സൂര്യ, ജ്യോതിക

‘എന്‍റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധിയിലും ജോ ഒപ്പമുണ്ടായിരുന്നു’; ജ്യോതികക്ക് നന്ദി പറഞ്ഞ് സൂര്യ

കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് നടൻ സൂര്യ. പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. ജീവിതത്തിൽ കഠിനാധ്രാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, വിജയ പരാജയങ്ങളെ താൻ എങ്ങനെ കാണുന്നുവെന്നും സൂര്യ വിശദീകരിച്ചു. തന്റെ ഇന്നത്തെ നിലവാരത്തിലേക്ക് തന്നെ എത്തിച്ചതിൽ ഭാര്യ ജ്യോതിക വഹിച്ച പങ്ക് വളരെ വലുതാണെന്നും താരം വികാരാധീതനായി പറഞ്ഞു. ചടങ്ങിൽ സൂര്യക്ക് പിന്നാലെ സംസാരിച്ച ജ്യോതികയും ഭർത്താവിനെക്കുറിച്ച് വാചാലയായി.

വിജയങ്ങളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും സംസാരിക്കവെ, പ്രായത്തിനനുസരിച്ച് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകൾ മാറിയെന്ന് സൂര്യ വ്യക്തമാക്കി. ‘ജയിച്ചിട്ടേ അടങ്ങൂ എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ വിജയം എന്നാൽ എന്താണ്? എന്തൊക്കെയോ ചെയ്ത് വിജയിച്ചാൽ മാത്രം മതിയോ? ജയവും തോൽവിയുമൊക്കെ ജീവിതത്തിൽ വന്നുപോകുന്ന സ്വാഭാവിക കാര്യങ്ങളായിട്ടാണ് ഞാൻ കാണുന്നത്.

എനിക്ക് 20 വയസ്സുള്ളപ്പോൾ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. 20-ാം വയസ്സിൽ ഒരു ജോലി വേണം, 25ൽ നല്ലൊരു ശമ്പളം വാങ്ങണം, 30-35 വയസ്സിൽ സ്വന്തമായി വീടുണ്ടാക്കണം എന്നൊക്കെയുള്ള ചിന്തകളായിരുന്നു മനസ്സിൽ. എന്നാൽ ഇപ്പോൾ എനിക്ക് 50 വയസ്സ് കഴിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിക്കുന്നത് മനസമാധാനവും നല്ല ആരോഗ്യവുമാണ്. ഇത് രണ്ടും നമ്മുടെ കൈയിലുണ്ടെങ്കിൽ ബാക്കിയെല്ലാം തനിയെ വന്നുചേരും’ സൂര്യ പറഞ്ഞു.

തന്റെ ജീവിത വിജയത്തിൽ ഭാര്യ ജ്യോതിക നൽകിയ പിന്തുണ വാക്കുകൾക്കതീതമാണെന്ന് സൂര്യ പറഞ്ഞു. കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. ‘അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും എനിക്ക് ഒരിക്കലും തള്ളിക്കളയാനാകില്ല. കാരണം ഞാൻ ജനിച്ചുവളർന്നത് ആ ചുറ്റുപാടിലാണ്. എന്നാൽ, നല്ലൊരു ഭാര്യയെ ലഭിക്കുക എന്നത് ദൈവം തന്ന വരമാണ്. ഇന്ന് ഞാൻ ഈ നിലയിൽ നിൽക്കുന്നുണ്ടെങ്കിൽ, എനിക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ ചെയ്യാനും എന്നെ പ്രാപ്തനാക്കുന്നത് എന്റെ ഭാര്യയാണ്.

ജീവിതത്തിൽ പലപ്പോഴും തെറ്റുകൾ പറ്റിയിട്ടുണ്ട്, ഞാൻ തളർന്നുപോയിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം എന്റെ കൈ പിടിച്ച് മുന്നോട്ട് നയിച്ചത് ജോ ആണ്. എനിക്ക് പറ്റിയ ഏറ്റവും മികച്ച ജീവിതപങ്കാളിയും നല്ല സുഹൃത്തും മികച്ച അമ്മയും അവളാണ്. വളരെ സ്ട്രോങ്ങായ ഒരു വ്യക്തി കൂടിയാണ് ജ്യോതിക. എന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അവൾ എന്റെ കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമായതിനും ഈ വഴിയിലൂടെ എന്നെ നടത്തിച്ചതിനും ജോയ്ക്ക് നന്ദി’ സൂര്യ  പറഞ്ഞു.

എപ്പോഴും നമ്മൾ എന്താണോ ചിന്തിക്കുന്നത് അതാണ് നമ്മളാകുന്നത്. കാര്യങ്ങൾ മാനിഫെസ്റ്റ് ചെയ്യണമെന്ന് പലരും പറയാറുണ്ട്. എന്നാൽ അത് മാത്രം ചെയ്‌തുകൊണ്ടിരുന്നാൽ പോരാ. എപ്പോഴും നിങ്ങളുടെ കഴിവിന്റെ പരമാവധി നൽകാൻ തയാറാകണം. നന്നായി കഠിനാധ്വാനം ചെയ്യുക. ഓൺലൈനിൽ മാത്രം സമയം കളയാതെ ഓഫ്‌ലൈനിലും സജീവമായിരിക്കുക. ഏതൊരു കാര്യത്തിന്റെയും അടിവേരുകൾ വരെ ചെന്ന് ജോലികൾ ചെയ്യുക. ജീവിതത്തെ സ്നേഹിക്കുക, ജീവിതം വളരെ മനോഹരമാണ് സൂര്യ കൂട്ടിച്ചേർത്തു.

സൂര്യയുടെ വാക്കുകൾക്ക് മറുപടിയെന്നോണം ജ്യോതികയും മറുപടി നൽകി. ‘ഇവിടെ വന്ന് സംസാരിക്കുമ്പോൾ എനിക്ക് വല്ലാത്ത ടെൻഷനുണ്ട്. കാരണം, ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഇത്തരമൊരു ചടങ്ങിന് വരുന്നത്. എന്നോടൊപ്പം എന്നും നിൽക്കുന്നതിന് സൂര്യക്ക് നന്ദി.

‘ഞാൻ എന്തുപറയണം? സ്കോട്ട്ലൻഡിൽ നിന്നുള്ള ഞങ്ങളുടെ വിഡിയോ നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ. വളരെയധികം ഭാഗ്യവതിയാണെന്ന് മാത്രമേ എനിക്കിപ്പോൾ പറയാനുള്ളൂ. നല്ലൊരു കുടുംബവും നല്ലൊരു ഭർത്താവും ലഭിച്ചു. ദൈവത്തിന്റെ സ്നേഹത്താൽ പൂർണ്ണമായും അനുഗ്രഹിക്കപ്പെട്ടവളാണ് ഞാൻ. എല്ലാവർക്കും നന്ദി’ ജ്യോതിക പറഞ്ഞു.

Tags:    
News Summary - Suriya Credits Jyotika For Success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.