മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. നിരജ് മാധവൻ, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി. എക്സിൽ ബാബു ആന്റണി ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു.
ആർ.ഡി. എക്സ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുമ്പോൾ ബിഷപ്പുമാരെ മാര്‍ഷല്‍ ആര്‍ട്‌സ് പഠിപ്പിച്ച കഥ വാർത്തകളിൽ നിറയുകയാണ്. ബാബു ആന്റണി പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ പഠിക്കുന്ന സമയത്താണ് വൈദികരുടെ മാര്‍ഷല്‍ ആര്‍ട്‌സ് മാസ്റ്ററാവുന്നത്. സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പഴയ കഥ വെളിപ്പെടുത്തിയത്.
'ബാബു ആന്റണി പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ പഠിക്കുന്ന സമയം, ഞങ്ങൾ പുണെയിലെ പേപ്പൽ സെമിനാരിയിൽ പഠിക്കുകയായിരുന്നു. അന്നൊരു സുഹൃത്തുവഴി ആന്റണി സെമിനാരിയിൽ എത്തിയത്. അദ്ദേഹത്തിന്റെ തന്നെ ആശയമായിരുന്നു, സ്വയം സ്വരക്ഷക്ക് വൈദികർക്കും കരാട്ടെ പഠിച്ചുകൂടെ എന്നത്. ഏകദേശം 50ഓളം വൈദികർ കരാട്ടെ പഠിച്ചു. ഇവരിൽ അഞ്ചു പേരാണ് പിന്നീട് ബിഷപ്പുമാരായത്.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായിരുന്നു കരാട്ടെ പരിശീലനം. ബാബു വളരെ കർക്കശക്കാരനായ മാസ്റ്ററായിരുന്നു. നല്ല ശാരീരിക വ്യായാമമായിരുന്നു. ഞാൻ ഒരു ആറുമാസം തുടർന്നു, പക്ഷേ പിന്നീട് അദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു- ക്ലീമിസ് കാതോലിക്ക ബാവ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കണ്ണൂർ ബിഷപ് അലക്‌സ് വടക്കുംതല, മലങ്കര കത്തോലിക്ക സഭയിലെ പാറശാല ബിഷപ് തോമസ് മാർ യൗസേബിയോസ്, തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, സിറോ മലബാർ സഭ മാണ്ഡ്യ ബിഷപ് മാർ സെബാസ്‌റ്റ്യൻ എടയന്ത്രത്ത് എന്നിവരും ബാബു ആന്റണിയുടെ ശിഷ്യരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.