ശ്രീരാമൻ പങ്കുവെച്ച ചിത്രം

‘എന്‍റെ മകനാവാനുള്ള പ്രായമേ ഉള്ളു നിനക്ക്, നിന്‍റെ ചിരിക്കുന്ന മുഖമേ മനസ്സിലുള്ളൂ, പ്രിയനേ വിട’ -നവാസിന്‍റെ വിയോഗത്തിൽ നടൻ ശ്രീരാമൻ

നടൻ കലാഭവൻ നവാസിന് ആദരാഞ്ജലികൾ അർപിച്ച് നടനും എഴുത്തുകാരനുമാമയ വി.കെ. ശ്രീരാമൻ. തന്‍റെ മകനാവാനുള്ള പ്രായമേ നവാസിന് ഉള്ളൂ എന്നും ചിരിക്കുന്ന മുഖം മനസിലുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. നവാസിന്‍റെ പിതാവ് അബൂബക്കറുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം ഫെയിസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

വി.കെ. ശ്രീരാമന്‍റെ പോസ്റ്റ്

‘വളരെ കാലം മുമ്പ് കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വാർഷികത്തിന് ഒരു നാടകം കണ്ടാണ് അബൂബക്കർ മനസ്സിൽ കയറിക്കൂടുന്നത്. ഒരു റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിട്ടാണ് അബൂബക്കർ ആ നാടകത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷം വളരെക്കഴിഞ്ഞ് ചില സിനിമകളിൽ ഒന്നിച്ചഭിനയിച്ചു.പിന്നെ നവാസും നിയാസും സുഹൃത്തുക്കളായി.

അവരുടെ വളർച്ചയിൽ ഒരു സുഹൃത്തെന്നതിനേക്കാൾ ഏറെ അവരുടെ കുടുംബത്തിന്റെ നിഴൽ വീണ കാലം കണ്ട ഞാൻ സന്തോഷിച്ചു. അവസാനം നവാസ് വീട്ടിൽ വന്നത് മുതുവമ്മലുള്ള സലീമുമൊത്ത് 'ഇഴ'യുടെ പ്രീവ്യൂവിന് ക്ഷണിക്കാനായിരുന്നു. പ്രിവ്യു കാണാൻ പോവാനൊത്തില്ല. എന്‍റെ മകനാവാനുള്ള പ്രായമേ ഉള്ളൂ നിനക്ക്. നിന്‍റെ ചിരിക്കുന്ന മുഖമേ എന്‍റെ മനസ്സിലുള്ളൂ. പ്രിയനേ വിട.

ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ നവാസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിന് എത്തിയതായിരുന്നു നവാസ്. ഹൃദയാഘാതമാണ് മരണകാരണം. ഷൂട്ടിങ് അവസാന ദിവസമായിരുന്ന വെള്ളിയാഴ്ച മുറിയിലെത്തി മടങ്ങാനിരിക്കുകയായിരുന്നു.

ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയ അദ്ദേഹം ഏറെ നേരമായിട്ടും പുറത്തേക്ക് വരാതായതോടെ ഹോട്ടൽ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്നത് കണ്ടത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ സിനിമ-നാടക നടനായിരുന്ന അബൂബക്കറിന്‍റെ മകനായി ജനിച്ച അദ്ദേഹം 1992 മുതൽ സിനിമയിൽ സജീവമായിരുന്നു.

Tags:    
News Summary - vk sreeraman fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.