ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന 30,000 കോടി രൂപയുടെ സ്വത്ത് തര്‍ക്കത്തില്‍ വീണ്ടും വഴിത്തിരിവ്. സഞ്ജയ് യുടെ വിൽപത്രത്തെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹത്തിന്‍റെ അമ്മ റാണി കപൂർ കരിഷ്മ കപൂറിനും അവരുടെ മക്കൾക്കുമൊപ്പം കക്ഷി ചേർന്നിരിക്കുന്നു. അമ്മയെ ഒഴിവാക്കി, എല്ലാം ഭാര്യ പ്രിയ സച്ച്‌ദേവിന് നൽകിക്കൊണ്ട് സഞ്ജയ് വിൽപത്രം എഴുതാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി റാണി വിൽപത്രത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്തു.
റാണി കപൂർ ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് ജ്യോതി സിങ്ങിന്‍റെ മുമ്പാകെ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. മകൻ സഞ്ജയ് കപൂറിന്‍റെ ഭാര്യ പ്രിയ, മകന്‍റെ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാൻ വലിയ തോതിലുള്ള വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടെന്നും റാണി ആരോപിച്ചു. തനിക്ക് എല്ലാം ലഭിച്ചത് അമ്മയിൽ നിന്നാണെന്ന് സഞ്ജയ് പരസ്യമായി സമ്മതിച്ചിരുന്നിട്ടും വിൽപത്രത്തിൽ അമ്മയുടെ പേര് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നറിഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയെന്ന് റാണിയുടെ അഭിഭാഷകൻ വാദിച്ചു.
‘അമ്മക്ക് ഒന്നും നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, കുറഞ്ഞത് വിൽപത്രത്തിൽ സഞ്ജയ് അതിനെക്കുറിച്ച് പരാമർശിക്കേണ്ടതായിരുന്നു. വിൽപത്രത്തിൽ അമ്മയെക്കുറിച്ച് ഒരു ചെറിയ സൂചന പോലുമില്ല. റാണിയുടെ ഭർത്താവ് അവർക്ക് മാത്രമായി നൽകിയ കമ്പനിയിൽ പോലും അവർക്ക് ഉടമസ്ഥാവകാശമില്ല’ അഭിഭാഷകൻ പറഞ്ഞു. സഞ്ജയ് തന്‍റെ മുഴുവൻ സ്വത്തിനും പ്രിയയെ ഏക അവകാശിയാക്കാൻ സാധ്യതയില്ല എന്ന് ഹരജിയിൽ പറയുന്നു. സഞ്ജക്ക് തന്‍റെ എല്ലാ മക്കളുമായും മനോഹരമായ ബന്ധമുണ്ടായിരുന്നു.
അദ്ദേഹത്തിന് അമ്മയോടും കപൂർ കുടുംബത്തിലെ മറ്റ് അംഗങ്ങളോടും വലിയ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു. പ്രിയ സ്വത്തുക്കളുടെ മുഴുവൻ ലിസ്റ്റും കോടതിയിൽ നൽകിയിട്ടില്ലെന്നും ആരോപിക്കപ്പെടുന്നുണ്ട്. പെയിന്‍റിങ്ങുകൾ, വാച്ചുകൾ, ബാങ്ക് ബാലൻസ്, മ്യൂച്വൽ ഫണ്ടുകൾ, ലൈഫ് ഇൻഷുറൻസ്, വാടക ഇനത്തിലുള്ള വരുമാനം എന്നിവ അവർ മറച്ചുവെച്ചു എന്നാണ് ആരോപണം. ഡിസംബർ മൂന്നിന് അടുത്ത വാദം കേൾക്കും.
2025 ജൂണ്‍ 12ന് യു.കെയിലെ വിൻഡ്‌സറിൽ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സഞ്ജയ് കപൂര്‍ അന്തരിച്ചത്. സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്ന സഞ്ജയ് കപൂറിന്റെ പേരിൽ വലിയൊരു ബിസിനസ് സാമ്രാജ്യമുണ്ടായിരുന്നു. 2003 ലായിരുന്നു സഞ്ജയ്-കരിഷ്മ വിവാഹം. 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം സഞ്ജയ് കപൂർ പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അസാരിയാസ് എന്നൊരു മകനുണ്ട്. നേരത്തെ വിവാഹമോചന സമയത്ത് കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കരിഷ്മക്കും മക്കള്‍ക്കും സഞ്ജയ് നീക്കിവെച്ചിരുന്നു.
മരണപ്പെട്ട സഞ്ജയുടെ വിൽപത്ര പ്രകാരം, സഞ്ജയ് കപൂറിന്റെ മുഴുവൻ സ്വത്തുക്കളും ഭാര്യയായ പ്രിയ സച്ച്ദേവ് കപൂറിനാണ് ലഭിക്കുക. ഈ വിൽപത്രത്തെ ചോദ്യം ചെയ്ത് സമൈറയും സഹോദരൻ കിയാനും കോടതിയെ സമീപിച്ചിരുന്നു. മരണപ്പെട്ട സഞ്ജയുടെ സ്വത്തുക്കൾ വിൽക്കുന്നതിൽ നിന്ന് പ്രിയയെ തടയണമെന്നാവശ്യപ്പെട്ട് കപൂർ സഹോദരങ്ങൾ സമർപ്പിച്ച ഇടക്കാല ഉത്തരവും കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.