'തല വേദനിക്കുന്നുണ്ട്, ഒരു ബിരിയാണിയും ഉറക്കവും കൊണ്ട് അത് മാറും' -അപകടത്തിൽ പ്രതികരിച്ച് വിജയ് ദേവരകൊണ്ട

തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയുടെ വാഹനം അപകടത്തിൽപ്പെട്ട വാർത്തകൾ പുറത്തു വന്നിരുന്നു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ എൻ‌.എച്ച് 44ൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കുകളില്ലാതെ താരം രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴിതാ, അപകടത്തിന് ശേഷം ആദ്യമായി പ്രതികരിക്കുകയാണ് വിജയ്. താൻ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും താരം പങ്കുവെച്ചു.

'എല്ലാം നന്നായിരിക്കുന്നു. കാർ ഒരു അപകടത്തിൽപ്പെട്ടു, പക്ഷേ ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഒരു സ്ട്രെങ്ത് വർക്ക്ഔട്ട് ചെയ്ത് ഇപ്പോഴാണ് വീട്ടിലേക്ക് മടങ്ങിയത്. എന്റെ തല വേദനിക്കുന്നുണ്ട്. പക്ഷേ വലിയ പ്രശ്നമില്ല. ഒരു ബിരിയാണിയും ഉറക്കവും കൊണ്ട് അതുമാറും. അതുകൊണ്ട് എല്ലാവർക്കും എന്റെ സ്നേഹവും ആലിംഗനങ്ങളും -ഇൻസ്റ്റഗ്രാമിൽ അദ്ദേഹം കുറിച്ചു.

ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിലേക്കുള്ള യാത്രയിലാണ് വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലായി മറ്റൊരു വാഹനം ഇടിച്ചത്. താരം സഞ്ചരിച്ചത് ലെക്‌സസ് LM350h മോഡലിലാണ്. അപകടത്തിന്റെ വ്യാപ്തി ചെറുതായതിനാൽ വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂ.

എന്നാൽ പിന്നിലിടിച്ച കാർ നിർത്താതെ ഹൈദരാബാദിലേക്ക് പോയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിജയ് ദേവരകൊണ്ട പ്രാദേശിക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശേഷം താരം സുരക്ഷിതായി ഹൈദരാബാദിൽ എത്തിയതായും പൊലീസ് അറിയിച്ചു. വിജയ് സുഹൃത്തിന്റെ കാറിൽ കയറി ഹൈദരാബാദിലേക്കുള്ള യാത്ര തുടർന്നുവെന്നാണ് റിപ്പോർട്ട്.

ഒക്ടോബർ മൂന്നിനാണ് വിജയ് ദേവരകൊണ്ടയും നടി രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമൊത്ത് ഹൈദരാബാദിൽവെച്ച് നടന്നത്. ശേഷം ദേവരകൊണ്ട കുടുംബവുമൊത്ത് പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ച് ഹൈദരാബാദിലേക്ക് മടങ്ങുന്ന വഴിയാണ് വാഹനം അപകടത്തിൽ പെടുന്നത്.

2026 ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹം. 2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു. അന്നുമുതൽ താര ജോഡികളുടെ പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ, വിജയും രശ്മികയും ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിവാഹ നിശ്ചയം സംബന്ധിച്ച ഒന്നും പങ്കുവെച്ചിട്ടില്ല. 

Tags:    
News Summary - Vijay Deverakonda’s first statement after his car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.