'നോ പറയാനുള്ള പ്രിവിലേജ് എല്ലാവർക്കും ഉണ്ടാകില്ല, അവരെ കുറ്റപെടുത്തരുത്'; നടി ദിവ്യപ്രഭ

കഴിഞ്ഞ ഒരുപാട് നാളായി കേരളക്കരയാകെ ചർച്ചയാകുന്ന വിഷയമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും അതേ ചുറ്റിപറ്റി വന്ന വെളിപ്പെടുത്തലുകളും. പ്രമുഖരായ ഒരുപാട് സിനിമ പ്രവർത്തകർക്ക് നേരെ ലൈംഗിംക ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇരകളെ 'സ്ലട്ട് ഷെയിം' ചെയ്യുന്നവർ നമ്മുടെ ചുറ്റിനും ഒരുപാടുണ്ട്. അവർക്ക് നോ പറയാമായിരുന്നുവെന്നും ഇതെല്ലാം മനപൂർവമാണെന്നും വാദിക്കുന്നവർ കുറച്ചൊന്നുമല്ല. എന്നാൽ ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നോ പറയാത്തവരെ കുറ്റപ്പെടുത്തരുതെന്ന് പറയുകയാണ് നടി ദിവ്യപ്രഭ.

അക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കുക തന്നെ വേണം. പക്ഷെ എല്ലാവരും പ്രതികരിക്കാന്‍ ശേഷിയുള്ള പ്രിവിലേജില്‍ നിന്ന് വരുന്നവരാകില്ല. നോ പറയാത്തവരെ മുന്‍വിധിയോടെ ആവരുത് കാണേണ്ടത്. ധാരാളം സംഘര്‍ഷങ്ങളിലൂടെ ആയിരിക്കും അവര്‍ കടന്നു പോകുന്നത് നോ പറയണം എന്ന് പറയാന്‍ എളുപ്പമാണെന്നും എന്നാൽ ആ നിമിഷം ഉണ്ടാകുന്നത് ആശയക്കുഴപ്പമാണെന്നും ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യപ്രഭ പറഞ്ഞു.

'നോ പറയേണ്ട ഇടത്ത് അത് പറയാന്‍ ധൈര്യമുള്ള പശ്ചാത്തലത്തില്‍ നിന്നായിരിക്കില്ല പലപ്പോഴും സ്ത്രീകള്‍ വരുന്നത്. അത്രയും പ്രിവിലേജ് ഉള്ള ഇടങ്ങളില്‍ നിന്നായിരിക്കില്ല അവര്‍ വരുന്നത്. എനിക്കുണ്ടായ ദുരനുഭവം വളരെ കുറച്ചു പേരോട് മാത്രമേ അന്ന് തുറന്നു പറയാന്‍ കഴിഞ്ഞുള്ളു. ദുരനുഭവം ഉണ്ടാകുന്ന ആദ്യ നിമിഷം ഉണ്ടാകുന്നത് ആശയക്കുഴപ്പമാണ്. വലിയൊരു ഷോക്കിലായിരിക്കും നമ്മളപ്പോൾ. അതും വളരെ അപ്രതീക്ഷിതമായിട്ടായിരിക്കും ഇത് സംഭവിക്കുക.

ആ സമയത്ത് നോ പറയുന്നു എന്നതിനപ്പുറം ഒരുപാട് കാര്യങ്ങള്‍ തലയില്‍ വരും. ട്രോമയാണല്ലോ ആ സംഭവം ഉണ്ടാക്കുന്നത്. അങ്ങനെ ഒരു ദുരനുഭവം ഉണ്ടായപ്പോള്‍ എനിക്കും നോ പറയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ആ ഒരു പ്രശ്‌നത്തിന് ശേഷം വളരെ ശ്രദ്ധയോടെയാണ് നിന്നിട്ടുള്ളത്. പ്രിവിലേജ് കുറഞ്ഞ ഇടങ്ങളില്‍ നിന്ന് വരുന്നവരെക്കുറിച്ച് നമ്മള്‍ ആലോചിക്കണം. നോ പറയണം എന്ന് പറയാന്‍ എളുപ്പമാണ്. ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കുക തന്നെയാണ് വേണ്ടത്. നോ പറയാത്തവരെ മുന്‍വിധിയോടെയല്ല കാണേണ്ടത്. അവരെ കുറ്റപ്പെടുത്തുകയും ചെയ്യരുത്,' ദിവ്യപ്രഭ പറഞ്ഞു.

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റാണ് ദിവ്യപ്രഭയുടെ ഏറ്റവും പുതിയ ചിത്രം. സിനിമ സെപ്റ്റംബര്‍ 21 ന് കേരളത്തില്‍ റിലീസ് ചെയ്യും. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃധു ഹാറൂണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    
News Summary - you can blame un privileged women says divya prabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.