ആരാധകരെ കാണുന്ന അമിതാഭ് ബച്ചന്‍


പതിവ് തെറ്റിച്ചില്ല; ബോംബ് ഭീഷണിക്കിടെ ആരാധകരെ കാണാന്‍ അമിതാഭ് ബച്ചനെത്തിയത് ബുള്ളറ്റ് പ്രൂഫ് കവചത്തിൽ

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ ശക്തമാക്കിയതോടെ ആരാധകരെ കാണുന്നതിൽ പതിവ് തെറ്റിക്കാതെ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. ഞായറാഴ്ച മുംബൈയിലെ ജുഹുവിലുള്ള വസതിയായ ജൽസക്ക് മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്യാനായി താരം ഇത്തവണ എത്തിയത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിനുള്ളിലാണ്. പിതാവിനൊപ്പം മകൻ അഭിഷേക് ബച്ചനും ഉണ്ടായിരുന്നു. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുമ്പോൾ പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങൾ അഭിഷേക് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

വർഷങ്ങളായി എല്ലാ ഞായറാഴ്ചയും അമിതാഭ് ബച്ചൻ തന്റെ വസതിക്കു മുന്നിലെത്തുന്ന ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. മുംബൈയിലെത്തുന്ന നിരവധി ആരാധകർ താരത്തെ ഒരു നോക്ക് കാണാനായി ജൽസക്ക് മുന്നിൽ തടിച്ചുകൂടും. സാധാരണയായി വീടിന് പുറത്തേക്ക് നേരിട്ടെത്തിയാണ് താരം ആരാധകരെ കാണാറുള്ളത്. എന്നാൽ ഇത്തവണ സുതാര്യമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചത്തിനുള്ളിൽനിന്നാണ് കൈകൂപ്പിയും കൈവീശിയും ആരാധകരെ അഭിവാദ്യം ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണവുമായി സ്ഥലത്ത് ചുറ്റുമുണ്ടായിരുന്നു.

മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലുള്ള ഒരു സ്കൂളിന് ലഭിച്ച ഇമെയിൽ സന്ദേശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് സുരക്ഷ ശക്തമാക്കിയത്. അമിതാഭ് ബച്ചന്റെ ജൽസ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സന്ദേശം. പിന്നാലെ മുംബൈ പൊലീസ് അന്വേഷണം ആരംഭിക്കുകയും താരത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന വെടിവെപ്പ് സംഭവവും ബോളിവുഡ് താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമിതാഭ് ബച്ചന്റെ ആരാധകരുമായുള്ള കൂടിക്കാഴ്ച അധിക സുരക്ഷാ മുൻകരുതലുകളോടെയാക്കിയത്.

അതേസമയം, സുരക്ഷാ ആശങ്കകൾക്കിടയിലും ആരാധകരെ കാണുന്ന പതിവ് അമിതാഭ് ബച്ചൻ മുടക്കിയില്ല. നിലവിൽ 'കൗൻ ബനേഗാ ക്രോർപതി 18' എന്ന ക്വിസ് റിയാലിറ്റി ഷോയുടെ അവതാരകനാണ് അദ്ദേഹം. രജനികാന്തിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം 'വേട്ടയ്യൻ' ആണ് അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം.

Tags:    
News Summary - Bomb Threat Increases Jalsa Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.