈറ്റ്-ഹാർട്ടഡ് കോമഡി ചിത്രമായിട്ടാണ് പടം തുടങ്ങിയത്.
പക്ഷേ, കഥ മുന്നോട്ട് പോകുന്തോറും ചിരികളെല്ലാം പതിയെ മാഞ്ഞുതുടങ്ങി. കോമഡി ട്രാക്കിൽ നിന്ന് സിനിമ പെട്ടെന്നാണ് വലിയൊരു ഇമോഷണൽ-സെന്റിമെന്റൽ തലത്തിലേക്ക് മാറിയത്. അപ്പൂസിന്റെ സങ്കടങ്ങളും കുഞ്ഞു മനസ്സിലെ വേദനകളും സ്ക്രീനിൽ തെളിഞ്ഞപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു.
അവസാന ഭാഗങ്ങളിലേക്ക് കടന്നപ്പോൾ നെഞ്ച് പിടയുന്ന സങ്കടമായിരുന്നു. കരച്ചിൽ പുറത്തുവരാതിരിക്കാൻ ചുറ്റും ഒന്നു പാളി നോക്കിയപ്പോൾ സിനിമ കാണാനിരിക്കുന്ന മറ്റു കുട്ടികളും കണ്ണു തുടയ്ക്കുന്നു! കൊച്ചു കുട്ടിയെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ, ആ ടി.വിക്ക് മുന്നിലിരുന്ന എല്ലാവരുടെയും കണ്ണുനനയിച്ച നിമിഷമായിരുന്നു അത്.
വർഷങ്ങൾ എത്ര കഴിഞ്ഞാലും, ടി.വിയിൽ കണ്ട 'പപ്പയുടെ സ്വന്തം അപ്പൂസ്' നൽകിയ ആ ഇമോഷണൽ അനുഭവം മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.
ഇമോഷണൽ രംഗങ്ങളുടെ ബ്യൂട്ടി നിറഞ്ഞ "പപ്പയുടെ സ്വന്തം അപ്പൂസ്"
കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയും കുടുംബബന്ധങ്ങളുടെ ചൂടുമൊക്കെ പാട്ടുകളിൽ നിറയുമ്പോൾ, സിനിമയുടെ മറുവശത്ത് ബാലചന്ദ്രന്റെ ജീവിതത്തിൽ നിറയുന്നത് നഷ്ടബോധമാണ്. അതുകൊണ്ടുതന്നെ ഈ പാട്ടും സിനിമയിലെ അപ്പൂസിന്റെ ലോകവും ഇന്നും ബാല്യകാല ഓർമകളായി തുടരുന്നു.
സിനിമയിലെ വൈകാരികത ഏറ്റവും ശക്തമാകുന്ന ഘട്ടങ്ങളിലെ ഗോപനും ബാലുവും തമ്മിലുള്ള സംഭാഷണം ഇന്നും മനസ്സിനെ പൊള്ളിപ്പിക്കുന്നുണ്ട്.
ഗോപൻ : "അവിടെ കിടക്കുന്ന ആ കുഞ്ഞിന്റെ ജീവൻ മറന്നിട്ട് ബാലുന് പോയി ഒരുത്തനെ കൊല്ലണമല്ലേ..... ബാലു ഒരിക്കലും അവനെ സ്നേഹിച്ചിട്ടില്ല.. ഇത്രയും കാലം വെറുതെ സ്നേഹം നടിച്ചിട്ടേ ഉള്ളു... ഒരഞ്ചു മിനിറ്റ് അടുപ്പിച്ച് ഇരുന്നിട്ടുണ്ടോ അവന്റെ അടുത്ത് എന്നെങ്കിലും.. ശകാരം അല്ലാതെ ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ അവന്റെ അടുത്ത് ഇതുവരെ... എന്നിട്ടിപ്പോ പോകുന്നു മോനോടുള്ള സ്നേഹം കാണിക്കാൻ.. ഒരല്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ പോയി ഇരിക്ക് അവന്റെ അടുത്ത് നേരം വെളുക്കും വരെ.. നാളെ രാവിലെ അവന്റെ ഓപ്പറേഷനാ... കഴിഞ്ഞ 30 മണിക്കൂറായി അപ്പൂനെ ഒന്ന് ഓപ്പറേഷൻ തിയറ്റർ വരെ എത്തിച്ചു തരണേ ദൈവമേ എന്ന് ഞാൻ പ്രാർഥിക്കാത്ത സമയം ഇല്ല. ഇന്ന് രാത്രി അവന്റെ ശരീരം ഒരല്പം പോലും ഇളകാൻ പാടില്ല. കണ്ണിൽ എണ്ണ ഒഴിച്ച് അവന്റെ പപ്പ അവന്റെ അടുത്ത് ഇരിക്കണേ എന്ന് ഞാൻ ആഗ്രഹിച്ചു എന്നിട്ടും".
