ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ച് എസ്ക്വയർ. ഹോളിവുഡ് താരങ്ങൾ ആധിപത്യം സ്ഥാപിച്ച ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നും നടൻ ഷാരൂഖ് ഖാനും ഇടം പിടിച്ചിട്ടുണ്ട്. ആഗോള റാങ്കിംഗിൽ നാലാം സ്ഥാനമാണ് ഷാരൂഖ് ഖാന്. അർനോൾഡ് ഷ്വാസ്നെഗർ, 'ദി റോക്ക്' ജോൺസൺ, ടോം ക്രൂസ്, ജാക്കി ചാൻ, ടോം ഹാങ്ക്സ്, ജാക്ക് നിക്കോൾസൺ, ബ്രാഡ് പിറ്റ്, റോബർട്ട് ഡി നിറോ, ജോർജ്ജ് ക്ലൂണി എന്നിവരാണ് മറ്റ് താരങ്ങൾ.
1.49 ബില്യൺ ഡോളർ ആസ്തിയുള്ള ആർനോൾഡ് ഷ്വാസ്നെഗർ ആണ് ലോകത്തെ ഏറ്റവും അതിസമ്പന്നനായ താരം. ഓസ്ട്രിയയിൽ ജനിച്ച അദ്ദേഹം ബോഡി ബിൽഡർ, നടൻ, രാഷ്ട്രീയക്കാരൻ, സംരംഭകൻ എന്നീ നിലകളിൽ മികവ് പുലർത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം പുറത്തുവന്ന ഫോർബ്സിന്റെ കോടീശ്വരന്മാരുടെ പട്ടികയിലും ഷ്വാസ്നെഗർ ഇടം നേടിയിരുന്നു.
1.19 ബില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ "ദി റോക്ക്" ജോൺസൺ ഹോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. കരുത്തുറ്റ ശരീരഘടന അദ്ദേഹത്തെ ബ്ലോക്ക്ബസ്റ്റർ സിനിമകളിലെ ജനപ്രിയ താരമാക്കി. രണ്ട് ബില്യൺ ഡോളർ വിലമതിക്കുന്ന ടെറിമാന ടെക്വില ബ്രാൻഡിന്റെ ഏകദേശം 30 ശതമാനം സ്വന്തമാക്കിയത് റോക്കാണ്.
891 മില്യൺ ഡോളറാണ് ടോം ക്രൂസിന്റെ ആസ്തി. മിഷൻ: ഇംപോസിബിൾ, ടോപ്പ് ഗൺ പോലുള്ള ബ്ലോക്ക്ബസ്റ്റർ ഫ്രാഞ്ചൈസികളിലെ അഭിനയത്തിലൂടെ അദ്ദേഹം ആരാധകരുടെ പ്രിയപ്പെട്ടവനായി. ഹോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി സ്ഥിരമായി ടോം ക്രൂസ് റാങ്ക് ചെയ്യപ്പെടുന്നു. അഭിനയത്തിനപ്പുറം, യുണൈറ്റഡ് സ്റ്റേറ്റ്സിലും വടക്കേ അമേരിക്കയിലും വ്യാപിച്ചുകിടക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സും അദ്ദേഹത്തിനുണ്ട്.
ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ഷാരൂഖ് ഖാന് 876.5 മില്യൺ ഡോളർ ആസ്തി. ഏകദേശം 30 വർഷമായി ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ഷാരൂഖ്. ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ ഷാരൂഖിന് റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണ കമ്പനിയുമുണ്ട്.
742.8 മില്യൺ ഡോളർ ആസ്തിയുള്ള താരമാണ് ജോർജ്ജ് ക്ലൂണി. അഭിനയത്തേക്കാൾ ഓഫ്‌സ്ക്രീൻ സംരംഭങ്ങളാണ് താരത്തിന്റെ സമ്പത്ത് വർധിപ്പിച്ചത്. ഏകദേശം 1 ബില്യൺ ഡോളറിന് വിറ്റ പ്രീമിയം ടെക്വില ബ്രാൻഡായ കാസമിഗോസിന്റെ സഹസ്ഥാപകനാണ് ക്ലൂണി.
സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി വ്യാപകമായി കണക്കാക്കപ്പെടുന്ന താരമാണ് റോബർട്ട് ഡി നിറോ. ആഗോള റെസ്റ്റോറന്റ് ശൃംഖലയായ നോബുവിന്റെ സഹസ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഏകദേശം 735.35 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തി.
594.23 മില്യൺ ഡോളറാണ് ബ്രാഡ് പിറ്റിന്റെ ആസ്തി. അഭിനയത്തിനപ്പുറം മറ്റു ബിസിനസുകളും ബ്രാഡ് പിറ്റിനുണ്ട്. മുൻ ഭാര്യ ജെന്നിഫർ ആനിസ്റ്റണിനൊപ്പം പ്രശസ്ത നിർമ്മാണ കമ്പനിയായ പ്ലാൻ ബി എന്റർടൈൻമെന്റും ബ്രാഡ് പിറ്റ് സ്ഥാപിച്ചു. ദി ഡിപ്പാർട്ടഡ്, മൂൺലൈറ്റ്, 12 ഇയേഴ്സ് എ സ്ലേവ് തുടങ്ങി അക്കാദമി അവാർഡ് നേടിയ നിരവധി ചിത്രങ്ങൾ കമ്പനി നിർമ്മിച്ചിട്ടുണ്ട്.
ന്യൂറോട്ടിക് കഥാപാത്രങ്ങളുടെ മികവാർന്ന അഭിനയത്തിന് ഏറെ പ്രശസ്തനായ ജാക്ക് നിക്കോൾസണിന്‍റെ ആസ്തി 590 മില്യൺ ഡോളറാണ്. ഇദ്ദേഹം 12 തവണ അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ ടോം ഹാങ്ക്സിന്റെ ആസ്തി 571.94 മില്യൺ ഡോളറാണ്. ടെലിവിഷൻ പരമ്പരകളിലും ഹാസ്യ-കുടുംബ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്താണ് ഇദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്. അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമാണ് താരം.
ലിസ്റ്റിൽ പത്താം സ്ഥാനത്താണ് . 557.09 മില്യൺ ഡോളർ ആസ്തിയുള്ള ജാക്കി ചാനാണ് പത്താം സ്ഥാനത്ത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ജാക്കിചാൻ. അഭിനയത്തിനപ്പുറം സ്വന്തമായി സിനിമാ തിയേറ്ററുകളുടെ ശൃംഖലയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.