പരേഷ് റാവൽ

‘ഗുജറാത്ത് പാകിസ്താനിലോ ബംഗ്ലാദേശിലോ ആണോ, നമ്മുടെ രാജ്യത്തിന്റെ ഭാഗമല്ലേ’; 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദി മാറ്റിയതിനെ പിന്തുണച്ച് പരേഷ് റാവൽ

ഗുജറാത്തിലെ കെവാഡിയയിലേക്ക് (ഏകതാ നഗർ) മാറ്റിയ 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. സെപ്റ്റംബർ 22നാണ് ചടങ്ങ്. ഡൽഹിയിൽ പതിവായി നടന്നിരുന്ന പരിപാടി ഗുജറാത്തിലേക്ക് മാറ്റിയതിനെതിരെയാണ് വിമർശനം ഉയരുന്നത്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം പരേഷ് റാവൽ. ദേശീയതലത്തിലുള്ള ആഘോഷങ്ങൾ ഡൽഹിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് പരേഷ് റാവലിന്റെ പക്ഷം. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഗുജറാത്ത് പാകിസ്താനിലോ ബംഗ്ലാദേശിലോ അല്ലല്ലോ, നമ്മുടെ രാജ്യത്തിന്റെ ഭാഗം തന്നെയാണ്. ഇത്തരം പരിപാടികൾ എല്ലാ സംസ്ഥാനങ്ങളിലും നടക്കണം’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയൊരു ചടങ്ങ് തീർച്ചയായും ഗുജറാത്തിൽ നടക്കണം. രാഷ്ട്രീയം എന്നാൽ ചോദ്യങ്ങൾ ഉന്നയിക്കുക എന്നത് മാത്രമാണ്. ജനുവരി 26 ലെ പരേഡ് ഡൽഹിയിലല്ലേ നടക്കുന്നത് ? അപ്പോൾ എല്ലാ ചടങ്ങുകളും എല്ലാ സംസ്ഥാനങ്ങളിലും നടക്കണമെന്നും പരേഷ് പറയുന്നു.

ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് ഡൽഹിയിൽ നിന്ന് മാറ്റി ഗുജറാത്തിലെ കേവഡിയയിലേക്ക് മാറ്റാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം ചലച്ചിത്ര സംവിധായകൻ രാഹുൽ ധോലാകിയ രംഗത്തെത്തിയിരുന്നു. ‘ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിൽ വെച്ച് നടത്തുന്നതിനോട് എനിക്ക് പ്രത്യേക മമതയൊന്നുമില്ല. എന്നാൽ ഇത് ഗുജറാത്തിലേക്ക് മാറ്റുന്നതിനെ ഞാൻ ചോദ്യം ചെയ്യുന്നു. എന്തുകൊണ്ട് ഗുജറാത്ത്?’ ചടങ്ങ് മറ്റൊരു നഗരത്തിലേക്ക് മാറ്റുമ്പോൾ, സിനിമക്ക് യഥാർത്ഥ സംഭാവന നൽകിയ സംസ്ഥാനങ്ങൾക്ക് ആ ആദരം നൽകിക്കൂടേയെന്നാണ് എന്നാണ് രാഹുൽ ചോദിക്കുന്നത്.

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നത്. 1954ൽ ഡൽഹിയിലെ വിഗ്യാൻ ഭവനിലായിരുന്നു ആദ്യ ദേശീയ പുരസ്കാര ദാനം നടന്നത്. സർദാർ വല്ലഭഭായ് പട്ടേലിന്റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്ന എക്താനഗറിലാണ് ഈ വർഷത്തെ ചടങ്ങ് നടക്കുന്നത്. 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഇത്തവണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

ആദിത്യ സുഹാസ് ജാംഭാലെയുടെ 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ, ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവന്റെ 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും, കബീർ ഖാന്റെ 'ചന്ദു ചാമ്പ്യൻ' എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

നടനും സംവിധായകനുമായ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയപ്പോൾ, നാഗ് അശ്വന്റെ തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രം കൽക്കി 2898 എഡി മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. ധനുഷ് നായകനായ തമിഴ് ചിത്രം ക്യാപ്റ്റൻ മില്ലർ ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Paresh Rawal Defends Moving National Film Awards to Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.