അർജുൻ ടെണ്ടുൽക്കറും സാറ ടെണ്ടുൽക്കറും
എന്നും ശല്യപ്പെടുത്തിയവൻ, എങ്കിലും എന്റെ ജീവൻ; അർജുൻ ടെണ്ടുൽക്കറിന് സാറയുടെ ഹൃദയസ്പർശിയായ പിറന്നാൾ ആശംസ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കറിന് ഹൃദയസ്പർശിയായ ജന്മദിനാശംസ നേർന്ന് സഹോദരി സാറ ടെണ്ടുൽക്കർ. ‘ഹേയ് അർജുൻ തെൻഡുൽക്കർ, നിനക്ക് ഒരാളുടെ പ്രത്യേക ജന്മദിനാശംസയുണ്ട്’ - എന്ന അടിക്കുറിപ്പോടെ, അർജുന്റെ ഐ.പി.എൽ ടീമായ ലഖ്നോ സൂപ്പർ ജയന്റ്സിനെ ടാഗ് ചെയ്ത്, കുട്ടിക്കാലത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളടക്കം ചേർത്താണ് സാറ ജന്മദിനാശംസ പങ്കുവെച്ചത്.
‘ഓർമവെച്ച കാലം മുതൽ എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ വ്യക്തിക്ക് ജന്മദിനാശംസകൾ. എങ്കിലും എങ്ങനെയോ നീയെനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി തുടരുന്നു. നിനക്ക് എത്ര വയസ്സായെന്നത് പ്രശ്നമല്ല, നീ എപ്പോഴും എന്റെ ഇളയ അനിയനായിരിക്കും -ഞാൻ എപ്പോഴും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന എന്റെ അനിയൻ.
നീ വളരുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്. നിന്നെക്കുറിച്ചും നിന്റെ കഠിനാധ്വാനം, അച്ചടക്കം, എല്ലാറ്റിത്തിനും ഉപരിയായി നീ എന്ന വ്യക്തിയെക്കുറിച്ചും ഞാൻ അഭിമാനിക്കുന്നു. ജന്മദിനാശംസകൾ അർജുൻ! നീ കരുതുന്നതിലും അധികം നിന്നെ ഞാൻ സ്നേഹിക്കുന്നു’ -സാറ കുറിച്ചു.
സെപ്റ്റംബർ 24 ന് 27–ാം ജന്മദിനമാണ് അർജുൻ ആഘോഷിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം ഒട്ടേറെ പേർ അർജുന് ആശംസ നേർന്നു. ഇക്കൂട്ടത്തിൽ സാറ തെൻഡുൽക്കർ പങ്കുവച്ച ആശംസയാണ് ഏവരുടെയും ശ്രദ്ധ കവർന്നത്.
സചിൻ തെൻഡുൽക്കറും മകന് ജന്മദിനാശംസ നേർന്നു. അർജുന്റെ മെഹന്ദി ചടങ്ങിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു പോസ്റ്റ്. ‘നീ ഇന്ന് ഈ നിലയിൽ വളർന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്. ജന്മദിനാശംസകൾ അർജുൻ. നീ എപ്പോഴും നീയായിത്തന്നെയിരിക്കുക’ –സചിൻ കുറിച്ചു.
കഴിഞ്ഞ മാർച്ച് അഞ്ചിനായിരുന്നു അർജുന്റെ വിവാഹം. വ്യവസായ പ്രമുഖൻ രവി ഘായിയുടെ ചെറുമകൾ സാനിയ ചാന്ദോക്കിനെയാണ് അർജുവൻ വിവാഹം കഴിച്ചത്. ഇന്ത്യ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്ന അർജുൻ, നിലവിൽ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിലും ആഭ്യന്തര ക്രിക്കറ്റിൽ ഗോവ ടീമിലും അംഗമാണ്.
അർജുന്റെയും സാറയുടെയും പരസ്പരമുള്ള ഈ സ്നേഹവും, മക്കളെ ചേർത്തുപിടിക്കുന്ന സചിന്റെ കരുതലും ആരാധകരുടെ മനംകവരുന്ന ഒരു കുടുംബ ചിത്രമായി മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.