ഡൈസ് ഇറേക്ക് ശേഷം കേരളം വിട്ട് പ്രണവ് മോഹൻലാൽ; രണ്ട് വർഷത്തിലൊരിക്കൽ ഒരു സിനിമ എന്ന അദ്ദേഹത്തിന്റെ പതിവ് ആരാധകർക്ക് പരിചിതമായി എന്ന് സുചിത്ര

ചലച്ചിത്ര ആസ്വാദകർക്കും സിനിമാ വ്യവസായത്തിനും ഒരുപോലെ ഒരു ദുരൂഹതയായി തുടരുകയാണ് നടൻ പ്രണവ് മോഹൻലാൽ. ആവശ്യമുള്ള സംവിധായകർക്കൊപ്പം സഹകരിക്കുക, ഷൂട്ടിങ് രഹസ്യമായി പൂർത്തിയാക്കുക, വലിയ ആരവങ്ങളില്ലാതെ അടുത്ത കാര്യങ്ങളിലേക്ക് കടന്നുപോവുക എന്നതാണ് താരത്തിന്‍റെ രീതി. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് മുതൽ അദ്ദേഹം ഈ ശൈലി നിലനിർത്തുന്നു. കഴിഞ്ഞ ആഴ്ച മികച്ച പ്രതികരണങ്ങളോടെ റിലീസ് ചെയ്ത ഹൊറർ ചിത്രം 'ഡൈസ് ഇറേ' പുറത്തിറങ്ങിയതിന് പിന്നാലെ നടൻ വീണ്ടും കേരളം വിട്ടുപോയതായാണ് റിപ്പോർട്ടുകൾ.

‘ആളുകൾ ഇപ്പോൾ അവനിൽ നിന്ന് ഇത് ശീലിച്ചു എന്ന് ഞാൻ കരുതുന്നു. അവൻ അങ്ങനെയാണെന്നും രണ്ട് വർഷത്തിലൊരിക്കൽ ഒരു സിനിമ മാത്രമേ ചെയ്യൂ എന്നും അവർക്കറിയാം. അവർ ഈ രീതിയിൽ ശീലിച്ചിരിക്കുന്നു. അവൻ എവിടെ നിന്നോ തിരിച്ചെത്തിയതേയുള്ളൂ. അതിനാൽ അടുത്ത സിനിമ എപ്പോൾ സംഭവിക്കുമെന്ന് എനിക്കറിയില്ല’. അടുത്തിടെ മകന്റെ അസാധാരണമായ പ്രവർത്തന രീതിയെക്കുറിച്ചും അദ്ദേഹത്തിന്റെ ചലച്ചിത്ര മേഖലയിലെ നീണ്ട ഇടവേളകളെക്കുറിച്ചും ചോദിച്ചപ്പോൾ സുചിത്രയുടെ മറുപടി ഇങ്ങനെയായിരുന്നു.

പ്രണവ് സ്പെയിനിലേക്ക് യാത്ര പോയി എന്നും അവിടെ ഒരു ഫാമിൽ ഭക്ഷണത്തിന് പകരമായി ജോലി ചെയ്യുകയാണെന്നുമായിരുന്നു. കുതിരകളെയും ആടുകളെയും പരിപാലിക്കുന്നത് പോലുള്ള ജോലികളാണ് പ്രണവ് ചെയ്തിരുന്നതെന്നും വർഷങ്ങൾക്ക് മുമ്പ് സുചിത്ര പറഞ്ഞിരുന്നു. മകൾ വിസ്മയ മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' എന്ന സിനിമയുടെ പൂജാ ചടങ്ങിനിടെയും സുചിത്ര മോഹൻലാൽ പ്രണവിന്‍റെ സിനിമകളെ കുറിച്ച് സംസാരിച്ചിരുന്നു.

‘ഈ വർഷം ഞങ്ങളുടെ കുടുംബത്തിന് വളരെ സവിശേഷമാണ്. ആദ്യം, എന്‍റെ ഭർത്താവിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. രണ്ടാമതായി എന്‍റെ മകൻ അഭിനയിച്ച ഒരു സിനിമ തിയറ്ററുകളിൽ വരുന്നു. ഇപ്പോഴിതാ മകളും സിനിമ അരങ്ങേറ്റം കുറിക്കുന്നു. അവൻ എല്ലാ സമയത്തും സിനിമകൾ ചെയ്യുകയാണെങ്കിൽ അതിൽ ഒരു പ്രത്യേകതയുമില്ല. എന്നാൽ അവന്‍റെ കാര്യത്തിൽ രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രമേ അവൻ ഒരു സിനിമ ചെയ്യൂ. അതിനാൽ അവൻ ഒരു സിനിമയുമായി വരുമ്പോൾ അത് ഏകദേശം എല്ലാ വർഷവും ഒരു ആദ്യ സിനിമ പോലെയാണ്. ഇത് എനിക്ക് വളരെ സവിശേഷമാണ്’ എന്നാണ് സുചിത്ര പറഞ്ഞത്.

മകൻ പ്രണവ് മോഹൻലാലിന്റെ അസാധാരണമായ ജീവിത തിരഞ്ഞെടുപ്പുകളെയും കരിയർ പാതയെയും കുറിച്ച് മോഹൻലാൽ സംസാരിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന്റെ പ്രായത്തിൽ കാമറക്ക് മുന്നിൽ എപ്പോഴും ഇരിക്കാതെ ചുറ്റിനടക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. സാധ്യമായിരുന്നെങ്കിൽ ഞാനും അങ്ങനെ ലോകത്തിൽ അലഞ്ഞുനടക്കുമായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. അദ്ദേഹം ധാരാളം യാത്ര ചെയ്യുന്നു. സ്വതന്ത്ര ജീവിതം നയിക്കുന്നു, ഇടക്കിടെ സിനിമകളും ചെയ്യുന്നു. ആ ഇടം ഞാൻ സ്വപ്നം കണ്ടിരുന്നു.

Tags:    
News Summary - Suchitra says about Pranav Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.