ഗാനഗന്ധർവന് 83; ആഘോഷമായി പിറന്നാൾ; യു.എസിലെ വസതിയിൽനിന്ന് പരിപാടിയിൽ പങ്കുചേർന്ന് യേശുദാസ്

കൊച്ചി: ഗാനഗന്ധർവൻ യേശുദാസിന്‍റെ 83ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ആരാധകരും ആസ്വാദകരും. കൊച്ചി പാടിവട്ടം അസീസിയ കൺവെൻഷൻ െസന്‍ററിൽ നടന്ന പിറന്നാളാഘോഷത്തിന് യേശുദാസിന്‍റെ മകൻ വിജയ് യേശുദാസ് കേക്ക് മുറിച്ചതോടെയാണ് തുടക്കമായത്.

യു.എസിലെ ഡാലസിലുള്ള വസതിയിൽനിന്ന് യേശുദാസും ഭാര്യ പ്രഭയും വേദിയിലെ ഡിജിറ്റൽ സ്ക്രീനിൽ സാന്നിധ്യമായി. മന്ത്രി പി. രാജീവ്, നടൻ മമ്മൂട്ടി, സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. മലയാള ചലച്ചിത്രഗാന ശാഖക്കും സംഗീതത്തിനുമുള്ള ആദരമായും ചടങ്ങ് മാറി. ദാസേട്ടനെവിട്ട് നമുക്കൊരു സംഗീതമില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മലയാള ഭാഷയെ ലോകം ഏറ്റവുമധികം ശ്രവിച്ചതും ദാസേട്ടന്‍റെ ശബ്ദത്തിലൂടെയാകും.

കേരളം വിട്ട്, മലയാള ഭാഷയും സംഗീതവുമുണ്ടെന്നറിയുന്നതിന് പ്രധാന കാരണക്കാരൻ ദാസേട്ടനാണ്. ദാസേട്ടന്‍റെ യൗവനകാലത്ത് നമ്മളുണ്ടായിരുന്നത് മഹാഭാഗ്യമാണെന്നും മമ്മൂട്ടി പറഞ്ഞു. യേശുദാസിന്‍റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ ‘തനിച്ചൊന്നുകാണാൻ.....’ ആൽബം മമ്മൂട്ടി പ്രകാശനം ചെയ്തു.

ഫോട്ടോഗ്രാഫർ ലീൻ തോബിയാസ് പകർത്തിയ 83 ഗന്ധർവ ഭാവരാഗചിത്രങ്ങളുടെ പ്രദർശനം മമ്മൂട്ടിക്ക് ഫോട്ടോ സമ്മാനിച്ച്ക ലക്‌ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ദാസേട്ടന്‍റെ ശബ്ദത്തെ മറികടക്കാൻ കഴിയുന്ന ഒരു ശബ്ദവും ഈ ഭൂമിയിലില്ലെന്ന് ഗായകൻ എം.ജി. ശ്രീകുമാർ പറഞ്ഞു.

ഇന്നും സംഗീത വിദ്യാർഥി - യേശുദാസ്

കൊച്ചി: കടൽ പോലെയാണ് സംഗീതമെന്നും ഓരോ ദിവസവും സാധകം ചെയ്ത് സംഗീതവുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചാൽ അതിന്‍റെ ഫലസിദ്ധി ലഭിക്കുമെന്ന് ഉറപ്പാണെന്നും യേശുദാസ് പറഞ്ഞു. സംഗീത വിദ്യാർഥിയെന്ന് സങ്കൽപ്പിച്ചാണ് മുന്നോട്ടുപോകുന്നത്.

തന്‍റെ 83ാം പിറന്നാൾ ആഘോഷത്തിനായി ഒത്തുചേർന്ന സഹപ്രവർത്തകരോടും ആരാധകരോടും അമേരിക്കയിലെ ഡാലസിലുള്ള വസതിയിലിരുന്ന് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി.രാജീവ്, കലക്‌ടർ ആർ. രേണുരാജ്, സിനിമാതാരങ്ങളായ മമ്മൂട്ടി, സിദ്ദീഖ്, മനോജ് കെ. ജയൻ, എം.ജി. ശ്രീകുമാർ, കോട്ടയം നസീർ, ശരത്, വിദ്യാധരൻ, ഇഗ്നേഷ്യസ്, ഉണ്ണിമേനോൻ, നാദിർഷ തുടങ്ങി ഓരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.

കൊച്ചിയിൽ കെ.ജെ. യേശുദാസിന്‍റെ 83 ാം പിറന്നാളാഘോഷത്തിൽ യേശുദാസിന്‍റെ സഹപാഠി ചേർത്തല ഗോവിന്ദൻകുട്ടി, വിജയ് യേശുദാസിന്‍റെ സഹായത്തോടെ കേക്ക് മുറിക്കുന്നു

Tags:    
News Summary - Yesudas turns 83

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.