ചിത്രീകരണത്തിനിടെ തലക്കേറ്റ പരിക്ക് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ടോം ഹോളണ്ട് ഒരാഴ്ചക്ക് ശേഷം സെറ്റിൽ തിരിച്ചെത്തും. 'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സെപ്റ്റംബർ 29ന് ചിത്രീകരണം ഔദ്യോഗികമായി പുനരാരംഭിക്കുമെന്നാണ് വിവരം.
പരിക്കിൽ നിന്ന് മുക്തി നേടാൻ ടോം ഹോളണ്ടിന് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടിക്രമമാണ് ഇടവേള. ഈ ഇടവേള ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതിയായ 2026 ജൂലൈ 31നെ ബാധിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിക്ക് ഗുരുതരമല്ലെന്ന് അണിയറ പ്രവവർത്തകർ അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവെച്ചിരുന്നില്ല.
സ്പൈഡർമാൻ ഫ്രാഞ്ചൈസിയുടെ വരാനിരിക്കുന്ന ഭാഗം ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടണാണ് സംവിധാനം ചെയ്യുന്നത്. സെൻഡയ, ജേക്കബ് ബറ്റലോൺ, സാഡി സിങ്ക്, ലിസ കോളൻ-സയാസ് എന്നിവരും ഇതിൽ അഭിനയിക്കുന്നു. കഴിഞ്ഞ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച വിവരം നടൻ തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ കൂടാതെ, ക്രിസ്റ്റഫർ നോളന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഒഡീസിയിലും ടോം ഹോളണ്ട് അഭിനയിക്കും. ഹോമറിന്‍റെ പുരാതന ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ചിത്രം 2026 ജൂലൈ 17ന് തിയറ്ററിൽ എത്തും. മാറ്റ് ഡാമൺ, സെൻഡയ, റോബർട്ട് പാറ്റിൻസൺ, ലുപിറ്റ ന്യോങ്കോ, ആനി ഹാത്ത്വേ, ചാർലിസ് തെറോൺ എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.