'വിഷാദം മുങ്ങി മരിക്കുന്നതു ​പോലെയാണ്'...ആമസോണിലും ഫ്ലിപ്കാർട്ടിലും സുശാന്ത് സിങ്ങിന്റെ ചിത്രമുള്ള ടീ ഷർട്ട് വിൽപ്പനക്ക്

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ചിത്രം പതിച്ച ടീ ഷർട്ട് വിൽക്കുന്നതിൽ ഇ-കൊമേഴ്സ് വ്യാപാര രംഗത്തെ കുത്തകകളായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ വൻ പ്രതിഷേധം. ആമസോണും ഫ്ലിപ്കാർട്ടും ബഹിഷ്കരിക്കണമെന്ന ഹാഷ്ടാഗുമായാണ് സുശാന്തിന്റെ ആരാധകർ രംഗത്തു വന്നത്.

സുശാന്തിന്റെ മുഖചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടുകളിൽ വിഷാദം മുങ്ങിമരിക്കുന്നതു പോലെയാണ് എന്നെഴുതിയിട്ടുമുണ്ട്. വിഷാദം പിടിമുറുക്കിയ സമയത്തായിരുന്നു സുശാന്തിന്റെ മരണം. അതിനാൽ നടനെ മരണശേഷം വീണ്ടും കൊല്ലുന്നതിന് തുല്യമാണ് ഫ്ലിപ്കാർട്ടിന്റെയും ആമസോണിന്റെയും നടപടിയെന്നും ആരോപിച്ച് സുശാന്തിന്റെ ആരാധകക്കൂട്ടം രംഗത്തുവന്നിട്ടുണ്ട്.

2020 ജൂണിലാണ് മുംബൈയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 34 വയസായിരുന്നു മരിക്കുമ്പോൾ സുശാന്തിന്റെ പ്രായം.

''മരിച്ച ഒരു വ്യക്തിയുടെ പേരിലുള്ള വിൽപ്പന നിർത്തണമെന്നാണ് പ്രതിഷേധകർ ആവശ്യപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ദയവായി അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് കൂടി ഓർക്കുക. നിങ്ങൾക്ക് ഇതിന്റെ ഫലം വൈകാതെ ലഭിക്കും.''-എന്നാണ് പ്രതിഷേധകർ അഭിപ്രായപ്പെടുന്നത്.

സുശാന്തിന്റെ മരണമേൽപിച്ച ആഘാതത്തിൽ നിന്ന് ഇപ്പോഴും മോചനം ലഭിച്ചിട്ടില്ല. ഞങ്ങൾ നീതിക്കായി ശബ്ദമുയർത്തും. ഇത്തരം നീചമായ മാർക്കറ്റിങ് തന്ത്രവുമായെത്തിയ ഫ്ലിപ്കാർട്ട് മാപ്പു പറയണമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും ഒരാൾ പ്രതികരിച്ചു. ​​

''സുശാന്തിന്റെ ടീ ഷർട്ട് കണ്ടപ്പോൾ സത്യത്തിൽ സന്തോഷം തോന്നി. എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തിനു താഴെ എഴുതിവെച്ചതു കണ്ടപ്പോൾ ചെട്ടിപ്പോയി. അദ്ദേഹം വിഷാദരോഗിയായിരുന്നുവെന്ന് തീരുമാനിക്കാൻ നിങ്ങളാരാണ്? ഇപ്പോഴും ആ കേസ് തീർപ്പായിട്ടില്ല. സുശാന്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് സൂചിപ്പിക്കവെ മറ്റൊരാൾ കുറിച്ചു. സമാന ടീ ഷർട്ട് ആ​മസോണിലും വിൽപ്പനക്ക് വെച്ചിട്ടുണ്ട്. സംഭവത്തിൽ ഫ്ലിപ്കാർട്ടും ആമസോണും പ്രതികരിച്ചിട്ടില്ല.

മുംബൈ പോലീസ് ആണ് സുശാന്ത് സിങ് കേസ് ആദ്യം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവയാണ് അന്വേഷിക്കുന്നത്.

Tags:    
News Summary - Sushant Singh Rajput T-Shirts Led To 'Boycott Amazon, Flipkart' Calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.