ഉദിത് നാരായൺ
ഒരുകാലത്ത് ഗാനമേളകളിലും യുവാക്കൾക്കിടയിലും ഹരമായിരുന്ന ഖയാമത് സേ ഖയാമത് തക് എന്ന ഹിന്ദി സിനിമയിലെ പാപ്പാ കഹ്തേ ഹെ ബഡാ നാമ് കരേഗാ എന്ന ഗാനം ഉദിത് നാരായൺ ഝാ എന്ന ഇതിഹാസ ഗായകെൻറ ആദ്യ ഹിറ്റായിരുന്നു. . ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയറാകണമെന്ന കർഷകനായ ഹരികൃഷ്ണ ഝായുടെ ആഗ്രഹം സാധിച്ചില്ല. പക്ഷേ േലാകമറിയുന്ന ഗായകനാവുകയായിരുന്നു. പിതാവ് ആഗ്രഹിച്ച വഴിയേയല്ല നാടോടി ഗായികയായ മാതാവ് ഭുവനേശ്വരി ദേവിയുടെ വഴിയേയായിരുന്നു ഉദിത്തിന്റെ യാത്ര.തന്റെ മകൻ ഗായകനാകുമെന്നുതന്നെയായിരുന്നു അവരുടെ വിശ്വാസം.
ലതാ മങ്കേഷ്കർ, മുഹമ്മദ് റഫി, കിഷോർ കുമാർ തുടങ്ങിയ ഗായകരുടെ ഗാനങ്ങൾ റേഡിയോയിലൂെട കേട്ട് പഠിച്ചിരുന്നു. ഗ്രാമമേളകളിലെ സ്ഥിരംപാട്ടുകാരനൂം നാലോ അഞ്ചോ രൂപ പ്രതിഫലവും വാങ്ങുമായിരുന്നു.ബിഹാറിൽ പത്താംതരംവരെ പഠിച്ചു. പിന്നീട് കാഠ്മണ്ഡുവിലെ നേപ്പാൾ റേഡിയോയിൽ പാടാനവസരം ലഭിച്ചു. പകൽ പാട്ടും രാത്രി പഠനവും തുടർന്നു. 1978 ൽ മുംബൈയിലേക്ക് താമസം മാറിയതിനുശേഷം ഭാരതീയ വിദ്യാഭവനിൽ ശാസ്ത്രീയ സംഗീതം പഠിച്ചു. ‘78 മുതൽ ’88 വരെ ചുരുക്കം അവസരങ്ങേള ലഭിച്ചിരുന്നുള്ളൂ. 80ൽ രാകേഷ് റോഷന്റെ‘ഉന്നീസ്-ബീസ്’ എന്ന സിനിമയിൽ മുഹമ്മദ് റാഫിയോടൊപ്പം പാടാൻ അവസരം ലഭിച്ചു.ഗായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയകരമായ യാത്രയുടെ തുടക്കം കുറിച്ച ‘ഖയാമത് സേ ഖയാമത് തക്’ എന്ന ചിത്രത്തിലൂടെയാണ്. ആമിർ ഖാൻ ചിത്രങ്ങളായിരുന്നു ഉദിത് നാരായണന്റെ ഭാഗ്യമായിരുന്നതെന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.
ഖയാമത് സേ ഖയാമത് തക്, രാജാഹിന്ദുസ്ഥാനി, ലഗാൻ, മൻ, ദിൽ ചാഹ്താ ഹെ അങ്ങനെ നീളുന്നു ഹിറ്റ് ഗാനങ്ങളുടെ നിര. ഭാഷയേതുമാവട്ടെ ഏതുതരം ഗാനവും അനായാസം പാടുന്നതാണ് ഉദിത് നാരായണിന്റെ പ്രത്യേകത. ഹിന്ദി സിനിമാഗാന ലോകത്തേക്ക് ’90 കളിൽ കുമാർസാനു എത്തുംവരെ ഉദിത് നാരായണിെൻറ വാഴ്ചയായിരുന്നു. 90കളിൽ ദിൽ എന്ന സിനിമയിെല ഗാനങ്ങൾ ഹിറ്റായെങ്കിലും കുമാർ സാനു പാടിയ ആശികി സിനിമയിലെ ഗാനവും ഹിറ്റാവുകയായിരുന്നു. പിന്നീട് ഇരുവരുടേയും പാട്ടുകൾ തമ്മിലായിരുന്നു പുരസ്കാരങ്ങൾക്കായുള്ള വരികളിൽ നിരന്നിരുന്നത്. ’95 മുതൽ 2004 വരെ ഹിന്ദി ഗാനലോകത്തെ താരങ്ങളായി ഇരുവരും.
ഇക്കലയളവിൽ നിരവധി ദേശീയപുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 2014 പത്മഭൂഷണും സമ്മാനിച്ചു. മകൻ ആദിത്യ നാരായണനും മികച്ച ഗായകനാണ്. നിലവിൽ മൂംബൈയിൽ താമസിക്കുന്ന ഉദിത് നാരായണിന് ഇരുനൂറ് കോടിയോളം രൂപയുടെ ആസ്തിയാണുള്ളത്. മെഴ്സിഡീസ് എസ് ക്ലാസും റേഞ്ച് റോവർ കാറുകളുമാണ് ഇഷ്ടവാഹനം. ലോകത്തിന്റെ പലഭാഗങ്ങളിലും വീടുകളുള്ള അദ്ദേഹം കൂടുതൽ സമയവും മുംബൈയിലെ ആഡംബരവസതിയിൽ തന്നെയാണ് ചെലവഴിക്കുന്നത്. രണ്ടു ഭാര്യമാരാണ് ഉദിത്തിനുള്ളത് രാഞ്ജനയും ദീപയും. ഇന്നും യുവാക്കളുടെ ഹരമായ ഹിന്ദിഗാനങ്ങളിലൂടെ മലയാളി മനസ്സിലും ചേക്കേറുകയാണ് ഉദിത് നാരായണെന്ന ഇതിഹാസ ഗായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.