ഇമോഷണൽ രംഗങ്ങളിൽ മമ്മൂക്കയോട് കട്ടക്ക് നിന്ന് സുരേഷ് ഗോപി സ്കോർ ചെയ്തെന്ന് തോന്നിയ ഗംഭീര രംഗമായിരുന്നു ആ സീൻ. തിരിച്ചൊരൊറ്റ ഡയലോഗിൽ മമ്മൂട്ടി തൻ്റെ സ്ഥാനം തിരിച്ചു പിടിക്കുന്നുണ്ട് എന്നത് വേറെ കാര്യം.
ബാലു : "ഞാൻ ഇരുന്നോളാം എന്റെ മോന്റെ അടുത്ത് എത്ര രാത്രിയിൽ ആണേലും. അവൻ അല്പം പോലും അനങ്ങാതെ ഞാൻ നോക്കിക്കോളാം... ഗോപാ നീ എന്നെ തല്ലുകയോ കൊല്ലുകയോ എന്ത് വേണേൽ ചെയ്തോ പക്ഷേ ആര് പറഞ്ഞാലും നീ മാത്രം പറയരുത്.. ഒരിക്കലും പറയരുത് ഗോപാ.. ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടില്ലാന്ന്".
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം.... പൂക്കാലം .....
ആ രംഗം ഓർക്കുമ്പോൾ വീണ്ടും മനസ്സിലേക്ക് വരുന്നത് ആ ചുവന്ന കാറാണ്. വയ്യാത്ത അവസ്ഥയിൽ അപ്പൂസുമായി കാറിലൊരു യാത്രയും സങ്കടപ്പെടുത്തുന്ന ഒരു പാട്ടും വരുന്നുണ്ട്. "എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം"...
ബാലചന്ദ്രന്റെ ജീവിതശൈലിയുടെ ഭാഗമായാണ് ടാറ്റ എസ്റ്റേറ്റ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അന്നത്തെ സാധാരണ കാറുകളിൽനിന്ന് അതിന്റെ രൂപം തന്നെ വ്യത്യസ്തമായിരുന്നു. നീളമുള്ള ബോഡിയും ഗ്ലാസ് ഏരിയയുമുള്ള വലിയൊരു സ്‌റ്റേഷൻ വാഗനായിരുന്നു ടാറ്റ എസ്റ്റേറ്റ്.
1992-ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. 2000 വരെ ഉൽപ്പാദനം തുടർന്നു. ടാറ്റയുടെ ആദ്യകാല പാസഞ്ചർ-കാർ ശ്രമങ്ങളിൽ 1991-ൽ എത്തിയ സിയറയ്ക്ക് പിന്നാലെയാണ് എസ്റ്റേറ്റ് എത്തുന്നത്.
അന്ന് ഇന്ത്യയിൽ സ്റ്റേഷൻ വാഗൺ എന്ന ആശയം തന്നെ പരിചിതമായിരുന്നില്ല. സെഡാനുകളും വിരലിലെണ്ണാവുന്നത്ര പോലുമില്ലാത്ത ചെറിയ ഹാച്ച്ബാക്കുകളും മാത്രം നിരത്തിലുണ്ടായിരുന്ന കാലത്ത്, ഇത്രയും നീളമുള്ള പ്രത്യേക ഷേപ്പുള്ള, ഫീച്ചർ ലോഡഡായ ഒരു കാർ റോഡിൽ സ്വാഭാവികമായും ശ്രദ്ധ നേടുമെന്ന് ടാറ്റ കണക്കുകൂട്ടിയിരിക്കണം.
എസ്റ്റേറ്റിന്റെ പുറം ഡിസൈനിൽ അന്നത്തെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഷൻ വാഗൺ മോഡലുകളുടെ സ്വാധീനം ഉണ്ടായിരുന്നുവെന്നാണ് രേഖകൾ പറയുന്നത്. അതിന്റെ രൂപത്തിന് ഇന്നും ഒരു പ്രത്യേക യൂറോപ്യൻ ഭാവമുണ്ട്.
കൺഫ്യൂഷൻ തീർക്കണമേ! ...
വലിയ ബോഡി രൂപമായതിനാൽ അഞ്ച് സീറ്റർ
എസ്റ്റേറ്റിനെ കണ്ടാൽ പലർക്കും അത് ഏഴ് സീറ്ററാണെന്ന് വരെ തോന്നുമായിരുന്നു. കുടുംബയാത്രകൾക്കും വലിയ ലഗേജിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള പിൻഭാഗം, മടക്കി വെക്കാവുന്ന പിൻസീറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇതിനെ അന്നത്തെ സാധാരണ കാറുകളിൽനിന്ന് തീർത്തും വ്യത്യസ്തമാക്കി.
