സോഷ്യൽ മീഡിയ പേജിലൂടെയാണ് തനിക്ക് ഹൃദയാഘാതമുണ്ടായതിനെ കുറിച്ച് സുസ്മിത സെൻ വെളിപ്പെടുത്തിയത്. പിതാവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമാക്കിയത്. ആൻജിയോ പ്ലാസ്റ്റി ചെയ്തെന്നും ഇപ്പോൾ ആരോഗ്യം തൃപ്തികരമാണെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നാൽ അസുഖത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരുന്നില്ല.
രോഗമുക്തി നേടിയതിന് ശേഷം തനിക്ക് സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും നടി നന്ദി പറയുന്നുണ്ട്. കൂടാതെ ആപത്ത് സമയത്ത് താങ്ങായി നിന്നവരേയും സുസ്മിത ഓർക്കുന്നുണ്ട്.
'ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മികച്ചതാണ്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഒരുപാട് ആളുകൾ രോഗശാന്തി നേർന്നു കൊണ്ട് സന്ദേശം അയച്ചിരുന്നു. എല്ലാവർക്കും നന്ദി. എന്‍റെ ആരോഗ്യാവസ്ഥ തൃപ്തികരമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത് എന്റെ ശബ്ദമാണ്. ഇതിന് അർഥം എന്റെ ആരോഗ്യം മോശമാണെന്നല്ല. ഞാൻ വളരെ സുഖമായിരിക്കുന്നു- സുസ്മിത സെൻ പറഞ്ഞു.
എനിക്ക് സംഭവിച്ചത് മാസിവ് ഹാർട്ട് അറ്റാക്കാണ്. രക്തധമനികളിൽ 95 ശതമാനം ബ്ലോക്ക് ആയിരുന്നു. ആരോഗ്യകാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. കൂടാതെ കൃത്യസമയത്ത് പരിശോധന നടത്തുകയും വേണം.
വ്യായാമം തനിക്ക് ഗുണകരമായിരുന്നു. വർക്കൗട്ട് സഹായിച്ചില്ലെന്ന് പറഞ്ഞ് ജിമ്മിൽ പോകുന്നത് നിർത്തുന്നവര്‍ നിരവധിയുണ്ടാകും, എന്നാൽ അതുശരിയല്ല. വ്യായാമം തനിക്ക് ഗുണം ചെയ്തു. ഞാൻ അതിജീവിച്ചത് തീവ്രമായൊരു ഹൃദയാഘാതത്തെയാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതുകൊണ്ടാണ് അതിജീവിക്കാനായത്. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ചോർത്ത് ഭയമില്ല.
ഹൃദയാഘാതം പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും സംഭവിക്കാമെന്ന് മനസിലാക്കണം. എന്നാൽ ഇതിൽ ഭയപ്പെടേണ്ടതില്ല. കുറച്ച് ജാഗ്രത പുലർത്തിയാൽ മതി. ഇരുപതുകളിൽ ആണെങ്കിൽപ്പോലും ലക്ഷണങ്ങളെ അവഗണിക്കുകയോ ചെക്കപ്പുകൾ ഒഴിവാക്കുകയോ ചെയ്യരുത്'; സുസ്മിത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.