പൂനം പാണ്ഡെ രാവണന്‍റെ ഭാര്യയാകുന്നത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തും; എതിർപ്പുമായി വി.എച്ച്.പി

ന്യൂഡൽഹി: നടി പൂനം പാണ്ഡെ ഡൽഹിയിലെ രാംലീലയിൽ രാവണന്റെ ഭാര്യയായി അഭിനയിക്കുന്നതിനെ എതിർത്ത് ആർ.എസ്.എസ് അനുബന്ധ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). പൂനം പാണ്ഡെയുടെ പൊതു പ്രതിച്ഛായയും മുൻകാല വിവാദങ്ങളും കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാൻ സംഘാടകരായ ലവ് കുശ് രാംലീല കമ്മിറ്റിയോട് വി.എച്ച്.പി ആവശ്യപ്പെട്ടു.

പൂനം പാണ്ഡെ മണ്ഡോദരിയാകുന്നത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയേക്കാമെന്നാണ് വി.എച്ച്.പി അവകാശപ്പെടുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന രാംലീലയിൽ രാവണനായി അഭിനയിക്കുന്നത് നടൻ ആര്യ ബബ്ബറാണ്. ബി.ജെ.പി എം.പി മനോജ് തിവാരി രാമനായി അഭിനയിക്കും. എന്നാൽ പൂനം പാണ്ഡെയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് കമ്മിറ്റി പറഞ്ഞു.

പൂനം പാണ്ഡെ വിവാദ അഭിപ്രായ പ്രകടനങ്ങൾക്ക് പേരുകേട്ട വ്യക്തിയാണ്. 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാൽ നഗ്നയാകുമെന്ന് നടി പറഞ്ഞിരുന്നു. 2017ൽ ആരംഭിച്ച അവരുടെ സ്വന്തം ആപ്പ് ഗൂഗിൾ നിരോധിച്ചു. അശ്ലീല വിഡിയോ ചിത്രീകരണം നടത്തിയെന്ന പരാതിയെ തുടർന്ന് പൂനം പാണ്ഡെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2024ൽ നടിയുടെ ടീം സെർവിക്കൽ ക്യാൻസർ മൂലം അവർ മരിച്ചെന്ന് പ്രഖ്യാപിച്ചു. പിന്നീട് അത് രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു കാമ്പയിനാണെന്ന് വെളിപ്പെടുത്തി. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

മുൻകാലങ്ങളിലെ വിവാദങ്ങൾ ഒരു കലാകാരിക്ക് സ്വയം മെച്ചപ്പെടുത്താനുള്ള അവസരം നൽകുന്നതിന് തടസമാകരുതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ വി.എച്ച്.പി സെക്രട്ടറിയായ സുരേന്ദ്ര ഗുപ്ത, ഈ വിഷയത്തിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ച് ലവ് കുശ് രാംലീല കമ്മിറ്റിക്ക് കത്തെഴുതുകയും ചെയ്തു.

രാംലീല വെറുമൊരു നാടകമല്ലെന്നും, ഇന്ത്യൻ സമൂഹത്തിന്റെയും മൂല്യങ്ങളുടെയും ജീവസുറ്റ ഘടകമാണെന്നും ഗുപ്ത കത്തിൽ പറഞ്ഞു. രാംലീലക്ക് യുനെസ്കോ നൽകിയ സാംസ്കാരിക ബഹുമതിയെക്കുറിച്ചും പരാമർശിച്ചു. സാംസ്കാരികവും ധാർമികവുമായ സംവേദനക്ഷമതയുടെ പ്രശ്നമാണിതെന്നും നടിയുടെ പൊതു പ്രതിച്ഛായയെക്കുറിച്ച് ആശങ്കകളുണ്ടെന്നും കത്തിൽ പറഞ്ഞു.

രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നിർമാണങ്ങളിലെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അഭിനയ വൈദഗ്ദ്ധ്യം മാത്രമല്ല, സാംസ്കാരിക അനുയോജ്യതയും ഭക്തരുടെ വികാരങ്ങളോടുള്ള ബഹുമാനവും കൂടി കണക്കിലെടുക്കണമെന്ന് വി.എച്ച്.പി പറഞ്ഞു. 'മണ്ഡോദരി എന്ന കഥാപാത്രം സദ്‌ഗുണം, അന്തസ്സ്, സംയമനം, സമർപ്പിത ഭാര്യത്വത്തിന്റെ ആദർശം എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാൽ, ഈ വേഷത്തിനായി അഭിനേതാവിനെ തെരഞ്ഞെടുക്കുമ്പോൾ അവരും ഈ ആദർശങ്ങളെ പ്രതിഫലിപ്പിക്കണം' -കത്തിൽ പറയുന്നു.

രാമലീലയുടെ പ്രാഥമിക ലക്ഷ്യം മതം, ധാർമികത, മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും ഓരോ തീരുമാനവും ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അഭിനേതാക്കളുടെ പട്ടികയുമായി മുന്നോട്ട് പോകുകയാണെന്നും മാറ്റങ്ങൾ വരുത്തില്ലെന്നും സംഘാടക സമിതി ദി പ്രിന്റിനോട് പറഞ്ഞു. പുരുഷന്മാർക്ക് രണ്ടാമതൊരു അവസരം നൽകാൻ സമൂഹം തയാറാണെങ്കിൽ, അതേ തത്വം സ്ത്രീകൾക്കും ബാധകമാക്കണമെന്ന് ലവ് കുശ് രാംലീല കമ്മിറ്റി പ്രസിഡന്റ് അർജുൻ കുമാർ പറഞ്ഞു. 

Tags:    
News Summary - VHP objects to Poonam Pandey playing Ravan’s wife in Delhi Ramlila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.