ഇന്ന് ഒരു കാറിൽ സാധാരണമായി തോന്നുന്ന ചില സൗകര്യങ്ങൾ അന്ന് അത്ര സാധാരണമായിരുന്നില്ല. പവർ വിൻഡോസ്, പവർ സ്റ്റിയറിങ്, ടാക്കോമീറ്റർ തുടങ്ങിയവ അക്കാലത്ത് അത്യത്ഭുതമായിരുന്നു എന്ന് ഇന്നത്തെ കാലത്തിരുന്ന് ഓർക്കുന്നത് തന്നെ കൗതുകമായി തോന്നുന്നു.
'രണ്ടുമുറിയും അടുക്കളയുമുള്ള കാർ!'
അക്കാലത്ത് ആളുകൾ തമാശയായും അത്ഭുതത്തോടെയും ടാറ്റ എസ്റ്റേറ്റിനെ വിളിച്ചിരുന്ന ഒരു വിളിപ്പേരായിരുന്നു "രണ്ടുമുറിയും അടുക്കളയുമുള്ള കാർ!"
സാധാരണ കാറുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഇതിന്റെ നീളമേറിയ സ്റ്റേഷൻ വാഗൺ രൂപവും, ഉള്ളിൽക്കയറിയാൽ വിശാലമായ ക്യാബിനും, പിന്നിൽ ഒരു ചെറിയ മുറിയോളം പോന്ന ബൂട്ട് സ്‌പേസും കണ്ടാണ് ആളുകൾ ഈ പേരിട്ടു വിളിച്ചത്. ശരിക്കും പറഞ്ഞാൽ ഒരു വലിയ വീട് റോഡിലൂടെ ഓടിപ്പോകുന്നതുപോലെയുള്ള പ്രൗഢമായ ലുക്ക് തന്നെയായിരുന്നു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത!
ടാറ്റ എസ്റ്റേറ്റിന്റെ സാധാരണ അവസ്ഥയിലുള്ള ഡിക്കി/ബൂട്ട് സ്‌പേസ് 420 ലിറ്റർ ആയിരുന്നു!
ഇതിന്റെ പിന്നിലെ സീറ്റുകൾ മടക്കി വെക്കാനും സാധിക്കുമായിരുന്നു. സീറ്റുകൾ മടക്കിവെച്ചാൽ ഈ ലഗേജ് സ്‌പേസ് 980+ ലിറ്റർ വരെയായി ഉയരുമായിരുന്നു! 1990കളുടെ തുടക്കത്തിലാണ് ഇതൊക്കെയെന്ന് ഓർക്കണം!
ഒരു ചെറിയ മുറിയുടെ വലിപ്പമുള്ള ഈ വലിയ ബൂട്ട് കണ്ടാണ് ആളുകൾ അതിനെ തമാശയായി "അടുക്കളയും മുറികളുമുള്ള കാർ" എന്ന് വിളിച്ചിരുന്നത്.
സൂപ്പർ ഫീച്ചറുകളുടെ നീണ്ട നിര
തൊണ്ണൂറുകളിൽ ഇന്ത്യൻ നിരത്തുകളിൽ ഓടിയിരുന്ന സാധാരണ കാറുകളിൽനിന്ന് ടാറ്റ എസ്റ്റേറ്റിനെ വേറിട്ടുനിർത്തിയിരുന്നത് അക്കാലത്ത് അപൂർവമായിരുന്ന നിരവധി സൗകര്യങ്ങളായിരുന്നു. ഇന്ന് സാധാരണയായി തോന്നുന്ന പല ഫീച്ചറുകളും അന്ന് എസ്റ്റേറ്റിൽ കാണുമ്പോൾ കൗതുകം തോന്നിയിരുന്നു.
മഴയത്തും മഞ്ഞിലും കാഴ്ച ഉറപ്പാക്കുന്ന പിൻഗ്ലാസ്:
അക്കാലത്ത് പല കാറുകളിലും മുൻവശത്തെ ചില്ലിലെ വൈപ്പർ മാത്രമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. എന്നാൽ ടാറ്റ എസ്റ്റേറ്റിൽ പിൻവശത്തെ ചില്ലിനായി റിയർ വൈപ്പർ, ചില്ലിലെ മഞ്ഞും ഈർപ്പവും നീക്കി കാഴ്ച വ്യക്തമാക്കാൻ ഡിഫോഗർ, ചില്ലിലേക്ക് വെള്ളം തളിക്കാനുള്ള വാഷർ സംവിധാനം വരെ നൽകിയിരുന്നു എന്നതാണ്.
