വിജയ് ദേവരകോണ്ടയും രശ്മിക മന്ദാനയും
‘ഞങ്ങൾ ലോകത്തിന് എതിരാണെങ്കിൽ അങ്ങനെയാകട്ടെ’; ട്രോളുകൾക്കെതിരെ നിയമനടപടിയുമായി വിജയ് ദേവരകോണ്ടയും രശ്മികയും
സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും സംഘടിത ആക്രമണത്തിനുമെതിരെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി തെന്നിന്ത്യൻ താരദമ്പതികളായ വിജയ് ദേവരകോണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദ് സൈബർ ക്രൈം വിഭാഗത്തിലാണ് ഇരുവരും ചേർന്ന് ഔദ്യോഗിക പരാതി നൽകിയത്.
കോഫി വിത്ത് കരൺ സീസൺ 9ൽ തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളിങ്ങും അധിക്ഷേപവും നേരിടുകയാണെന്നും ഇതിൽ പലതും ബോധപൂർവം സൃഷ്ടിച്ച വ്യാജ കണ്ടന്റുകളാണെന്നും പരാതിയിൽ പറയുന്നു.
വ്യാജ സ്ക്രീൻഷോട്ടുകൾ, ആൾമാറാട്ട അക്കൗണ്ടുകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് തങ്ങളുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഇരുവരുടെയും ടീം വ്യക്തമാക്കി. ഒക്ടോബർ 21ന് സംപ്രേക്ഷണം ചെയ്ത കോഫി വിത്ത് കരൺ എപ്പിസോഡിലാണ് വിജയ് യും രശ്മികയും ആദ്യമായി തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി സംസാരിച്ചത്.
താനാണ് വിജയ് യോട് ഒരു വർഷത്തോളം എല്ലാ ദിവസവും വിവാഹാഭ്യർത്ഥന നടത്തിയത് എന്ന രശ്മികയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും പരിഹാസവും ഉയർന്നത്. ട്രോളുകൾക്ക് മറുപടിയുമായി വിജയ് ദേവരകോണ്ടയും രശ്മികയും എത്തിയിരുന്നു. രശ്മികക്കൊപ്പമുള്ള ചിത്രവും വിഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ശക്തമായ ഭാഷയിലായിരുന്നു വിജയ് യുടെ പ്രതികരണം.
‘എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ ഭാര്യ, എന്റെ സ്ത്രീ. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ശരിയായി ചെയ്ത കാര്യങ്ങളിൽ ഒന്ന്. ഞങ്ങൾ രണ്ടുപേരും സന്തോഷത്തിലാണ്. ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞാനും അവളും ലോകത്തിന് എതിരാണെങ്കിൽ, അങ്ങനെയാകട്ടെ. സ്നേഹത്തെയും സന്തോഷത്തോടെ ജീവിക്കുന്നതിന്റെ ലാളിത്യത്തെയും ആഘോഷിക്കുന്ന എല്ലാവർക്കും വലിയ സ്നേഹം. എന്ന് പറഞ്ഞായിരുന്നു പോസ്റ്റ് അവസാനിപ്പിച്ചത്.
‘ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോഴും ഉത്കണ്ഠയും വൈകാരിക ബുദ്ധിമുട്ടുകളും അനുഭവിച്ചപ്പോഴും വിജയ് തനിക്ക് പിന്തുണ നൽകിയിരുന്നു. അന്ന് ഒപ്പമില്ലാതിരുന്നവർ ഇപ്പോൾ ബന്ധത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങൾ അവിടെയുണ്ടായിരുന്നില്ല. അവനുണ്ടായിരുന്നു, ഇപ്പോഴും അവൻ ഒപ്പമുണ്ട് എന്നാണ് രശ്മിക കുറിച്ചത്. താൻ ഇപ്പോൾ ഏറെ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു. തന്റെ കുടുംബത്തെക്കുറിച്ച് അറിയാതെ അവരെ വിമർശിക്കുന്നതിനെയും രശ്മിക ചോദ്യം ചെയ്തു. സ്വന്തം ജീവിതവും പങ്കാളിയെയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും അതിനെ മാനിക്കണമെന്നും അവർ വ്യക്തമാക്കി.
ആരാധകർക്കിടയിൽ 'വിരോഷ്' എന്നറിയപ്പെടുന്ന ഈ താരദമ്പതികളുടെ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായിരുന്നു. എന്നാൽ ട്രോളുകൾക്ക് കുറവുണ്ടാകാത്തതിനെ തുടർന്നാണ് നിയമനടപടിയിലേക്ക് നീങ്ങാൻ ഇരുവരും തീരുമാനിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.