‘ഉഡുപ്പി ഹോട്ടലിൽ സഹായിയായി തുടങ്ങി ബോളിവുഡ് താരമായി; ത​ന്റെ ജീവിത യാത്ര വിവരിച്ചുള്ള ബോളിവുഡ് നടന്റെ കുറിപ്പ് വൈറൽ

ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന ആക്‌ഷന്‍ താരമാണ് സുനിൽ ഷെട്ടി. ചെറുപ്പത്തിൽ അച്ഛന്റെ റെസ്റ്റോറന്റുകളിൽ ജോലി ചെയ്തിരുന്നു ഈ നടൻ. മുംബൈയിലെ ബണ്ട് കമ്മ്യൂണിറ്റിയിൽ നിന്നുള്ള മറ്റു പലരെയും പോലെ സുനിൽ ഷെട്ടിയുടെ കുടുംബവും റസ്റ്റോറന്റ് ബിസിനസ് നടത്തിയിരുന്നു. ആ കാലത്തെ കുറിച്ച് സുനിൽ ഷെട്ടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ചെറുപ്പത്തിൽ അച്ഛന്റെ റെസ്റ്റോറന്റുകളിൽ ജോലി ചെയ്യുന്നതിനിടയിൽ ഞാൻ നേടിയെടുത്ത തൊഴിൽ നൈതികതയും അതിജീവന കഴിവുകളുമാണ് എന്റെ വളർച്ചയ്ക്ക് കടപ്പെട്ടിരിക്കുന്നത്. മുംബൈയിലെ ബണ്ട് കമ്മ്യൂണിറ്റിയിൽ നിന്നുള്ള മറ്റു പലരെയും പോലെ ഞങ്ങളും ഏതാനും ‘ഉഡുപ്പി’ റെസ്റ്റോറന്റുകൾ നടത്തിയിരുന്നു’-സുനിൽ ഷെട്ടി കുറിച്ചു.


ചെറുപ്പത്തിൽ ഒന്നുമില്ലാതെയാണ് അച്ഛൻ മുംബൈയിലെത്തിയത്. ഒരു ഉഡുപ്പി റെസ്റ്റോറന്റിൽ മേശകൾ വൃത്തിയാക്കിക്കൊണ്ട് അച്ഛൻ ജോലി തുടങ്ങി. ഒടുവിൽ ജോലി ചെയ്തിരുന്ന മൂന്നു റെസ്റ്റോറന്റുകളും അദ്ദേഹം വാങ്ങി. ഹോട്ടൽ ഉടമ അതെല്ലാം അച്ഛനു വിറ്റതിന്റെ ഒരേയൊരു കാരണം എന്റെ അച്ഛൻ അവരോട് ഓരോരുത്തരോടും നീതി പുലർത്തുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.


അച്ഛൻ സ്വന്തമായി ഹോട്ടലുകൾ നടത്തി തുടങ്ങിയപ്പോൾ ഗ്രാമത്തിൽ നിന്ന് ഒരു കൂട്ടം ആൺകുട്ടികളെ സഹായത്തിനായി കൊണ്ടുവന്നു. ജോലിയ്ക്ക് ഒപ്പം അവരുടെ താമസം, ഭക്ഷണം, മറ്റു സൗകര്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കി. എഴുപതോളം ചെറുപ്പക്കാർ റെസ്റ്റോറന്റിന്റെ പരിസരങ്ങളിലായി ഒരുക്കിയ താമസസ്ഥലങ്ങളിൽ തങ്ങി, അത് അവർക്ക് വീടായി മാറി.


‘ദിവസേനെ 5 മണിക്ക് മൊത്തവ്യാപാര മാർക്കറ്റുകളിലേക്കുള്ള യാത്രകൾ മുതൽ, രാവിലെ ഏഴിന് തുറക്കുന്നതിന് മുമ്പുള്ള അടുക്കള തയ്യാറെടുപ്പുകൾ വരെ ഓർമയുണ്ട്. ഉപഭോക്താവ് സംതൃപ്തനാണെന്ന് ഉറപ്പാക്കാൻ ഓരോ മേശയിലും കണ്ണെത്തണം. അവശ്യവസ്തുക്കളെല്ലാം കൃത്യമായി സ്റ്റോക്ക് ചെയ്യുക, ഭക്ഷണം ഒട്ടും പാഴാകുന്നില്ലെന്ന് ഉറപ്പാക്കുക, തിരക്കുള്ള സമയങ്ങളിൽ അടുക്കള വൃത്തിയാക്കൽ, ടേബിളുകൾ വൃത്തിയാക്കൽ…ഹോട്ടൽ അടച്ചതിനു ശേഷം മൊത്തത്തിലുള്ള ഡീപ് ക്ലീനിംഗ്, എല്ലാം ഓർമവരികയാണ്.