വലിയ വിൻഡോകൾ:
വശങ്ങളിലെയും പിൻഭാഗത്തെയും വലിപ്പമേറിയ ഗ്ലാസ് ഏരിയ എസ്റ്റേറ്റിന്റെ ശ്രദ്ധേയമായ ഡിസൈൻ സവിശേഷതകളിലൊന്നായിരുന്നു. ഇത് യാത്രക്കാർക്ക് പുറം കാഴ്ച കൂടുതൽ വിശാലമായി ലഭിക്കാനും കാറിനുള്ളിൽ കൂടുതൽ പ്രകൃതിദത്ത വെളിച്ചം ലഭിക്കാനും സഹായിച്ചു.
ഫാക്ടറി ഫിറ്റഡ് ഓഡിയോ സംവിധാനം:
അക്കാലത്ത് പുതിയ കാർ വാങ്ങിയശേഷം പുറത്തുനിന്ന് കാസറ്റ് പ്ലെയറും സ്പീക്കറുകളും ഘടിപ്പിക്കുന്നത് സാധാരണമായിരുന്നു. എന്നാൽ ടാറ്റ എസ്റ്റേറ്റിൽ കമ്പനി ഘടിപ്പിച്ച ഓഡിയോ സംവിധാനവും സ്പീക്കറുകളും ലഭിച്ചിരുന്നു. അന്നത്തെ കാലത്ത് ഇത് തന്നെ ഒരു പ്രീമിയം അനുഭവമായിരുന്നു. ഇന്നത്തെ പോലെ
ഫീച്ചറുകൾ കുറഞ്ഞ ഒരു 'ബേസ് മോഡൽ' വേരിയൻ്റ് അന്നുണ്ടായിരുന്നില്ല. പുറത്തിറങ്ങിയ മോഡൽ തന്നെ അക്കാലത്തെ ഒരു 'ടോപ്പ് എൻഡ്' വാഹനത്തിന്റെ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു.
ഡാഷ്‌ബോർഡിലെ ആർ.പി.എം മീറ്ററും ഡിജിറ്റൽ ക്ലോക്കും:
വേഗത കാണിക്കുന്ന സ്പീഡോമീറ്ററിനൊപ്പം എൻജിന്റെ കറക്കത്തിന്റെ വേഗം അളക്കുന്ന ടാക്കോമീറ്റർ അഥവാ ആർ.പി.എം മീറ്ററും ഡിജിറ്റൽ ക്ലോക്കും എസ്റ്റേറ്റിന്റെ ഡാഷ്‌ബോർഡിലുണ്ടായിരുന്നു.
ഡോറുകൾ തുറന്നാൽ തെളിയുന്ന മുന്നറിയിപ്പ് ലൈറ്റുകൾ:
ഡോറുകൾ ശരിയായി അടഞ്ഞിട്ടില്ലെന്ന് ഡ്രൈവറെ അറിയിക്കുന്ന ഡോർ-അജാർ മുന്നറിയിപ്പ് സംവിധാനത്തിനൊപ്പം, ഡോർ തുറക്കുമ്പോൾ താഴേക്കും പുറത്തേക്കും വെളിച്ചം നൽകുന്ന റെഡ് ഡോർ ലൈറ്റുകളും എസ്റ്റേറ്റിൽ നൽകിയിരുന്നു. രാത്രിയിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാരുടെ ശ്രദ്ധയിൽ ഡോർ തുറന്നിരിക്കുന്നതറിയാനും കാറിൽനിന്ന് ഇറങ്ങുമ്പോൾ താഴെയുള്ള ഭാഗം കാണാനും ഇത് സഹായിച്ചു.
ക്രമീകരിക്കാവുന്ന സ്റ്റിയറിങ്ങ്:
ഡ്രൈവറുടെ ഉയരത്തിനും ഡ്രൈവിങ്ങ് പൊസിഷനും അനുസരിച്ച് സ്റ്റിയറിങ്ങ് ക്രമീകരിക്കാനുള്ള സൗകര്യവും എസ്റ്റേറ്റിൽ ലഭിച്ചിരുന്നു. ഇന്നത്തെ കാറുകളിൽ സാധാരണമായ ഈ സൗകര്യം അന്ന് അത്ര പരിചിതമായിരുന്നില്ല.
