കോളിവുഡിലെ ഏറ്റവും വിലയ സൂപ്പർതാരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. ഒരുപാട് ആരാധകരുള്ള വിജയ് ഈയിടെ രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) എന്നാണ് വിജയ് തന്‍റെ രാഷ്ട്രീയപാർട്ടിക്ക് നൽകിയ പേര്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ടി.വി.കെയുടെ പ്രധാന ലക്ഷ്യം. കരിയറിന്‍റെ ഏറ്റവും വലിയ പോയിന്‍റിലാണ് അദ്ദേഹത്തിന്‍റെ ഈ തീരുമാനം. തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരിക്കുമ്പോൾ തന്നെ സിനിമ ജീവിതത്തിന് അന്ത്യം കുറിക്കാനും അദ്ദേഹം തീരുമാനിച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനായിരിക്കും താരത്തിന്‍റെ അവസാന ചിത്രം.
ഇപ്പോഴിതാ തന്‍റെ ആരാധകർക്ക് ഒരു സന്ദേശവുമായി എത്തിയിരിക്കുകയാണ് വിജയ്. ആരാധകരെ അഭിസംബോധന ചെയ്‌ത് താരം പുറത്തുവിട്ട പുതിയ വീഡിയോയിൽ ആരാധകരെ തന്‍റെ പാർട്ടിയുടെ വിർച്വൽ പോരാളികളാണെന്നാണ് വിജയ് പറയുന്നത്. ഇനിമുതൽ നിങ്ങൾ എന്‍റെ ആരാധകർ മാത്രമല്ലെന്നും ടി.വികെയുടെ വിർച്വൽ പോരാളികൾ കൂടിയാണെന്നും വിജയ് പറഞ്ഞു.
'നമ്മുടെ ഈ സോഷ്യൽ മീഡിയ പടയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ പടയെന്ന് പലരും പറയുന്നുണ്ട്. അത് നമ്മൾ പറയുന്നതിനെക്കാൾ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നതാണ് അതിലെ ഭംഗി. എനിക്കും പലപ്പോഴായി അങ്ങനെ തോന്നിയിട്ടുണ്ട്. ഇനി മുതൽ നിങ്ങൾ എന്‍റെ സോഷ്യൽ മീഡിയ ഫാൻസ് മാത്രമല്ല, ടി.വി.കെയുടെ വിർച്വൽ വാരിയേഴ്‌സ് കൂടിയാണ്.
നിങ്ങളെ അങ്ങനെ വിളിക്കാനാണ് എനിക്ക് ഇഷ്‌ടം. അത് നിങ്ങൾക്കും ഇഷ്‌ടമാണെന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ ഐ.ടി. സെൽ എന്ന് പറഞ്ഞാൽ ഡീസന്റായും ഡിഗ്നിഫൈഡായും പ്രവർത്തിക്കുന്നുണ്ടെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണം. അത് മനസിൽ വെച്ചുകൊണ്ട് പ്രവർത്തിക്കുക. അധികം വൈകാതെ നിങ്ങളെ കാണാൻ ഞാൻ വരുന്നതായിരിക്കും,' വിജയ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.