വാൾട്ട് ഡിസ്നി കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഡെഡ്‌ലൈൻ റിപ്പോർട്ട് അനുസരിച്ച്, ഫിലിം, ടെലിവിഷൻ യൂനിറ്റുകളുടെ മാർക്കറ്റിങ് വിഭാഗത്തിൽ നിന്നുൾപ്പെടെ ഡിസ്നി എന്റർടൈൻമെന്റ് വിഭാഗങ്ങളിലുടനീളമുള്ള ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിച്ചത്.
ടെലിവിഷൻ പബ്ലിസിറ്റി, കാസ്റ്റിങ്, കോർപ്പറേറ്റ് ഫിനാൻഷ്യൽ ഓപ്പറേഷൻസ് ഡിവിഷനുകൾ എന്നിവയിലെ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ടീമുകളിലെ വ്യക്തികളെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഒരു വകുപ്പിനെയും മുഴുവനായും ഒഴിവാക്കിയിട്ടില്ലെന്ന് സ്രോതസുകൾ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് തീരുമാനം ജീവനക്കാരെ അറിയിച്ചത്.
കഴിഞ്ഞ 10 മാസത്തിനിടെ ഡിസ്നി ടെലിവിഷൻ പ്രവർത്തനങ്ങളെ ബാധിച്ച നാലാമത്തെയും ഏറ്റവും വലിയതുമായ പിരിച്ചുവിടലാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്പനികളിലെ ചെലവ് ചുരുക്കൽ പ്രക്രിയയുടെ ഭാഗമാണ് ഈ നീക്കം. 2023ൽ സി.ഇ.ഒ ആയി തിരിച്ചെത്തിയ ഡിസ്നിയുടെ ബോബ് ഇഗർ കുറഞ്ഞത് 7.5 ബില്യൺ യു.എസ് ഡോളറിന്റെ ചെലവ് ചുരുക്കൽ ലക്ഷ്യം വെച്ചിരുന്നു. അതേ വർഷം തന്നെ ഏകദേശം 7,000 ജോലികളാണ് ഇല്ലാതായത്.
മാർച്ചിൽ എ.ബി.സി ന്യൂസിലും അതിന്റെ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്സ് ഡിവിഷനിലും 200 ഓളം തസ്തികകൾ ഡിസ്നി ഒഴിവാക്കിയിരുന്നു. ആ പിരിച്ചുവിടലുകൾ ഡിവിഷനിലെ ജീവനക്കാരുടെ ഏകദേശം ആറ് ശതമാനത്തെ പ്രതിനിധീകരിക്കുന്നുണ്ട്. പരമ്പരാഗത ടി.വി മേഖലയിലെ സാമ്പത്തിക സമ്മർദങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.