'വിദ്യാർഥികൾ റീൽസിന് പകരം പോഡ്കാസ്റ്റുകൾ കാണണം'; ഇൻസ്റ്റാഗ്രാം റീൽസുകൾ കൊണ്ട് നിങ്ങൾക്ക് ഒന്നും പഠിക്കാനാവില്ലെന്ന് സൂര്യ
ചെന്നൈയിൽ തന്റെ പിതാവിന്റെ പേരിലുള്ള ശിവകുമാർ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ 47-ാമത് വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് പ്രശസ്ത തമിഴ് നടൻ സൂര്യ വിദ്യാർഥികൾക്ക് വിലയേറിയ ചില ജീവിത പാഠങ്ങൾ പകർന്നുനൽകിയത്. ഇന്നത്തെ തലമുറയിലെ കുട്ടികൾ ഇൻസ്റ്റാഗ്രാം റീൽസുകൾ കാണുന്നതിന് കൂടുതൽ സമയം ചെലവഴിക്കുന്ന പ്രവണതയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വെറുതെ റീൽസുകൾ കണ്ട് സമയം കളയുന്നതിന് പകരം കൂടുതൽ അറിവുകൾ നൽകുന്ന പോഡ്കാസ്റ്റുകൾ കാണാനും ഓൺലൈൻ വഴി വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനുമാണ് അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തത്.
റീൽസുകൾ കാണുന്നത് വഴി ചില കഥകൾ മാത്രമാണ് മനസ്സിലാക്കാൻ കഴിയുകയെന്നും അതിൽ നിന്നും യഥാർത്ഥത്തിൽ അറിവൊന്നും നേടാൻ സാധിക്കില്ലെന്നുമാണ് സൂര്യ വ്യക്തമാക്കിയത്. വെറുമൊരു നിമിഷത്തെ വിനോദത്തിനപ്പുറം ജീവിതത്തിൽ വിജയം വരിച്ച പ്രഗത്ഭ വ്യക്തികളുടെ യഥാർത്ഥ ജീവിതകഥകളും അവരുടെ കഷ്ടപ്പാടുകളും യാത്രകളും വിവരിക്കുന്ന വലിയ രൂപത്തിലുള്ള പോഡ്കാസ്റ്റുകൾ കാണാൻ വിദ്യാർത്ഥികൾ തയാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ഉന്നത വിദ്യാഭ്യാസം നേടാൻ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രത്യേകിച്ച് കുടുംബത്തിൽനിന്ന് ആദ്യമായി കോളേജിൽ പോകുന്നവർക്ക് സൂര്യയുടെ അഗരം ഫൗണ്ടേഷൻ നൽകിവരുന്ന പിന്തുണ വലുതാണ്. ഈ സംഘടനയുടെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ ഇതുവരെ 51 പേർ ഡോക്ടർമാരായി മാറുകയും 1800-ഓളം പേർക്ക് എഞ്ചിനീയർമാരായി ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ 6,000-ത്തിലധികം വിദ്യാർഥികൾക്കാണ് അഗരം ഫൗണ്ടേഷനിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങിയത്. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും അദ്ദേഹത്തിന്റെ കുടുംബവും നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സിനിമാമേഖലയിൽ നിന്നും ആരാധകരിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.