സെൻട്രൽ കൺസോളിലെ പവർ വിൻഡോ സ്വിച്ചുകൾ:
ടാറ്റ എസ്റ്റേറ്റിൽ നാല് പവർ വിൻഡോകളുടെയും സ്വിച്ചുകൾ ഗിയർ ലിവറിന് പിന്നിലെ സെൻട്രൽ കൺസോളിലാണ് നൽകിയിരുന്നത്. അന്നത്തെ കാലത്ത് ഇത് ഏറെ വ്യത്യസ്തമായൊരു ലേഔട്ടായിരുന്നു. അക്കാലത്തെ മറ്റു സാധാരണ വാഹനങ്ങളിൽ ഏറ്റവും വലിയ ആഡംബരം എയർ കണ്ടീഷൻ മാത്രമായിരുന്നു എന്ന് കൂടി ഇതിനൊപ്പം കൂട്ടി വായിക്കണം.
ഡോർ ലാമ്പുകൾ, റിയർ വാഷ്-വൈപ്പ്, ബൂട്ട് ലാമ്പ്, റീഡിങ് ലാമ്പ് തുടങ്ങിയ സൗകര്യങ്ങളും എസ്റ്റേറ്റിൽ ഉണ്ടായിരുന്നതായി കാണാം. അതായത് പുറമേ പഴയകാല രൂപമായിരുന്നെങ്കിലും അകത്ത് ശ്രദ്ധേയമായ നിരവധി സൗകര്യങ്ങളുണ്ടായിരുന്നു. പുറമേ പരുക്കനെന്ന് തുടക്കത്തിൽ തോന്നിപ്പിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഉള്ളിൽ എന്തൊക്കെയുള്ളയാളാണെന്ന് സിനിമ മുന്നോട്ട് നീങ്ങുന്തോറുമാണ് പ്രേക്ഷകർക്ക് മനസ്സിലാകുന്നത്. അത്തരമൊരു കഥാപാത്രത്തിന് തികച്ച അനുയോജ്യമായ കാറായി സിനിമയിലെ നിർണായക രംഗങ്ങളിലെല്ലാം ടാറ്റ എസ്റ്റേറ്റും വെള്ളിത്തിരയിൽ തിളങ്ങി.
വാതിൽ തുറക്കുമ്പോൾ തെളിയുന്ന ചുവന്ന കോർട്ടസി ലാമ്പ്' പോലുള്ള ചെറിയ കാര്യങ്ങൾ പോലും ടാറ്റ ഇതിൽ ഒരുക്കിയിരുന്നു. രാത്രിയിൽ വാതിൽ തുറക്കുമ്പോൾ ആ ചുവന്ന വെളിച്ചം തെളിയുന്ന കാഴ്ച ഇന്നും പഴയ എസ്റ്റേറ്റ് ഉടമകളുടെ ഓർമകളിലുണ്ട്.
ഡീസൽ മാത്രം: 1.9 ലിറ്റർ ഡീസൽ
എസ്റ്റേറ്റിന്റെ ഹൃദയം 1,948 സിസിയുള്ള നാല് സിലിണ്ടർ എൻജിനായിരുന്നു. ഏകദേശം 68 PS കരുത്തും 118 Nm ടോർക്കും നൽകിയിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ഉണ്ടായിരുന്നത്. പവർ മുൻചക്രങ്ങളിലേക്കല്ല, റിയർ വീൽ ഡ്രൈവ് സംവിധാനത്തിലൂടെയാണ് എത്തിയിരുന്നത്. ഇന്നത്തെപ്പോലെ പെട്രോൾ, സി.എൻ.ജി അല്ലെങ്കിൽ ഓട്ടോമാറ്റിക് പതിപ്പുകൾ അന്ന് ലഭ്യമായിരുന്നില്ല.
അതായത് ഇന്നത്തെ കണക്കിൽ ചെറിയൊരു എൻജിൻ എന്ന് തോന്നിയേക്കാമെങ്കിലും, 1990-കളിലെ ഇന്ത്യൻ കാർ വിപണിയിൽ ഇത് വലിയ ഡീസൽ കാറുകളുടെ നിരയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. എസ്റ്റേറ്റിന്റെ ഭാരം ഏകദേശം 1,640 കിലോഗ്രാം ആയിരുന്നു. ഏകദേശം 4.6 മീറ്റർ നീളവും 1.7 മീറ്റർ വീതിയും 1.61 മീറ്റർ ഉയരവുമുള്ള ബോഡി, 2,825 മില്ലിമീറ്റർ വീൽബേസ്.ഇതെല്ലാം ചേർന്നപ്പോൾ റോഡിൽ കാറിന് ലഭിച്ച അറ്റൻഷൻ സ്വാഭാവികം.
15 ഇഞ്ച് വീലുകളും 195/70 R15 ടയറുകളും ഉപയോഗിച്ചിരുന്ന പതിപ്പുകളും ഇതിന്റെ സ്പെസിഫിക്കേഷനിലുണ്ടായിരുന്നു. ഏകദേശം 160 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടായിരുന്നു. മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമായിരുന്നു.