എന്റെ ഡാഡിയെപ്പോലെയുള്ള നിരവധി റെസ്റ്റോറന്റ് ഉടമകൾ, ജീവനക്കാർക്ക് സൗകര്യപ്രദമായ ഷിഫ്റ്റുകൾ നൽകുകയും രാത്രി സ്കൂളിൽ ചേരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുത്ത തലമുറയേയും അവരുടെ കുടുംബങ്ങളെയും മികച്ച നാളെയ്ക്കായി സജ്ജരാക്കുകയെന്നതായിരുന്നു അതിനു പിന്നിലെ ആശയം.

ഹോട്ടലിലെ കുക്കോ കാഷ്യറോ മാനേജർമാരോ ഒക്കെ സ്വന്തമായി ഒരു ഹോട്ടൽ ആരംഭിക്കാൻ പ്രാപ്തരായി എന്നു തോന്നിയപ്പോൾ അച്ഛൻ അവരെ സഹായിച്ചു. സമുദായത്തിന്റെ വലിയൊരു വിഭാഗം ആളുകൾ വളർന്നതും അഭിവൃദ്ധി പ്രാപിച്ചതും അങ്ങനെയാണ്. യഥാർത്ഥ സൗഹൃദവും സമൂഹബോധവുമായിരുന്നു അടിത്തറ.

ഉപഭോക്താവ് എല്ലായ്‌പ്പോഴും അവരെ സംബന്ധിച്ച് പ്രധാനമായിരുന്നു. 8 പേരടങ്ങുന്ന ഒരു സംഘത്തെ സേവിക്കുന്ന അതേ ആവേശത്തോടെ തന്നെ ഒരു കപ്പ് ചായയ്‌ക്കായി വന്ന മനുഷ്യനെയും സേവിക്കാൻ അവർക്ക് സാധിച്ചിരുന്നു, അതെന്നെ അത്ഭുതപ്പെടുത്തും! റെസ്റ്റോറന്റുകളോട് എനിക്കെന്നും ബഹുമാനമാണ് – അതിന്റെ പിന്നിലെ അധ്വാനമെനിക്കറിയാം.

അച്ഛൻ അന്നും ഇന്നും എന്നും എന്റെ ഗുരുവായി തുടരും. അദ്ദേഹം പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തെ രൂപപ്പെടുത്തിയത്’ -സുദീർഘമായ കുറിപ്പിൽ സുനിൽ ഷെട്ടി പറയുന്നു.


കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്ത് അച്ഛനു വേണ്ടി സിനിമയിൽ നിന്നും ഇടവേളയെടുത്ത വ്യക്തിയാണ് സുനിൽ ഷെട്ടി. 2014 കാലഘട്ടമായിരുന്നു അത്. ഓടി നടന്ന് വർഷത്തിൽ അഞ്ചും ആറും സിനിമകൾ ചെയ്യുന്ന സമയത്താണ് സുനിൽ ഷെട്ടിയുടെ പിതാവ് വീരപ്പ ഷെട്ടിക്ക് സ്ട്രോക്ക് വരുന്നത്. തലച്ചോറിലേക്കുള്ള രക്തത്തിന്റെ പ്രവർത്തനം നിലച്ചതോടെ വീരപ്പ ഷെട്ടിയുടെ പാതിശരീരം തളർന്നുപോയി. അതോടെ സുനില്‍ ഷെട്ടി സിനിമ മതിയാക്കി അച്ഛനെ ശുശ്രൂഷിക്കാനായി വീട്ടിലിരുന്നു.

വീട്ടിലെ ഒരു മുറിയെ ആശുപത്രിയിലെ ഐ.സി.യുവിനു സമാനമായി സജ്ജീകരിച്ചു. മൂന്നുവർഷത്തോളം തളർന്നുകിടക്കുന്ന അച്ഛന്റെ നിഴലായി കൂടെ നിന്നു. 2015, 2016 കാലഘട്ടങ്ങളിൽ ഒരു സിനിമ പോലും സുനിൽ ഷെട്ടി ചെയ്തില്ല. 2017ൽ വീരപ്പ ഷെട്ടി അന്തരിച്ചു. അച്ഛന്റെ മരണം സുനിൽ ഷെട്ടിയെ മാനസികമായി തളർത്തിയിരുന്നു.

പിതാവിന്റെ മരണശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് സുനിൽ ഷെട്ടി അഭിനയിച്ചത്. മലയാളത്തിൽ മരക്കാർ, തമിഴിൽ ദർബാർ എന്നീ ചിത്രങ്ങളിലും സുനിൽ ഷെട്ടി വേഷമിട്ടിരുന്നു. അടുത്തിടെയായിരുന്നു, സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയുടെ വിവാഹം ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലുമായി നടന്നത്.

Tags:    
News Summary - The Bollywood actor's post describing his life journey has gone viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.