തിരുത്തിയും തിരുത്തിച്ചും Ayali

500ലധികം വർഷമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പിന്തുടരുന്ന ഒരു ഗ്രാമം. പുരുഷ മേധാവിത്വകേന്ദ്രീകൃതമായ ഈ ആചാരങ്ങൾ സ്ത്രീകളെ നിശ്ശബ്ദയാക്കാനും അടിച്ചമർത്താനും മാത്രമായി ഉപയോഗിക്കുന്നു. മുത്തുകുമാർ രചനയും സംവിധാനവും നിർവഹിച്ച തമിഴ് വെബ് സീരീസ് ‘അയലി’ പറയുന്നത് ഈ ഗ്രാമത്തിന്റെ, അവിടത്തെ പെൺകുട്ടികളുടെ കഥയാണ്. പെൺകുട്ടികൾ ഋതുമതിയായാൽ ഉടൻ പ്രായം നോക്കാതെ വിവാഹം കഴിച്ച് അയക്കും. ഇതോടെ പഠനം മുടങ്ങും, ഒപ്പം ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും. നൂറ്റാണ്ടുകൾക്കുമുമ്പ് പ്രായപൂർത്തിയായ ഒരു പെൺകുട്ടി പുറംനാട്ടുകാരനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഗ്രാമത്തിന്റെ സംരക്ഷകയായ അയലി ദേവിയുടെ ശാപം ഇവിടത്തുകാർക്കുമേൽ പതിച്ചുവെന്നാണ് വിശ്വാസം. ഇതോടെ ഇവർക്ക് മറ്റൊരു ഗ്രാമത്തിൽ അഭയം തേടേണ്ടിവന്നു. അന്നുമുതൽ പെൺകുട്ടികൾക്ക് ആർത്തവം വന്നാലുടൻ അവരുടെ വിവാഹം നടത്തിപ്പോന്നു. പാരമ്പര്യമായതുകൊണ്ടു മാത്രമല്ല, മറ്റുള്ളവർക്കു മുന്നിൽ അഭിമാനം സംരക്ഷിക്കുന്നതിനും അന്തസ്സ് ഉയർത്തിപ്പിടിക്കാനും മാതാപിതാക്കൾ അതിനെ ഉപയോഗിക്കുന്നു. കുട്ടികളായിരിക്കുമ്പോൾതന്നെയുള്ള വിവാഹവും പ്രസവവും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അറിയാമെങ്കിലും സ്ത്രീകൾ ആരുംതന്നെ ഇതിനെതിരെ ശബ്ദിക്കാൻ തയാറാകുന്നില്ല. പഠനമോഹം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കുവേണ്ടി ജീവിക്കുന്നവരാണ് ഇവിടത്തെ സ്ത്രീകൾ.

എന്നാൽ, 90 കാലഘട്ടത്തിൽ ജീവിക്കുന്ന തമിഴ്സെൽവി എന്ന പെൺകുട്ടിക്ക് പഠിക്കണമെന്നും ഡോക്ടറാകണമെന്നുമുള്ള ആഗ്രഹം ഉടലെടുക്കുന്നതോടെ ഇതുവരെ പിന്തുടർന്നുപോന്ന പലതും തെറ്റാണെന്ന് മനസ്സിലാക്കുന്നു. പ്രായപൂർത്തിയാകുമ്പോൾതന്നെ ഡോക്ടർ സ്വപ്നം ഇല്ലാതാകുമെന്നും ശക്തിവേലുമായുള്ള വിവാഹം നടക്കുമെന്നും ആ പെൺകുട്ടി തിരിച്ചറിയുന്നു. ഗ്രാമത്തിലെ ആചാരങ്ങൾ മൂലം മാതാപിതാക്കൾ പിന്തുണക്കില്ലെന്നും അവൾ മനസ്സിലാക്കുന്നു. ഇതോടെ ആദ്യമായി ആർത്തവം വന്നകാര്യം അവൾ സ്വന്തം അമ്മയോടുപോലും മറച്ചുപിടിക്കാൻ നിർബന്ധിതയാകുന്നു. എന്നാൽ, ഒരിക്കൽ കുറുവമ്മാൾ (തമിഴിന്റെ അമ്മ) ഇത് കണ്ടെത്തുന്നതും പിന്നീട് തമിഴ് തന്റെ സ്വപ്നങ്ങൾ നടപ്പാക്കാൻ വേണ്ടി നടത്തുന്ന തന്ത്രങ്ങളുമാണ് ‘അയലി’യിൽ ചിത്രീകരിച്ചിരിക്കുന്നത്. തമിഴിന്റെ പത്താംക്ലാസ് -ഡോക്ടർ മോഹം, ശക്തിവേലുമായുള്ള വിവാഹം, ഗ്രാമത്തിലെ ആചാരാനുഷ്ഠാനങ്ങൾ, സ്ത്രീകളെ അടിച്ചമർത്തൽ -സ്വാതന്ത്ര്യപോരാട്ടം തുടങ്ങിയവയെല്ലാം എട്ട് എപ്പിസോഡുകളിലായി ‘അയലി’യിൽ പറഞ്ഞുപോകുന്നു. ആർത്തവം, പ്രസവം, വീട്ടുജോലി തുടങ്ങിയവയുടെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നതെങ്ങനെയെന്നതാണ് ഈ വെബ് സീരീസിൽ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്നു. അബി നക്ഷത്രയാണ് തമിഴ്സെൽവിയായി വേഷമിടുന്നത്. മലയാളി താരം അനുമോൾ തമിഴിന്റെ അമ്മ കുറുവമ്മാളായി എത്തുന്നു. അബി നക്ഷത്രയുടെയും അനുമോളുടെയും ഒട്ടേറെ മനോഹരമായ രംഗങ്ങൾ ഈ സീരീസിൽ കാണാൻ സാധിക്കും. തമിഴിന്റെ സുഹൃത്തുക്കളായി എത്തുന്നവരും അധ്യാപികയുമെല്ലാം മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ്. ‘ഇനിയെന്ത്’ എന്ന ആകാംക്ഷ ഓരോ എപ്പിസോഡിലും നിലനിൽക്കുന്നതിനാൽ ഒട്ടും മടുപ്പില്ലാതെ ഈ വെബ്സീരീസ് കണ്ടുതീർക്കാനാകും. 2023 ജനുവരിയിൽ റിലീസായ ഈ സീരീസ് ZEE5ലൂടെ ആസ്വദിക്കാം.

News Summary - Correcting and rectifying Ayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.