അന്നത്തെ കാലത്ത് സാധാരണ ഒരു കാറിൽ പവർ സ്റ്റിയറിങ്, പവർ വിൻഡോ, സെൻട്രൽ ലോക്കിങ്, എ.സി, ടാക്കോമീറ്റർ തുടങ്ങിയവ ഒരുമിച്ച് ലഭിക്കുന്നത് തന്നെ വൻ സംഭവമായിരുന്നു. ഇന്നത്തെ ഒരു കാറിൽ സാധാരണമായി തോന്നുന്ന കാര്യങ്ങളാണ് അന്ന് ആഡംബരമായി പരിഗണിക്കപ്പെട്ടിരുന്നത്.
ഇതൊരു എസ്.യു.വി ആണോ?
ഒറ്റനോട്ടത്തിലെ വലിപ്പവും ഗാംഭീര്യവും കണ്ട് ഇതൊരു എസ്.യു.വി വിഭാഗത്തിൽപ്പെടുന്ന വാഹനമാണെന്ന് തോന്നുമെങ്കിലും, ടാറ്റ എസ്റ്റേറ്റ് ഒരു എസ്.യു.വി അല്ല. ഇതൊരു 'സ്റ്റേഷൻ വാഗൺ' വിഭാഗത്തിൽപ്പെടുന്ന വാഹനമാണ്.
ഒരു സാധാരണ സെഡാൻ കാറിന്റെ മുൻഭാഗവും, പിന്നിലേക്ക് റൂഫ് നീട്ടി നിർമിച്ച് കൂറ്റൻ ലഗേജ് സ്പേസും നൽകുന്ന രൂപകൽപ്പനയാണ് സ്റ്റേഷൻ വാഗണുകൾക്കുള്ളത്. വലിയ ടയറുകളും ഉയർന്ന സീറ്റിങ്ങുമുള്ള എസ്.യു.വികളിൽ നിന്ന് വ്യത്യസ്തമായി, സാധാരണ കാറുകളുടേതിന് സമാനമായ ഡ്രൈവിങ്ങ് പൊസിഷനും ഗ്രൗണ്ട് ക്ലിയറൻസുമായിരുന്നു ഇതിനുണ്ടായിരുന്നത്.
എന്നാൽ ടാറ്റയുടെ വലിയ പ്ലാറ്റ്‌ഫോമിൽ നിർമിച്ചതിനാലും വശങ്ങളിൽ വലിയ വിൻഡോകൾ ഉള്ളതിനാലും റോഡിലിറങ്ങുമ്പോൾ ഇതൊരു ഭീമൻ കാറായി ആളുകൾക്ക് തോന്നിപ്പിച്ചു. ടാറ്റ എസ്റ്റേറ്റിനു ശേഷം കമ്പനി പുറത്തിറക്കിയ പ്രശസ്തമായ 'ടാറ്റ സുമോ' ആണ് യഥാർഥത്തിൽ ഒരു എസ്.യു.വി കാറ്റഗറിയിലേക്ക് എത്തിയത്.
എസ്റ്റേറ്റിന് എല്ലാം എളുപ്പമായിരുന്നില്ല:
എസ്റ്റേറ്റ് രൂപത്തിലും സൗകര്യങ്ങളിലും മുന്നിലായിരുന്നെങ്കിലും തുടക്കകാലത്ത് ചില പ്രശ്നങ്ങൾ നേരിട്ടു. ഉയർന്ന ഇന്ധന ഉപഭോഗം, ഇലക്ട്രിക്കൽ തകരാറുകൾ, സസ്പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ആദ്യകാല കാറുകളെ ബാധിച്ചതായി രേഖകളുണ്ട്. പിന്നീട് ഉൽപ്പാദന ഘട്ടങ്ങളിൽ ഇവയിൽ ചിലത് പരിഹരിക്കുകയും ചെയ്തു.
സ്റ്റേഷൻ വാഗൺ എന്ന ആശയത്തിന് ഇന്ത്യയിൽ വലിയ ജനപ്രീതി ലഭിക്കാതിരുന്നതും എസ്റ്റേറ്റിന് തിരിച്ചടിയായി. വലിയ ബോഡി ഉണ്ടായിരുന്നെങ്കിലും അന്നത്തെ ഇന്ത്യൻ ഉപഭോക്താവിന്റെ പ്രായോഗിക ആവശ്യങ്ങളോട് കൂടുതൽ യോജിച്ചിരുന്ന എസ്.യു.വികളും എം.പി.വികളും പിന്നീട് വിപണിയിൽ ശക്തമായി. വാഹനത്തിന്റെ കനത്ത ഭാരത്തിന് അനുസരിച്ചുള്ള കരുത്ത് എൻജിനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് എ.സി ഇടുമ്പോൾ വാഹനത്തിന്റെ വലിവും വേഗതയും കാര്യമായി കുറയുമായിരുന്നു.
