വിവാഹം പോലുള്ള ചടങ്ങുകളിൽ താൻ ധരിക്കുന്നത് സ്വന്തം വസ്ത്രങ്ങളല്ലെന്ന് നടി സീനത്ത് അമൻ. ഡിസൈനർ വസ്ത്രങ്ങളും ആഭരണങ്ങളും കടം വാങ്ങിയാണ് ഉപയോഗിക്കുന്നതെന്നും വസ്ത്രധാരണത്തിൽ ആരാധകരിൽ സമ്മർദം ചെലുത്താൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇക്കാര്യം പങ്കുവെക്കുന്നതെന്നും സീനത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
'സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം.ഞാനും എന്റെ മക്കളുടെ പിതാവും ഒളിച്ചോടി,സിംഗപ്പൂരിൽവെച്ച് രണ്ട് സാക്ഷികളുടെ സന്നിധ്യത്തിൽ വിവാഹിതരായി. വളരെ ലളിതമായിരുന്നു. എന്നാൽ ഭക്ഷണം, സംഗീതം, നിറങ്ങൾ, സന്തോഷകരമായ അന്തരീക്ഷം എന്നിവ ചേർന്ന വലിയ ഇന്ത്യൻ വിവാഹത്തിനോടുള്ള എന്റെ താൽപര്യം നിഷേധിക്കുന്നില്ല. ഇതൊരു പകർച്ചവ്യാധിയാണ്.
ഈ അവസരത്തിൽ നിങ്ങളോട് ഒരു രഹസ്യം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരം അവസരങ്ങളിൽ ഞാൻ ധരിക്കുന്ന ഫാൻസി ഡിസൈനർ വസ്ത്രങ്ങളിൽ ഭൂരിഭാഗവും കടം വാങ്ങിയതാണ്'; അടുത്തിടെ കുടുംബത്തിനൊപ്പം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സീനത്ത് കുറിച്ചു.
'ഈ ആഭരണങ്ങൾ സുഹൃത്ത് വിമൽ എനിക്ക് കടം തന്നതാണ്. ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രം(ഷരാര) എന്റെ സുഹൃത്ത് മോഹിനി ചാബ്രിയ നൽകിയതാണ്. ഇത് ഡ്രൈക്ലീൻ ചെയ്ത് തിരികെ നൽകും. ഇക്കാര്യം ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ കാരണം, താരങ്ങളെ കണ്ട് അമിത പണം മുടക്കി വസ്ത്രങ്ങൾ വാങ്ങി, പുതിയ തലമുറയെ സമ്മർദത്തിലാക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ്. നിങ്ങൾ കടം വാങ്ങിയാലും, മിച്ചം പിടിച്ച് വസ്ത്രങ്ങൾ വാങ്ങിയാലും ഏറ്റവും പ്രധാനം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാതിരിക്കുക എന്നതാണ്. നിങ്ങൾ എന്ത് ധരിച്ചാലും അത് ആത്മാർഥമായി ആസ്വദിക്കൂ'- സീനത്ത് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.