ഹൈദരാബാദ്: ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ നടൻ വിജയ് ദേവരകൊണ്ടയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചൊവ്വാഴ്ചയാണ് താരം തെലങ്കാന സർക്കാറിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുമ്പാകെ ഹാജരായത്.
വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഒന്നര മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടെന്നാണ് റിപ്പോർട്ട്. വാതുവെപ്പ് ആപ്പുകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലവും കമീഷനും സംബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നടൻ സി.ഐ.ഡി ഓഫിസിന്റെ പിൻവശത്തെ ഗേറ്റിലൂടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
നിയമവിരുദ്ധ വാതുവെപ്പ് പ്രവർത്തനങ്ങൾ തടയുന്നതിനും ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസുകളുടെ സമഗ്രമായ അന്വേഷണത്തിനുമായാണ് തെലങ്കാന സർക്കാർ എസ്.ഐ.ടി രൂപീകരിച്ചത്. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെയും സമാനമായ മറ്റ് ആപ്ലിക്കേഷനുകളുടെയും സംഘാടകർക്കെതിരെ രജിസ്റ്റർ ചെയ്ത നാല് കേസുകളുടെ അന്വേഷണം എസ്.ഐ.ടി ഏറ്റെടുത്തതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
പൊതുജനങ്ങളെ സാമ്പത്തികവും മാനസികവുമായ പ്രശ്നത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഈ വർഷം മാർച്ചിലാണ് നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകൾക്കും പ്രമോട്ടർമാർക്കുമെതിരെ കേസെടുത്തത്. തെലങ്കാന സ്റ്റേറ്റ് ഗെയിമിങ് ആക്ട്, ബി.എൻ.എസ്, ഐ.ടി ആക്ട് എന്നിവയിലെ വിവിധ വ്യവസ്ഥകൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തതിന് നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളുടെ മാനേജ്‌മെന്റുകൾ, സിനിമ അഭിനേതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഹൈദരാബാദ് പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, കേസിൽ 29 സെലിബ്രിറ്റികൾക്കെതിരെ ഇ.ഡി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജയ് ദേവരകൊണ്ടക്ക് പുറമേ, റാണ ദഗ്ഗുബതി, ലക്ഷ്മി മഞ്ചു, പ്രകാശ് രാജ്, നിധി അഗർവാൾ, അനന്യ നാഗല്ല, ടെലിവിഷൻ അവതാരക ശ്രീമുഖി എന്നിവരും ഉൾപ്പെടുന്നുണ്ട്. സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് വിജയ് ദേവരകൊണ്ടയെന്ന് നടന്റെ ലീഗൽ ടീം പ്രസ് റിലീസിലൂടെ പ്രതികരിച്ചിരുന്നു. സ്‌കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.