അങ്ങനെ 2000ത്തിൽ ടാറ്റ ഇതിൻ്റെ ഉൽപ്പാദനം അവസാനിപ്പിച്ചു. സാധാരണ റോഡുകളിൽ ഒരു ലിറ്റർ ഡീസലിന് 10 മുതൽ 12 കിലോമീറ്റർ വരെയായിരുന്നു ഇതിന്റെ മൈലേജ്. (ഹൈവേകളിൽ 14 കിലോമീറ്റർ വരെ ലഭിച്ചിരുന്നു).
എട്ട് വർഷം മാത്രം നീണ്ട ജീവിതമായിരുന്നെങ്കിലും, ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിൽ സ്വന്തമായൊരു സ്ഥാനം നേടാൻ എസ്റ്റേറ്റിന് കഴിഞ്ഞിരുന്നു.
അന്ന് എത്രയായിരുന്നു വില?
എസ്റ്റേറ്റിന്റെ 1992-ലെ വിലയെക്കുറിച്ച് ലഭ്യമായ കാലഘട്ട രേഖകളും പിന്നീട് പ്രസിദ്ധീകരിച്ച വിവരങ്ങളും ഏകദേശം 2.5 ലക്ഷം മുതൽ എന്ന നിരക്കാണ് സൂചിപ്പിക്കുന്നത്.
ഇന്നാകട്ടെ എസ്റ്റേറ്റിന് ഒരു സ്ഥിരമായ “റീ സെയിൽ വില” പറയാനും കഴിയില്ല. സാധാരണ പഴയ ഉപയോഗിച്ച കാറുകളുടെ വിപണിയിലേതുപോലെ ഇതിന് ഏകീകൃത വിലയില്ല. ഒറിജിനാലിറ്റി, ബോഡിയുടെ അവസ്ഥ, എൻജിൻ കണ്ടീഷൻ, പേപ്പർ രേഖകൾ തുടങ്ങിയ കാര്യങ്ങളാണ് വിലയെ വലിയ തോതിൽ സ്വാധീനിക്കുന്നത്. അപൂർവമായി മാത്രം അവശേഷിക്കുന്ന നല്ല കാറുകൾ വിൽക്കാതെ സൂക്ഷിക്കുന്നവരുമുണ്ടാകാം. യൂസ്ഡ് വിപണിയിൽ വൻ ഡിമാൻഡുള്ള വാഹനമൊന്നുമല്ല താനും ഇത്.
കാല് കൊടുത്താൽ പറക്കില്ല!
ആധുനിക കാറുകളുടെ വേഗതയുമായി താരതമ്യം ചെയ്താൽ ടാറ്റ എസ്റ്റേറ്റ് എൻജിൻ കരുത്തിൽ അൽപ്പം പിന്നിലായിരുന്നു എന്നതാണ് സത്യം. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത തൊടാൻ ഈ വമ്പൻ കാറിന് 40 സെക്കൻഡിലധികം സമയം ആവശ്യമായിരുന്നു. ഇന്നത്തെ ഏറ്റവും സാധാരണ കാറുകൾ പോലും വെറും 15 സെക്കൻഡിൽ താഴെ സമയം കൊണ്ട് ഈ വേഗത കൈവരിക്കുമ്പോൾ, അന്നത്തെ എസ്റ്റേറ്റിന്റെ ഈ വേഗതക്കുറവ് ഒരു പോരായ്മയായി തോന്നാം.
എന്നാൽ ടാറ്റ എസ്റ്റേറ്റ് ഒരിക്കലും ഒരു റേസിങ്ങ് കാറോ വേഗതയ്ക്കുവേണ്ടി ഉണ്ടാക്കിയ വാഹനമോ ആയിരുന്നില്ല. ദീർഘദൂര കുടുംബയാത്രകളിൽ യാത്രികർക്ക് പരമാവധി സുഖസൗകര്യവും സുരക്ഷിതത്വവും ഉറപ്പുനൽകുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വേഗതയിലെ മിന്നൽ പ്രകടനത്തേക്കാൾ, റോഡിലെ ഇതിന്റെ രാജകീയ സാന്നിധ്യവും ഗാംഭീര്യവുമാണ് ആളുകളെ എന്നും ആകർഷിച്ചിരുന്നത്.
