'വീട്ടിൽ എല്ലാതരം സംഗീതോപകരണങ്ങളുടെയും ശേഖരമുണ്ട്, പക്ഷേ...'; സങ്കടം തുറന്ന് പറഞ്ഞ് അമിതാഭ് ബച്ചൻ
ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ നിരവധി അവിസ്മരണീയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇന്നുവരെ ഒരു സംഗീതോപകരണവും കൈകാര്യം ചെയ്യാൻ പഠിക്കാത്തതിൽ വലിയ ഖേദമുണ്ടെന്ന് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. പ്രശസ്ത ഷോയായ 'കൗൻ ബനേഗാ ക്രോർപതി 18'-ന്റെ പുതിയ എപ്പിസോഡിലാണ് താരം മത്സരാർഥിയോട് മനസ്സ് തുറന്നത്. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരു കാര്യം ചെയ്യാൻ അവസരം ലഭിച്ചാൽ ഏത് തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് താൻ ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുന്നതായിരിക്കും അതെന്ന് അദ്ദേഹം മറുപടി നൽകി.
സംഗീതം പഠിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നിട്ടും അതിന് സാധിക്കാത്തതിൽ വിഷമമുണ്ടെന്നും, പ്രശസ്തരായ ഗായകരും സിത്താർ വാദകരുമൊക്കെ മികച്ച രീതിയിൽ പ്രകടനം നടത്തുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി. വീട്ടിൽ സാധ്യമായ എല്ലാത്തരം സംഗീതോപകരണങ്ങളും ശേഖരിച്ചു വെച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എപ്പോഴെങ്കിലും അവയൊക്കെ വായിക്കാൻ പഠിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ദിവസവും ഈ സംഗീതോപകരണങ്ങളിൽ പൂമാലകൾ അണിയിച്ച് ആദരിക്കാറുണ്ടെന്നും താരം പറഞ്ഞു. എന്നാൽ തന്റെ 84-ാം വയസ്സിലും ഇവയൊന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വലിയൊരു ഖേദമായി അവശേഷിക്കുകയാണന്നും ബച്ചൻ കൂട്ടിച്ചേർത്തു.
1979-ൽ 'മിസ്റ്റർ നട്‌വർലാൽ' എന്ന ചിത്രത്തിലെ 'മേരെ പാസ് ആവോ മേരെ ദോസ്തോ' എന്ന ഗാനത്തിലൂടെയാണ് അമിതാഭ് ബച്ചൻ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് സില്സിലയിലെ രംഗ് ബർസെ, ലാവാരിസ്ലെ മേരെ അംഗനേ മേം, അമർ അക്ബർ അന്തോണിയിലെ മൈ നെയിം ഈസ് ആന്റണി ഗോൺസാൽവസ് തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. പിന്നീട് ഒരിടവേളക്ക് ശേഷം ബാഗ്ബാൻ ചിത്രത്തിലെ ഗാനങ്ങളിലൂടെയും, വാസിർ, 102 നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം തന്റെ ആലാപന മാധുര്യം പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. എന്നിരുന്നാലും ഒരു സംഗീതോപകരണം പോലും സ്വന്തമായി വായിക്കാൻ അറിയില്ലെന്ന സങ്കടം ഈ പ്രായത്തിലും താരത്തെ അലട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.