‘പൂക്കാലം’ എന്ന ചിത്രത്തിലെ ഇട്ടൂപ്പിന്‍റെ വേഷത്തിലൂടെയാണ് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം വിജയരാഘവനെ തേടിയെത്തിയത്. നൂറ് വയസ്സുള്ള ഇട്ടൂപ്പിന്‍റെ സൂക്ഷ്മഭാവങ്ങൾ പകർത്തിയ അഭിനയമികവാണ് മലയാള സിനിമയിൽ അരനൂറ്റാണ്ടിന്‍റെ അനുഭവസമ്പത്തുള്ള വിജയരാഘവന് ദേശീയ പുരസ്കാരത്തിന്‍റെ തിളക്കം സമ്മാനിച്ചത്. ഇപ്പോഴിതാ, ദേശീയ അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് അദ്ദേഹം.
അവാർഡിനൊപ്പമുള്ള ചിത്രവും വൈകാരിക കുറിപ്പും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കിട്ടു. '53 വർഷങ്ങൾ, എണ്ണമറ്റ കഥാപാത്രങ്ങൾ, അനന്തമായ പാഠങ്ങൾ - ഇന്ന് ഈ ബഹുമതി വീണ്ടും ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ അവാർഡാണിത്. ആദ്യത്തേത് എന്റെ അച്ഛനാണ് നേടിയത്. ഇത് അദ്ദേഹത്തിനും, എന്നോടൊപ്പം നിന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്' -വിജയരാഘവൻ കുറിച്ചു.
പൂക്കാലത്തിലെ കഥാപാത്രത്തിനായി താൻ നടത്തിയ തയാറെടുപ്പുകൾ മുമ്പ് വിജയരാഘവൻ പങ്കുവെച്ചിരുന്നു. ആറുമാസം പൂർണമായി സിനിമക്കായി മാറ്റിവെച്ചു. അരിയാഹാരത്തിൽ മാറ്റംവരുത്തി ശരീരഭാരം ഒന്നരമാസംകൊണ്ട് പത്ത് കിലോയോളം കുറച്ചു. 100 വയസ്സുള്ള വയോധികനായി തോന്നിപ്പിക്കാൻ അത്തരമൊരു കഠിനയത്നം അനിവാര്യമായിരുന്നെന്ന് വിജയരാഘവൻ പറഞ്ഞിരുന്നു. റോണക്സ് സേവ്യറുടെ മേക്കപ് മികവിൽ നോട്ടത്തിലും ചലനങ്ങളിലും രൂപഭാവങ്ങളിലും അദ്ദേഹം വൃദ്ധനായി മാറി. സിനിമയോടൊപ്പം വിജയരാഘവന്‍റെ വേഷവും നടനമികവും ശ്രദ്ധിക്കപ്പെട്ടു.
അതേസമയം, വിജയരാഘവനൊപ്പം ഏറെ പ്രായമേറിയ അമ്മൂമ്മയായി കെ.പി.എസി. ലീലയും പൂക്കളത്തിൽ അഭിനയിക്കുന്നു. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവർക്കൊപ്പം കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.