ആ ചുവന്ന കാർ സ്ക്രീനിൽ വന്നത് ഒരു സാധാരണ കാറായി മാത്രമല്ല. ബാലചന്ദ്രന്റെ ചിന്തകൾക്കും വിഷമങ്ങൾക്കും സന്തോഷങ്ങൾക്കും ഒപ്പം ഒരു ഭാഗമായാണ് അത് സിനിമയിൽ വന്നത്. അപ്പൂസിനൊപ്പം സഞ്ചരിച്ചപ്പോൾ, സിനിമയിലെ വൈകാരിക രംഗങ്ങൾക്കിടയിൽ പശ്ചാത്തലമായി നിന്നപ്പോൾ, പപ്പയുടെ സ്വന്തം അപ്പൂസിനൊപ്പം സ്വന്തം കാറായി എസ്റ്റേറ്റ് മലയാളികളുടെ മനസ്സിലേക്കും കുടിയേറിപ്പാർത്തു.
"നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ" ....
ഇന്ന് റോഡിൽ ഒരു പഴയ ടാറ്റ എസ്റ്റേറ്റ് കണ്ടാൽ ഒരുപക്ഷേ പലരും തിരിഞ്ഞുനോക്കും. അതിന്റെ അപൂർവത കൊണ്ടു മാത്രമല്ല. ഒരിക്കൽ അതിന്റെ സ്റ്റിയറിങ്ങിന് പിന്നിൽ മമ്മൂട്ടിയുടെ ബാലചന്ദ്രനും അപ്പൂസും ഇരുന്നുവെന്ന ഓർമ കൊണ്ടു നടക്കുന്നവരാകും പലരും.
കാലം ആ കാറിനെ റോഡുകളിൽനിന്ന് പതിയെ മാറ്റി. കാരണങ്ങൾ ചികയേണ്ടതില്ല. ഏത് തുടക്കത്തിനും ഒരവസാനവുമുണ്ടാകുമെന്നത് ഇതിൻ്റെ കാര്യത്തിലും സംഭവിച്ചു. അത്ര തന്നെ. പക്ഷേ "പപ്പയുടെ സ്വന്തം അപ്പൂസ്" സിനിമ വഴി അതിനെ മലയാളികൾ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചു വെച്ചു, ഓർമകളിൽ.
ഒരുപക്ഷേ അതുകൊണ്ടുതന്നെയാകും, വർഷങ്ങൾക്കിപ്പുറവും “ടാറ്റ എസ്റ്റേറ്റ്” എന്ന് കേൾക്കുമ്പോൾ കാറിനൊപ്പം മനസ്സിൽ തെളിയുന്നത് ആ സിനിമ തന്നെയാകുന്നത്.
"എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം.. പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ....വാടല്ലേ പൂവേ".
ചാറ്റൽ മഴ നിറഞ്ഞ ഒരു വൈകുന്നേരം അപ്പൂസിൻ്റെ അച്ഛനുമമ്മയും ഒരുമിച്ച് ആ കാറിൽ ഈ പാട്ടും പാടി ഏതൊക്കെയോ റോഡിലൂടെ അപ്പൂസിനെ തേടി പരക്കം പായുന്നത് സ്വപ്നം കണ്ട് ഞെട്ടിയെണീറ്റിട്ടുണ്ട്. വളർന്നു വലുതാകുമ്പോൾ ഇതുപോലൊരു കാർ വാങ്ങി എങ്ങാണ്ടെങ്ങാണ്ടൊക്കെയോ ഓടിച്ചു പോണമെന്ന് കൊതിയോടെ ഓർത്ത ബാല്യ കാലമൊക്കെ എന്തുവേഗത്തിലാണ് നമ്മളിൽ നിന്ന് കടന്നുപോയത്.
പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗമാർജജിക്കാൻ ടാറ്റ എസ്റ്റേറ്റിന് വേണ്ട 40ലധികം സെക്കൻ്റ് പോലും വളരെ വലുതായി ഇന്ന് തോന്നുന്നത് 14 സെക്കൻ്റിൽ താഴെ സമയം കൊണ്ട് 100 പിടിക്കുന്ന സാദാ കാറുകൾ രംഗം കീഴടക്കിയത് കൊണ്ട് മാത്രമായിരിക്കില്ല. ചെരിപ്പ് കയ്യിലെടുത്ത് പിടിച്ച് ഓടിയാൽ വേറെയൊർക്കും നമ്മളെ ഓട്ടത്തിൽ തോൽപിക്കാൻ പറ്റില്ലെന്ന് കരുതിയിരുന്ന കുട്ടിക്കാല നൊസ്റ്റാൾജിയ അടിവയറ്റിലെവിടെയോ കിടന്ന് കടലിരമ്പും പോലെ ഓർമകളെ ഇറുക്കിപ്പുണരുന്നത് കൊണ്ട് കൂടിയായിരിക്കും!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.