ടൈഗർ ഷെറോഫ് ആക്രമണം ആമിർ ഖാനെ കിട്ടാത്തതിനാൽ; പ്ലാൻ പാളിയപ്പോൾ ലക്ഷ്യം മാറ്റിയെന്ന് മുംബൈ പൊലീസ്
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വെടിവെപ്പ് നടത്തിയ കൊലയാളി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം സൂപ്പർ താരം ആമിർ ഖാൻ ആയിരുന്നുവെന്ന് മുംബൈ പൊലീസ് വൃത്തങ്ങൾ. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്ന് ജൂലൈയിൽ ആമിർ ഖാന് ലഭിച്ച വധഭീഷണിയുടെ തുടർച്ചയായാണ് ഈ നീക്കമെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
സെപ്റ്റംബർ 20-ന് ഹരിയാനയിൽ നിന്ന് മുംബൈയിലെത്തിയ വാടകക്കൊലയാളികൾ ആമിർ ഖാന്റെ ബാന്ദ്രയിലെ വീടും പരിസരവും മൂന്ന് തവണയധികം നിരീക്ഷിച്ചു. എന്നാൽ, ആമിർ ഖാൻ മിക്ക ദിവസങ്ങളിലും സിനിമാ ചിത്രീകരണങ്ങൾക്കായി പുറത്തായതിനാലും വീട്ടിലുണ്ടാകുമ്പോൾ ദിവസങ്ങളോളം പുറത്തിറങ്ങാതിരുന്നതിനാലും ഈ നീക്കം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് താരതമ്യേന എളുപ്പത്തിൽ ആക്രമിക്കാൻ കഴിയുന്ന ടൈഗർ ഷ്രോഫിലേക്ക് ക്രിമിനൽ സംഘം ലക്ഷ്യം മാറ്റിയത്.
വിവാഹത്തിന് പിന്നാലെ ഭീഷണി; സൽമാനെ ഒഴിവാക്കി ആമിറിലേക്ക്
ലോറൻസ് ബിഷ്ണോയ് സംഘം ആമിർ ഖാനെ ലക്ഷ്യമിട്ടതിന്റെ കാരണങ്ങളും പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നു. ജൂലൈ അഞ്ചിന് ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ വിവാഹത്തിന് പിന്നാലെയാണ് ബിഷ്ണോയ് സംഘത്തിലെ അംഗമെന്ന് അവകാശപ്പെടുന്ന ആർസൂ ബിഷ്ണോയ് വധഭീഷണി മുഴക്കിയത്. ഈ വിവാഹം 'സനാതന ധർമത്തിനും രാജ്യത്തിനും എതിരാണ്' എന്ന് ആരോപിച്ചായിരുന്നു ശബ്ദ സന്ദേശവും സ്ക്രീൻഷോട്ടും പ്രചരിപ്പിച്ചത്. എന്നാൽ, ഗൗരി ഒരു കത്തോലിക്ക വിശ്വാസിയാണെന്നും മുൻപ് വിവാഹം കഴിച്ച രണ്ട് പങ്കാളികളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നില്ലെന്നും ആമിർ ഖാൻ പിന്നീട് വ്യക്തമാക്കിയിരുന്നു. 2018 മുതൽ ബിഷ്ണോയ് സംഘത്തിന്റെ പ്രധാന ലക്ഷ്യം സൽമാൻ ഖാൻ ആണെങ്കിലും കനത്ത സുരക്ഷാവലയം കാരണം സൽമാനിലേക്ക് എത്താൻ സംഘത്തിന് സാധിച്ചിരുന്നില്ല. അതിനാൽ, ഇത്തവണ കൂടുതൽ പ്രായോഗികമായ 'പ്രധാന ലക്ഷ്യം' എന്ന നിലയിലാണ് ആമിർ ഖാനെ വധിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ആമിർ ഖാനെ അപായപ്പെടുത്താനുള്ള പ്ലാൻ പരാജയപ്പെട്ടതോടെയാണ് അക്രമികൾ ടൈഗർ ഷ്രോഫിലേക്ക് തിരിഞ്ഞത്
"ആമിർ ഖാനെ വധിക്കാനാണ് ഷൂട്ടർമാർക്ക് നിർദ്ദേശം ലഭിച്ചിരുന്നത്. സെപ്റ്റംബർ 20-ന് എത്തിയ ഫൂൽ സിംഗ്, റെഹാൻ അൻസാരി എന്നിവരടങ്ങിയ ഷൂട്ടർമാർ ബാന്ദ്ര ഈസ്റ്റിലെ ലോഡ്ജിലാണ് താമസിച്ചത്. ആമിറിന്റെ വീടിന് സമീപമായിരുന്നു ഇത്. എന്നാൽ സെപ്റ്റംബർ അവസാനം വരെ കാത്തിരുന്നിട്ടും അവസരം ലഭിച്ചില്ല. തുടർന്ന് യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനിൽ പണ്ഡിറ്റുമായി ഷൂട്ടർമാർ ബന്ധപ്പെടുകയും ടൈഗർ ഷ്രോഫിലേക്ക് ലക്ഷ്യം മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു. നേരത്തെ സൽമാൻ ഖാനെ 'ബോളിവുഡിന്റെ യഥാർത്ഥ ടൈഗർ' എന്ന് ഷ്രോഫ് പ്രശംസിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും ജുഹുവിലെ പുഷ്പ നർസീ പാർക്കിൽ ഷ്രോഫ് ഫുട്ബോൾ കളിക്കാൻ എത്താറുണ്ടെന്ന് സംഘം മനസ്സിലാക്കി. ഒക്ടോബർ ആദ്യവാരം ഇവർ ബാന്ദ്രയിൽ നിന്ന് അന്ധേരിയിലേക്ക് താമസം മാറി."
— പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ലക്ഷ്യം ഉറപ്പിക്കുന്നതിന് മുൻപായി അക്രമികൾ 3,000 രൂപ വാടക നൽകി ഒരു ടാക്സി വിളിച്ച് അന്ധേരിയിലെയും ബാന്ദ്രയിലെയും സിനിമാ താരങ്ങളുടെ വീടുകൾക്ക് മുന്നിലൂടെ 'ദർശനം' നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 18-ന് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷ്രോഫിന്റെ കാറിന് നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഷ്രോഫ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.