വിഷാദത്തെ നേരിട്ടതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടൻ വിജയ് വർമ. റിയ ചക്രവർത്തിയുമായുള്ള സംഭാഷണത്തിലാണ് ലോക്ക്ഡൗൺ സമയത്ത് കടുത്ത വിഷാദവും ഉത്കണ്ഠയും നേരിട്ടതിനെക്കുറിച്ച് വിജയ് തുറന്നു പറഞ്ഞത്. വിഷാദത്തിനെതിരെ എങ്ങനെ പോരാടി എന്നും അതിനെ മറികടക്കാൻ സഹായിച്ചതെന്താണെന്നും അദ്ദേഹം വെളിപ്പെടുത്തി.
'മുംബൈയിലെ അപ്പാർട്ട്മെന്റിൽ ഞാൻ ഒറ്റക്കായിരുന്നു. ഭാഗ്യത്തിന്, എനിക്ക് ഒരു ചെറിയ ടെറസ് ഉണ്ടായിരുന്നു. ആകാശം കാണാൻ കഴിയും. അല്ലെങ്കിൽ ഭ്രാന്ത് പിടിക്കുമായിരുന്നു. യഥാർഥത്തിൽ ആ ഇടവേളയുടെ അനന്തരഫലം നിങ്ങൾ വളരെ ഏകാന്തത അനുഭവിക്കുന്നു എന്നതാണ്. എനിക്ക് വളരെ ഏകാന്തത തോന്നി. വളരെ ഭയപ്പെട്ടു. എനിക്ക് നാല് ദിവസത്തേക്ക് എന്റെ സോഫയിൽ നിന്ന് അനങ്ങാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിച്ചു?' -അദ്ദേഹം പറഞ്ഞു.
അതേ സംഭാഷണത്തിൽ, ആമിർ ഖാന്റെ മകൾ ഇറയാണ് തനിക്ക് വലിയ പിന്തുണയായി മാറിയതെന്ന് വിജയ് വെളിപ്പെടുത്തി. തനിക്ക് പിന്തുണ നൽകിയ നടൻ ഗുൽഷൻ ദേവയ്യയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 'ഇറ ദഹാദിൽ സഹായിയായിരുന്നു, ഷൂട്ടിനിടെ ഞങ്ങൾ എല്ലാവരും നല്ല സുഹൃത്തുക്കളായി. സൂമിൽ വിഡിയോ കോൾ ചെയ്യുമായിരുന്നു. പക്ഷേ എന്‍റെ അവസ്ഥ വഷളായിക്കൊണ്ടിരുന്നു. 'വിജയ്, നീ എന്തെങ്കിലും ചെയ്ത് തുടങ്ങണമെന്ന് ഞാൻ കരുതുന്നു' എന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് അവളാണ്' -വിജയ് പറഞ്ഞു.
ഇറ സൂമിലൂടെ വ്യായാമങ്ങൾ ചെയ്ത് തന്നെകൊണ്ട് വ്യായാമം ചെയ്യിപ്പിക്കുമായിരുന്നു എന്ന് വിജയ് പറഞ്ഞു. ഒടുവിൽ സൂമിലെ ഒരു തെറാപ്പിസ്റ്റുമായി സംസാരിച്ച് ശേഷമാണ് വിഷാദവും ഉത്കണ്ഠയും ഉണ്ടെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തെറാപ്പിസ്റ്റ് മരുന്ന് നിർദ്ദേശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. വിഷാദത്തെ മറികടക്കുന്നതിൽ യോഗ നിർണായക പങ്ക് വഹിച്ചതായി വിജയ് പറഞ്ഞു. ആ ദുഷ്‌കരമായ ദിവസങ്ങളിൽ സൂര്യനമസ്‌കാരം വളരെ സഹായിച്ചതായി അദ്ദേഹം ഓർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.