സുപ്രിയ,ഉർവശി
‘ഇംഗ്ലീഷ് സംസാരിക്കുന്നത് എന്തിനാണ് അഹങ്കാരമായി കാണുന്നത്?’; ഉർവശിയുടെ പരാമർശത്തിൽ അവതാരകയെ പിന്തുണച്ച് സുപ്രിയ മേനോൻ
'ആശ' സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയുണ്ടായ വിവാദമാണ് ഇപ്പോൾ പുകയുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വേദിയിൽ വെച്ച് നടി ഉർവശിയും അവതാരക ദക്ഷ രവീന്ദ്രനാഥും തമ്മിലുണ്ടായ സംഭാഷണവും തുടർന്നുണ്ടായ ഭാഷാ തർക്കങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പരിപാടിക്കിടെ അവതാരകയോട് ഉർവശി നടത്തിയ പരാമർശവും, അതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന അനുകൂല-പ്രതികൂല പ്രതികരണങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
സംഭവത്തിൽ അവതാരക ദക്ഷ രവീന്ദ്രനാഥിന് പിന്തുണയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പും അതിന് സുപ്രിയ മേനോൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിമർശനങ്ങൾ സ്വകാര്യമായി ഉന്നയിക്കാമെങ്കിലും മറ്റുള്ളവർക്ക് നൽകേണ്ട ബഹുമാനം എപ്പോഴും പരസ്യമായിരിക്കണമെന്നും, ഒരു സാഹചര്യത്തെ ദക്ഷ രവീന്ദ്രനാഥ് കൈകാര്യം ചെയ്ത മാന്യതയും പ്രൊഫഷണലിസവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കുറിപ്പ്. സ്വന്തം നിലപാട് വ്യക്തമാക്കുന്നതിനായി ഒരിക്കലും മറ്റൊരാളുടെ തൊഴിലിനെയോ കഴിവിനെയോ ചെറുതാക്കി കാണിക്കരുതെന്നും ആ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഈ കുറിപ്പിന് താഴെ കമന്റായിട്ടാണ് പൊതുമധ്യത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനെ ചൊല്ലി മലയാളികൾ പുലർത്തുന്ന ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രിയ മേനോൻ തന്റെ നിലപാട് വ്യക്തമാക്കിയത്. വർഷങ്ങളായി താൻ നേരിട്ട അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സുപ്രിയ ഈ വിഷയത്തിൽ പ്രതികരിച്ചത്.
'ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നതിനെ ചൊല്ലിയുള്ള ഈ തുടർച്ചയായ തർക്കം എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. പൊതുമധ്യത്തിലേക്ക് ഇറങ്ങിയ കാലം മുതൽ ഇതിന്റെ പേരിൽ പലതും കേൾക്കേണ്ടി വന്ന ആളെന്ന നിലയിൽ, എനിക്ക് ഇത് എപ്പോഴും വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. നമ്മൾ നമ്മുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും കോളജുകളിലും അയച്ചാണ് പഠിപ്പിക്കുന്നത്. ജോലിക്ക് ഒരു അവസരം കിട്ടുമ്പോഴേക്കും നമ്മുടെ ആളുകൾ വിദേശത്തേക്ക് ചേക്കേറുന്നു, ലോകമെമ്പാടും വലിയൊരു പ്രവാസി സമൂഹമായി നമ്മൾ മാറുകയും ചെയ്യുന്നു.
എന്നിട്ടും, ഒരാൾ പൊതുസ്ഥലത്ത് ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അത് വലിയ അഹങ്കാരത്തിന്റെയോ ധാർഷ്ട്യത്തിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തിനാണ്? മറ്റൊരു ഭാഷയിൽ സംസാരിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മാതൃഭാഷയായ മലയാളത്തോടുള്ള സ്നേഹവും അഭിമാനവും കുറഞ്ഞുപോകുന്നത് എന്തിനാണ്? ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നു'' എന്നാണ് സുപ്രിയ കുറിച്ചത്.
വേദിയിലെത്തിയ അവതാരക ഇംഗ്ലീഷിൽ സംസാരിച്ചതോടെയാണ് ഉർവശി തന്റെതായ ശൈലിയിൽ ഇതിനെതിരെ രംഗത്തുവന്നത്. "കൊച്ചേ കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്ര വലിയ ആൾക്കാരാണ് എന്നു കരുതി ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകു വറക്കുന്നത്? മലയാളികളല്ലേ ഈ നിൽക്കുന്നവർ എല്ലാവരും. ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് ബിസിയായി വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്നെയും ഇംഗ്ലീഷിൽ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങളെന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെയൊന്ന് രക്ഷപ്പെടുത്തൂ" ഉർവശി പറഞ്ഞു.
ഉർവശിയുടെ പ്രതികരണത്തിന് പിന്നാലെ 'ഐ ആം ദി സോറി ചേച്ചി' എന്ന് അവതാരക ദക്ഷ രവീന്ദ്രനാഥ് മറുപടി നൽകി. എന്നാൽ സോറി പറയാൻ മാത്രം മോശമായിട്ടൊന്നുമില്ലെന്നും, നമ്മൾ നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, എല്ലാവർക്കും മനസ്സിലാകുമല്ലോ എന്നും ഉർവശി സ്നേഹത്തോടെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.