ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്
നടി ഗൗരി കിഷനെ ആക്ഷേപിച്ചതിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അപമാനിക്കണമെന്ന് ഉദ്ദേശിച്ചല്ല താൻ ആ ചോദ്യം ചോദിച്ചത്. തന്‍റെ ചോദ്യം ഏതെങ്കിലും തരത്തിൽ നടിക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ താൻ അതിൽ ഖേദിക്കുന്നുവെന്നും കാർത്തിക് പറഞ്ഞു. എന്‍റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അവർക്ക് വേദനിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും ക്ഷമാപണ വിഡിയോയിലൂടെ കാർത്തിക് പറഞ്ഞു.
'അദേഴ്‌സ്' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷന് ബോഡി ഷെയിമിങ് പരാമരർശം നേരിടേണ്ടി വന്നത്. നടിയെ ശാരീരികമായി അപമാനിക്കുകയും അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ് കാർത്തിക്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ ഗൗരി കിഷൻ ശക്തമായി പ്രതികരിച്ചു. നായികയുടെ ഭാരം എത്രയെന്നായിരുന്നു ചോദ്യം.
അതേസമയം, നടി പ്രതികരിച്ചിട്ടും യൂട്യൂബർക്ക് ചോദ്യത്തിലെ പ്രശ്നം മനസിലായിരുന്നില്ല. സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താനും ചോദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു വാദം. 32 വർഷമായി താൻ മാധ്യമപ്രവർത്തകമാണെന്നും തമിഴ് ജനതക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാമെന്നും അയാൾ പ്രസ് മീറ്റിൽ പറഞ്ഞു. ഗൗരി മാപ്പ് പറയണമെന്നും പ്രസ് മീറ്റിനിടെ യൂട്യൂബർ ആവശ്യപ്പെട്ടു. നിങ്ങളാണ് മാപ്പ് പറയേണ്ടത് എന്നായിരുന്നു ഗൗരിയുടെ മറുപടി.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നുമാണ് യൂട്യൂബർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിൽ ഗൗരി കിഷനെ പിന്തുണച്ച്കൊണ്ട് മലയാളം തമിഴ് സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്. നടിയെ പിന്തുണച്ച് താരസംഘടനയായ 'അമ്മ'യും ചലച്ചിത്രമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.