സായ് പല്ലവിക്കൊപ്പം ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു; നടക്കാതെ പോയ ഗിരീഷ് എഡി ചിത്രത്തെക്കുറിച്ച് നിവിൻ പോളി

ലയാളത്തിൽ കലക്ഷൻ റെക്കോഡുകൾ ഭേദിച്ച കോളജ് പ്രണയകഥ പറയുന്ന ചിത്രമായിരുന്നു അൽ​​ഫോൺസ് പുത്രൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രേമം. സായ് പല്ലവിയായിരുന്നു ചിത്രത്തിലെ നായിക. ഏറെക്കാലത്തിന് ശേഷം തിയറ്ററുകൾ നിറച്ച ചിത്രം കൂടിയായിരുന്നു പ്രേമം. പ്രേമത്തിലെ നായികയായ സായ് പല്ലവിയുമായി ഒരു ചിത്രം പ്ലാൻ ചെയ്തിരുന്നുവെന്ന് പറയുകയാണ് നിവിൻ പോളി.

ബെത്‌ലഹേം കുടുംബ യൂണിറ്റിന് മുൻപ് ഗിരീഷ് എ.ഡി ഈ കോംബോയിൽ ഒരു ചിത്രം പ്ലാൻ ചെയ്തിരുന്നുവെന്ന് നിവിൻ പോളി പറഞ്ഞു. ‘സായ് പല്ലവിയുടെ കൂടെ ഒരു പടം കൂടി ചെയ്യാൻ എല്ലാവരും പറയുമായിരുന്നു. ഗിരീഷ് എ.ഡിയുമായി ആദ്യത്തെ ഡിസ്കഷനിൽ സായ് പല്ലവി കൂടിയുള്ള സിനിമ ആയിരുന്നു ചെയ്യാൻ ഇരുന്നത്. പ്രൈമറി ഡിസ്കഷനിൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി-സായ് പല്ലവി സിനിമ ചെയ്യണം എന്നായിരുന്നു. സായ് പല്ലവിയും ഓക്കേ ആയിരുന്നു. പിന്നെ പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയതാണ്’ നിവിൻ പോളി പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിവിൻ പോളി ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേമത്തിലെ നിവിൻ പോളി-സായ് പല്ലവി കോംബോ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സായ് പല്ലവിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പ്രേമം. മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവി പിന്നീട് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയായി മാറി.

അതേസമയം, വമ്പൻ കലക്ഷനുമായി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് നിവിൻ പോളി -മമിത ബൈജു ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. വാഴ 2 നെ മറികടന്ന് കഴിഞ്ഞ ദിവസം ചിത്രം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കഴിഞ്ഞ വര്‍ഷം റിലീസായ സര്‍വ്വം മായ ആയിരുന്നു. മാസങ്ങളുടെ ഇടവേളക്ക് ശേഷം കരിയറിലെ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണുള്ളത്.

Tags:    
News Summary - Nivin Pauly Reveals Unmade Film With Sai Pallavi and Girish AD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.